കാളിദാസ് ജയറാം അഭിനയിച്ച പൂമരത്തിലെ ഞാനും ഞാനുമെന്റാളും… എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്‌തപ്പോൾ മുതൽ ട്രെൻഡിങ് ലിസ്‌റ്റിലായിരുന്നു. ഗാനം ഇറങ്ങിയ അന്ന് മുതൽ അടുത്ത കാലത്തെങ്ങും ഒരു ഗാനത്തിനു ലഭിക്കാത്തത്ര സ്വീകാര്യതയും ഇതിന് ലഭിച്ചിരുന്നു. കേരളമാകെ ആ ഗാനം ഏറ്റുപാടി. കാളിദാസിന്റെ ആദ്യ മലയാള ചിത്രത്തിലെ പാട്ടിനെ ട്രോളന്മാരും വെറുതെ വിട്ടില്ല. യൂട്യൂബ് വ്യൂസ് ഒന്നരക്കോടിയോട് അടുക്കുമ്പോൾ ഇതാ പൂമരത്തിന്റെ മറ്റൊരു വേർഷൻ ഇറങ്ങിയിരിക്കുന്നു. പൂമരത്തിന്റെ ഈണത്തിലുളള കൊങ്കിണി ഗാനം ഇപ്പോൾ വാട്‌സാപ്പിൽ വൈറലാവുകയാണ്. ചാലീസ് വോർഷ ഫുല്ല റൂങ്ക് എന്നു പേരിട്ടിരിക്കുന്ന വിഡിയോ 40 വയസ്സുളള പൂമരത്തെക്കുറിച്ചാണ് പറയുന്നത്.

കൊങ്കിണി ഭാഷയിലുളള ഗാനത്തിന്റെ വരികളും ചുവടെ കൊടുത്തിട്ടുണ്ട്. പൂമരത്തിലെ ഗാനത്തിൽ കാണിക്കുന്ന അതേ രംഗത്തിന്റെ പുനരാവിഷ്‌കാരമാണ് ഈ ഗാനത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ഗുണങ്ങളുമുളള അവിവാഹിതനായ ഒരു യുവാവിന്റെ കഥയാണ് ഇതിൽ പറയുന്നത്. ജാതകം നോക്കി അതുകൊണ്ട് യുവാവും അച്‌ഛനും കൂടി നാട്ടിൽ മുഴുവനും കല്യാണം ആലോചിക്കാൻ അലയുകയാണ്. വീടും കാറും വിദ്യാഭ്യാസവും ബാങ്കിലെ ജോലിയും എല്ലാമുണ്ടായിട്ടും വിവാഹം കഴിക്കാൻ പെൺകുട്ടിയെ കിട്ടാത്തതെന്താണെന്ന് യുവാവ് ചോദിക്കുന്നു. ഗാനത്തിന് ദൃശ്യാവിഷ്‌കാരവും നൽകിയിട്ടുണ്ട്.

poomaram konkani

പൂമരത്തിന്റെ കൊങ്കിണി ഗാനത്തിന്റെ അണിയറ പ്രവർത്തകർ

പൂമരത്തിന്റെ ഈ കൊങ്കിണി ഗാനം ഇറക്കിയതിന്റെ പിന്നില്‍ കൊങ്കിണി ഭാഷയുടെ പ്രചരണമാണെന്ന് വിഡിയോയുടെ പുറകിൽ പ്രവർത്തിച്ച ചന്ദ്രബാബു യു.ഷെട്ടി പറഞ്ഞു. ഇത് ട്രെയിലർ മാത്രമാണെന്നും മുഴുനീള വിഡിയോ ഇറക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. വിഡിയോയുടെ അണിയറയിൽ മുഴുവനും എറണാകുളം സ്വദേശികളായ കൊങ്കിണികളാണ് പ്രവർത്തിച്ചിരിക്കുന്നത്. വിഡിയോയുടെ ആശയവും സംവിധാനവും വരികളും പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രബാബു യു.ഷെട്ടിയുടേതാണ്. പ്രകാശ് ബാബു പാടിയിരിക്കുന്ന ഗാനത്തിന് കോർഡിനേഷൻ നിർവഹിച്ചിരിക്കുന്നത് സന്ദീപ് എൻ.വെങ്കിടേഷാണ്. രൂപേഷ് സി രാമചന്ദ്രൻ, ഭാനുപ്രകാശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഗണേഷ് ഷെട്ടി, ഡിമ്പ്ലൂസ്, സൂരജ്, സലേഷ് എന്നിവരാണ് കാമറ ചലിപ്പച്ചത്. സുധീഷ് സുബ്രമണ്യൻ ഗിത്താർ വായിച്ചിരിക്കുന്നു. ഗണേഷ് ഷെട്ടിയും അൻഷദ് അപ്പുക്കുട്ടനുമാണ് മൂന്ന് മിനുട്ട് 39 സെക്കന്റുളള വിഡിയോ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