പ്രേമത്തിലെ മേരിക്കും, അഡാര്‍ ലൗവിലെ പ്രിയാ വാര്യര്‍ക്കും ശേഷം സോഷ്യല്‍ മീഡിയ മറ്റൊരു പുതുമുഖ താരത്തെക്കൂടി തിരഞ്ഞു തുടങ്ങിയിരിക്കുന്നു. പൂമരം കണ്ടിറങ്ങിയവരെല്ലാം ആദ്യം അന്വേഷിച്ചത് സെന്റ് തെരേസാസ് കോളേജിന്റെ ആ പുലിക്കുട്ടിയെ ആണ്. കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഐറിന് എന്ന കഥാപാത്രമായി സ്ക്രീനില്‍ തിളങ്ങിയ പുതുമുഖത്തെ. നീതാ പിളള എന്നാണ് ആ ചുണക്കുട്ടിയുടെ പേര്.

തന്റെ കോളേജിന്റെ അഭിമാനം കാക്കാന്‍ അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി നേടുന്ന ആ കപ്പ് ഇവിടുന്ന് കൊണ്ടു പോകുന്നതു പോലെ തിരിച്ചെത്തിക്കും എന്ന വാശിയോടെയാണ് നീതയും കൂട്ടുകാരും കലോത്സവത്തിന് കച്ചകെട്ടുന്നത്. ഒരു യഥാര്‍ത്ഥ നേതാവ് എങ്ങനെയായിരിക്കണമെന്ന് സംസാരത്തിലും പ്രവൃത്തിയിലും ശരീരഭാഷയില്‍ പോലും ഈ കഥാപാത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്. കലോത്സവത്തിന്റെ മുഴുവന്‍ വീറും വാശിയും, സ്നേഹവും സൗഹൃദവും ഒത്തൊരുമയുമെല്ലാം ഭംഗിയായി അവതരിപ്പിച്ചു നീതയും കൂട്ടുകാരും ഇടതടവില്ലാത്ത കൈയ്യടി നേടി, ആദ്യ പ്രദര്‍ശനത്തില്‍ തന്നെ.
കാളിദാസന്റെ ഗൗതമിനെ ഒരല്പം കാല്പനിക ചേര്‍ത്താണ് എബ്രിഡ് ഷൈന്‍ അവതരിപ്പിച്ചതെങ്കില്‍, ഐറിന് ഇന്നിന്റെ കലോത്സവക്കാഴ്ചയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കപ്പ് വാങ്ങിയേ തിരിച്ചുവരൂ എന്ന് ആദ്യ രംഗത്തുതന്നെ ഐറിന് ഉറപ്പു തരികയാണ്. അഭിനയവും ഡയലോഗ് ഡെലിവറിയും വളരെ മനോഹരമാക്കിയിട്ടുണ്ട് ഈ പുതുമുഖ നായിക. ഐറിന് എത്തരത്തിലൊരു പെണ്‍കുട്ടിയാണ് എന്നത് വളരെ കൃത്യമായി പ്രേക്ഷകനോട് സംവദിക്കാന്‍ തുടക്കത്തില്‍ തന്നെ നീതയ്ക്ക് കഴിയുന്നുണ്ട്. ഓരോ തവണയും സുഹൃത്തുക്കള്‍ക്ക് ആ പെണ്‍കുട്ടി ഊര്‍ജം നല്കുമ്പോഴും, അത് പ്രേക്ഷകരിലേക്കു കൂടി എത്തുന്നുണ്ട് എന്നതു തന്നെയാണ് ആ കഥാപാത്രത്തിന്റെയും അഭിനേതാവിന്റേയും വിജയം.
Read More: പൂമരം പൂത്തു, ഇനി അല്‍ഫോന്‍സ് പുത്രന്റെ തമിഴ് സിനിമയില്‍: കാളിദാസ് ജയറാം
Read More: പ്രതീക്ഷയുടെ ‘പൂമരം’
2015ല്‍ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്ന നീത, അമേരിക്കയിലെ തന്നെ ലൂയിസിയാന സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിയായിരുന്നു. എറണാകുളം സ്വദേശിയായ അവര്‍ ബെംഗളൂരുവിൽ എൻജിനീയറിങ് പഠനം കഴിഞ്ഞു പെട്രോളിയം എൻജിനീയറിങ്ങിൽ ഉപരിപഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്.
ഇന്ത്യയിലായിരുന്നെങ്കില്‍ മിസ് ബോളിവുഡ് പേജന്റില്‍ പങ്കെടുക്കാനാവില്ലായിരുന്നുവെന്നും പേജന്റില്‍ പങ്കെടുത്ത അനുഭവം തനിക്കു ഒരുപാട് ആത്മവിശ്വാസം നേടിത്തന്നുവെന്നും നീത പറഞ്ഞിരുന്നു. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുന്നത് വളരെ ഇഷ്ടപ്പെടുന്നുവെന്നും ഒറ്റയ്ക്കുള്ള താമസവും ജീവിതവുമെല്ലാം തന്നെ സ്വതന്ത്രയും ധീരയുമാക്കി മാറ്റി എന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ആദ്യ സിനിമയില്‍ തന്നെ ഇത്രയേറെ ശ്രദ്ധ പിടിച്ചു പറ്റിയ നീത മലയാളത്തിനു ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. കൂടുതല്‍ പരിചയപ്പെടല്‍, അഭിമുഖം തുടങ്ങിയവ സിനിമയുടെ പ്രോമോഷന്റെ ഭാഗമായിട്ടായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാവുക എന്നും അവര്‍ അറിയിച്ചു.
ചിത്രങ്ങള്‍: ഫേസ്ബുക്ക്