Ponniyin Selvan 1 Full Movie Leaked Online by Tamilrockers: റിലീസ് ദിവസം തന്നെ പൊന്നിയിൻ സെൽവനെയും റാഞ്ചിയിരിക്കുകയാണ് തമിഴ് റോക്കേഴ്സ്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ പ്രിന്റുകൾ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മറ്റു ചില പൈറസി വെബ്സൈറ്റുകളിലും ചിത്രത്തിന്റെ പ്രിന്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുക്കിയത്.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.