നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന  ‘പൂമരം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തുടക്കത്തില്‍ ഗാനങ്ങളിലൂടെയാണ് ‘പൂമരം’ ശ്രദ്ധിക്കപ്പെട്ടതെങ്കിൽ പിന്നീടത് ട്രോളുകളിലൂടെയായിരുന്നു. റിലീസ് തീയതി പലതവണ മാറ്റിവച്ചതിന്റെ പേരില്‍ ഒരു സിനിമയും ഇത്രയധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. എന്നാല്‍ നായകന്‍ ഇതിനോടെല്ലാം പോസിറ്റീവായി പ്രതികരിച്ചത് തന്റെ തുടക്ക ചിത്രത്തില്‍ അയാള്‍ക്കുള്ള വിശ്വാസംകൊണ്ടു തന്നെയായിരിക്കാം.

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘1983’, ‘ആക്ഷന്‍ ഹീറോ ബിജു’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രമാണ് ‘പൂമരം’. ‘1983’ല്‍ ക്രിക്കറ്റിലൂടെ പ്രേക്ഷകരില്‍ ഗൃഹാതുരത്വമുണര്‍ത്തിയ സംവിധായകന്‍ ഇത്തവണ ക്യാമ്പസും കലോത്സവവുമാണ് അതിനായി ഉപയോഗിച്ചിരിക്കുന്നത്. അടുത്തകാലത്ത് മലയാളത്തിലിറങ്ങിയ ക്യാമ്പസ് ചിത്രങ്ങളില്‍ ഏറെക്കുറെ റിയലിസ്റ്റിക് ആയ ചിത്രം എന്നു ‘പൂമര’ത്തെ വിശേഷിപ്പിക്കാം. അഞ്ചുദിവസത്തെ യൂണിവേഴ്‌സിറ്റി കലോത്സവത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പ്രത്യേകിച്ചൊരു കഥയില്ലെങ്കിലും ‘പൂമര’ത്തിന് പറയാന്‍ ഒരു കാര്യമുണ്ട്. സിനിമ എന്ന കലയിലൂടെ മറ്റനേകം കലാരൂപകങ്ങളെ ഈ ചിത്രം നമുക്ക് മുമ്പില്‍ എത്തിക്കുന്നുണ്ട്.

Read More: ഇവളാണിവളാണ്‌… കാളിദാസന്‍റെ ‘പൂമര’ത്തിലെ പുലിക്കുട്ടി

എറണാകുളത്തെ മഹാരാജാസ് കോളേജും, സെന്റ് തെരേസസ് കോളേജും തമ്മിലുള്ള കലോത്സവക്കപ്പിനുള്ള മത്സരവും, കലോത്സവങ്ങളുടെ തുടക്ക കാലങ്ങളുമെല്ലാം മടുപ്പിക്കാത്ത രീതിയില്‍ ഗൃഹാതുരത ചേര്‍ത്താണ് എബ്രിഡ് ഷൈന്‍ നമുക്ക് മുന്നിലേക്ക് വിളമ്പുന്നത്. അടുത്തിറങ്ങിയ ക്യാമ്പസ് ചിത്രങ്ങളായ ‘പ്രേമ’മോ, ‘ക്വീനോ’ ഒന്നും പോലെ യൂത്തിന്റെ ആഘോഷങ്ങളിലേക്കല്ല ‘പൂമരം’ ക്യാമറ തിരിക്കുന്നത്. ഇതില്‍ കലയുണ്ട്, കവിതയുണ്ട്, ജീവിതമുണ്ട്. കല കാഴ്ചയ്ക്കു മാത്രമല്ല, ഉള്‍ക്കാഴ്ചയ്ക്കുകൂടിയാണ് എന്നാണ് ‘പൂമരം’ പറയുന്നത്. നാലുപാട്ടുകള്‍ ചേര്‍ത്തുവച്ച ആദ്യ പകുതി ഒരു വിഭാഗം പ്രേക്ഷരെ ബോറടിപ്പിക്കാന്‍ സാധ്യതയുണ്ട്. കവിതകളോട് താത്പര്യമില്ലാത്തവരെ പ്രത്യേകിച്ചും. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ പ്രേക്ഷകരേയും കലോത്സവക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ സംവിധായകന് കഴിയുന്നുണ്ട്.

കാളിദാസ് ജയറാം എന്ന നടന് ഏറെ അഭിനയ സാധ്യതകളുള്ള ചിത്രമല്ല ‘പൂമരം.’ ഈ ചിത്രം പൂര്‍ണമായും സംവിധായകന്റേതു തന്നെയാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഇതിലെ നായകനും നായികയുമൊക്കെയാണ്. മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനായ ഗൗതം എന്ന കഥാപാത്രം കാളിദാസ് മനോഹരമാക്കിയപ്പോള്‍, കൂടെയുള്ള ഓരോരുത്തരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ഡബ്ബിങ്ങിലെ ചെറിയ ചേര്‍ച്ചക്കുറവും, ഡയലോഗ് ഡെലിവറിയില്‍ അനുഭവപ്പെടുന്ന കൃത്രിമത്വവും തുടക്കത്തില്‍ ഒരല്‍പം അരോചകമായി തോന്നിയേക്കാം.

