കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജയറാമിന്റെ മകന് കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം പൂമരം മാര്‍ച്ച് ഒമ്പതുകള്ക്ക് തിയേറ്ററുകളിലെത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാലിതാ പുതിയ അറിയിപ്പുമായി കാളിദാസ് എത്തിയിരിക്കുന്നു. ചിത്രം മാര്‍ച്ച് ഒമ്പതിന് തിയേറ്ററില്‍ എത്തില്ല.
‘Dear Friends
ചില ടെക്നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് ‘ചെറുതായിട്ട് ‘ ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം.
(വളരെ കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ),’ കാളിദാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിവിന്‍ പോളി നായകനായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തേ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.
പൂമരത്തിന്റെ റിലീസ് തീയതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്കവേ ചിത്രം ഉടനെ എത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.
“ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കിൽ “എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ” എന്നായിരുന്നു കാളിദാസിന്റെ അന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്.