കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴിലെ ഇതിഹാസ നോവല്‍ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘പൊന്നിയില്‍ സെല്‍വന്‍ ‘. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നതെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കൊണ്ട് ആരാധക ശ്രദ്ധ നേടിയെടുക്കാന്‍ ചിത്രത്തിനു കഴിഞ്ഞു. അഭിനേതാക്കള്‍ തങ്ങളുടെ പേജുകളില്‍ ഷെയര്‍ ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട ഫൊട്ടൊകളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് വൈറലാകുന്നത്.
നടന്‍ കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഇങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാന്‍ ഒരു അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നം, നടന്മാരായ വിക്രം, ജയം രവി, നടി തൃഷ എന്നിവരെയും ചിത്രങ്ങളില്‍ കാണാനാകും. ചിത്രത്തിന്റെ പ്രചരണത്തിനായി സംഘം കേരളത്തിലേയ്ക്കുളള യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ഫൊട്ടൊകളാണിവ.
തിരുവനന്തപുരം നിശാഗന്ധിയിലാണ് ചിത്രത്തിന്റെ കേരള ലോഞ്ച് അരങ്ങേറുന്നത്. വിമാനതാവളത്തിലെത്തിയ സംഘത്തിനു വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.
മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ ‘ പൊന്നിയിന്‍ സെല്‍വനു’ വേണ്ടി സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാനാണ്. കാര്‍ത്തി, വിക്രം, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ റായ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.