മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ: 1 എല്ലാ ആഭ്യന്തര, അന്തർദേശീയ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തു മുന്നേറുകയാണ്. കമൽഹാസന്റെ വിക്രമിനെ മറികടന്ന് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുന്ന പൊന്നിയിൻ സെൽവൻ 200 കോടിയാണ് ഇതിനകം തമിഴ്നാട്ടിൽ നിന്നുമാത്രം കളക്റ്റ് ചെയ്തത്.
ട്രേഡ് എക്സ്പേർട്ടായ മനോബാല വിജയബാലൻ പറയുന്നതനുസരിച്ച്, ചിത്രം 17 ദിവസം പിന്നിടുമ്പോൾ പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ്, ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 450 കോടിയെന്ന ഭീമൻ കളക്ഷനിലേക്ക് കുതിക്കുകയാണ്.
“പൊന്നിയിൻ സെൽവൻ, റിലീസിനെത്തിയിട്ട് ഇന്നേക്ക് 17 ദിവസം, തമിഴ് നാട് ബോക്സ് ഓഫീസിൽ നിന്നും 200 കോടി കളക്റ്റ് ചെയ്തു. കോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു ഗംഭീരനേട്ടം ഒരു തമിഴ് ചിത്രം കൈവരിക്കുന്നത്,” മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു.
ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയുടെ അഭിപ്രായത്തിൽ, മുതിർന്ന പൗരന്മാരെയും തിയേറ്ററുകളിലേക്ക് എത്തിക്കാൻ പൊന്നിയിൻ സെൽവന് കഴിഞ്ഞു. അതാണ് മൂന്നാമത്തെ ആഴ്ചയിലും ചിത്രത്തിന് സ്ഥിരമായ ബിസിനസ്സ് ഉറപ്പാക്കുന്ന ഘടകമെന്ന് ശ്രീധർ പിള്ള പറയുന്നു.
“മറ്റ് സംസ്ഥാനങ്ങളിൽ ചിത്രത്തോടുള്ള ആവേശം തണുത്തെങ്കിലും മൂന്നാം വാരാന്ത്യത്തിലും പൊന്നിയിൻ സെൽവൻ തമിഴ്‌നാട്ടിൽ ശക്തമായി മുന്നേറുന്നു. മുതിർന്ന പൗരന്മാർ കൂടുതലായി തിയേറ്ററുകളിലേക്ക് എത്തിയതും കുടുംബപ്രേക്ഷകരുടെ വലിയ സാന്നിധ്യവും തമിഴ്നാട്ടിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ മാറാൻ കാരണമായി,” ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച പൊന്നിയിൻ സെൽവൻ 1 സെപ്റ്റംബർ 30നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ നിന്നും 22 കോടിയിലധികം ചിത്രം കളക്ഷൻ നേടിയിരുന്നു. ലോകമെമ്പാടുമുള്ള ആദ്യ ദിനത്തിലെ ഗ്രോസ് ഏകദേശം 80 കോടി രൂപയായിരുന്നു.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ രാജാവായി അരുൾമൊഴി വർമ്മൻ അഥവാ രാജ രാജ ചോളൻ കയറിയതിന്റെ സാങ്കൽപ്പിക വിവരണമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023ൽ എത്തുമെന്നാണ് അണിയറപ്രവത്തകർ പറയുന്നത്.