Read More: പൂമരം പൂത്തു, ഇനി അല്‍ഫോന്‍സ്‌ പുത്രന്‍റെ തമിഴ് സിനിമയില്‍: കാളിദാസ് ജയറാം

ബാലതാരമായി അരങ്ങേറ്റം കുറിച്ച് ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടിയ കാളിദാസ് മറ്റൊരു താരപുത്രനുമില്ലാത്ത പ്രതീക്ഷയുടെ ഭാരവും ചുമലിലേറ്റിയാണ് നായകനായി തുടക്കമിടുന്നത്.  ഒരു നായകനുണ്ടാകേണ്ടതെന്നു കരുതപ്പെടുന്ന സ്ക്രീൻ സ്പേസും കാളിദാസിന് ഈ ചിത്രത്തിൽ ഇല്ല. അതുകൊണ്ടുതന്നെ  ‘പൂമരം’ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി, കാളിദാസ് എന്ന നടനെ ഒരിക്കലും വിലയിരുത്താനാകില്ല. എടുത്തു പറയേണ്ട പെര്‍ഫോമന്‍സ് സെന്റ് തെരേസസ് കോളേജിലെ വിദ്യാര്‍ത്ഥികളായി അഭിനയിച്ച പെണ്‍കുട്ടികളുടേതാണ്. കലോത്സവത്തിന്റെ മുഴുവന്‍ സ്പിരിറ്റും ഉള്‍ക്കൊണ്ടു ജീവിക്കുകയായിരുന്നു അവര്‍.

ജോജു ജോർജിന്റെ ദയ സ്വരൂപ് എന്ന പൊലീസുകാരനും, പൊലീസ് സ്റ്റേഷനിലെ രംഗങ്ങളും പലപ്പോഴും ‘ആക്ഷൻ ഹീറോ ബിജു’വിനെ ഓർമ്മിപ്പിച്ചു. എങ്കിലും ബോറാക്കിയില്ല.

കഥയല്ല, പാട്ടുകളാണ് ‘പൂമര’ത്തിന്റെ ഹൈലൈറ്റ്. ഇത്രയധികം പാട്ടുകളോടെ അടുത്തകാലത്തൊരു മുഖ്യധാരാ ചിത്രവും മലയാളത്തിൽ ഇറങ്ങിയിട്ടില്ല.  പാട്ടുകൾ എത്തരത്തിൽ സ്വീകരിക്കപ്പെടാമെന്ന ചോദ്യത്തിനുള്ള മറുപടി വരും ദിവസങ്ങളിൽ അറിയാം.  പാട്ടുകളുടെ എണ്ണം കൂടിയപ്പോൾ ചിത്രം കുറച്ചു വലിച്ചുനീട്ടലായോ എന്നു സംശയിച്ചാൽ തെറ്റു പറയാനാകില്ല. ‘ഞാനും ഞാനുമെന്റാളും’, ‘കടവത്തൊരു തോണി’ എന്നീ ഗാനങ്ങള്‍ നേരത്തേ തന്നെ  പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു. ചിത്ര പാടിയ മനോഹരമായ പ്രണയഗാനവും വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ കൈയ്യടി നേടുമെന്നു പ്രതീക്ഷിക്കാം.

പത്തോളം പാട്ടുകളുള്ള ‘പൂമര’ത്തില്‍, ക്ലൈമാക്‌സില്‍ ഗോപി സുന്ദര്‍ ഈണമിട്ട ഗാനം വേറിട്ടൊരു ഫീല്‍ ചിത്രത്തിന് നല്‍കുന്നുണ്ട്. ജ്ഞാനത്തിന്റെ മനോഹരമായ ഫ്രെയിമുകള്‍ പാട്ടുകളെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന മീരാ ജാസ്മിന്‍ കലോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കലയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അത് കലാകാരന്റെ മാത്രമല്ല, കാഴ്ചക്കാരന്റേതു കൂടിയാണെന്നും, കലാസൃഷ്ടികള്‍ക്ക് കാഴ്ചക്കാരില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്നും മീര പറയുന്നു. അതിഥി താരമായാണെങ്കിലും, ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിനെ ബിഗ് സ്ക്രീനിൽ കാണുന്നതിന്റെ സന്തോഷം കൂടിയാണ് പൂമരം.

രാഷ്ട്രീയമുള്ള ചിത്രം തന്നെയാണ് ‘പൂമരം’. ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ പൊളിറ്റിക്കൽ കറക്ടനെസ്സിന്റെ പേരിൽ ഏറെ പഴികേട്ട എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ പ്രതീക്ഷ തരുന്നൊരു മാറ്റം, ഒരു തിരുത്ത് എന്നൊക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.  ‘ഇനിയൊരു കാലത്തേക്കൊരു പൂ വളര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഒരു മരം നട്ടു,’ എന്ന തുടക്കത്തിലെ കവിതയുടെ വരികള്‍ പോലെ, പൂമരം കണ്ടിറങ്ങുമ്പോള്‍ ഉള്ളിലൊരു പ്രതീക്ഷയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook