മണിരത്‌നത്തിന്റെ ഇതിഹാസചിത്രം ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 250 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം 122.25 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. എന്നാൽ പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗത്തെ വച്ചുനോക്കുമ്പോൾ രണ്ടാം ഭാഗത്തിന്റെ ഇനീഷ്യൽ കളക്ഷൻ പിന്നിലാണ്. ആദ്യഭാഗം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും 500 കോടി രൂപയോളം നേടിയിരുന്നു. ഇതിനെ മറികടക്കാൻ രണ്ടാം ഭാഗത്തിനു കഴിയുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
മണിരത്‌നത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പങ്കുവച്ചത്. “ആദ്യ വാരാന്ത്യത്തിൽ 3.5 മില്യൺ ഡോളറിലധികം നേടി! സ്നേഹത്തിന് നന്ദി! #PS2 യുഎസ് വാരാന്ത്യ ബോക്‌സ് ഓഫീസിൽ 8-ാം സ്ഥാനത്തെത്തി!”
കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചോള രാജ്യത്തിലെ ചക്രവര്‍ത്തിയായ സുന്ദര ചോളന്റെയും മക്കളായ ആദിത്യ കരികാലന്‍, കുന്ദവി, ഇളയ മകന്‍ അരുള്‍ മൊഴി വര്‍മന്‍ എന്നിവരിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായ്, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തിയത്. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുക്കിയിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വൻതുകയ്ക്കാണ് ആമസോൺ ആദ്യ ഭാഗത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ ആമസോണോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ പ്രഖ്യാപിച്ചിട്ടില്ല.