‘തുറമുഖം’ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിൽ സജീവമാകുകയാണ് നടിയും അവതാരകയുമായ പൂർണിമ ഇന്ദ്രജിത്ത്. ജൂൺ 10നാണ് ‘തുറമുഖം’ തിയേറ്ററുകളിലെത്തുന്നത്. ‘തുറമുഖ’ത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ സുപ്രിയയെ കുറിച്ച് പൂർണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സുപ്രിയയുടെ സ്ഥിരോത്സാഹവും അടുക്കോടെയും ചിട്ടയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കഴിവും തന്നെ ആകർഷിച്ചിട്ടുണ്ടെന്നാണ് പൂർണിമ പറയുന്നത്. സുപ്രിയയിൽ നിന്നും കൈകൊള്ളാൻ ആഗ്രഹിക്കുന്ന ഒരു ഗുണം എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പൂർണിമ.

“സുപ്രിയയുടെ സ്ഥിരോത്സാഹം. സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ ചെയ്ത്, കഠിനാധ്വാനം ചെയ്ത് സുപ്രിയ ലക്ഷ്യങ്ങളിലേക്കെത്തും. അത് കുടുംബജീവിതമായാലും എന്തായാലും മനോഹരമായി കൈകാര്യം ചെയ്യാൻ അറിയാം. പിന്നെ, രാജുവിനെ പോലൊരു സ്റ്റാറിനെ വിവാഹം കഴിച്ചതിന്റെതായൊരു വെയ്റ്റേജും ഭയങ്കരമായിട്ടുണ്ടല്ലോ. എല്ലാ ദിവസവും ഹാൻഡിൽ ചെയ്യേണ്ട ഒന്നാണല്ലോ അത്. കാണുമ്പോൾ ശരിയാണ്, അതൊരു പ്രിവിലേജ് ആണ്, ലക്ഷ്വറിയാണ്. പക്ഷേ അതൊട്ടും ഈസിയല്ല, അതിനൊപ്പമുള്ള പോരാട്ടങ്ങളുണ്ട്. അവനവന്റെ ഐഡന്റിറ്റി അതിനൊപ്പം പോവും. ആദ്യകാലങ്ങളിൽ നല്ല സംഘർഷമുണ്ടായിരുന്നു സുപ്രിയയ്ക്ക്. ഒരു തരത്തിലൊരു പറിച്ചുനടലായിരുന്നു അത്, ബോംബെയിൽ നിന്നും ഇങ്ങോട്ട് വരുന്നു. ഇതല്ലായിരുന്നു സുപ്രിയയുടെ ലോകം. പക്ഷേ മനോഹരമായാണ് സുപ്രിയ എല്ലാം കൈകാര്യം ചെയ്തത്, കാര്യങ്ങൾ ശരിയാക്കിയെടുത്തത്. അതു നന്നായി ചെയ്തുകൊണ്ടാണല്ലോ നിങ്ങൾ ഇപ്പോൾ ഈ ചോദ്യം പോലും ചോദിക്കുന്നത്, അല്ലേ?” പൂർണിമ പറയുന്നു.
ബിബിസിയടക്കമുള്ള മാധ്യമങ്ങളിൽ ജേർണലിസ്റ്റായി പ്രവർത്തിച്ച സുപ്രിയ ഇടയ്ക്ക് കരിയറിൽ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ സിനിമാനിർമാണരംഗത്ത് സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെയെല്ലാം മേൽനോട്ടം സുപ്രിയയ്ക്കാണ്.