ഇരു വൃക്കകളും തകർന്ന മകന്റെ ചികിത്സയ്ക്ക് സഹായിക്കണം എന്ന അപേക്ഷയുമായി നടി സേതുലക്ഷ്മി ഫെയ്സ്ബുക്ക് ലൈവിൽ വന്നതിനുപിന്നാലെ നിരവധി പേർ സഹായം വാഗ്‌ദാനം ചെയ്തെത്തി. ഇക്കൂട്ടത്തിൽ നടി പൊന്നമ്മ ബാബുവും ഉണ്ടായിരുന്നു. സാമ്പത്തിക സഹായമല്ല, തന്റെ ഒരു വൃക്ക തന്നെ നൽകാമെന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്.
‘പൊന്നമ്മ എനിക്ക് മകളെ പോലെയാണ്. വല്യ സ്‌നേഹമാണ് എന്നോട്. കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞു, ‘ചേച്ചി, എന്റെ മക്കളെ ഒക്കെ വിവാഹം കഴിപ്പിച്ചു, മകന്റെ കല്യാണവും പറഞ്ഞു. എനിക്കിന് വല്യ പ്രാരാബ്ധങ്ങളൊന്നും ഇല്ല. രണ്ടുവൃക്കയുണ്ട്. എനിക്ക് ജീവിക്കാന്‍ ഒരു വൃക്കയുടെ ആവശ്യമല്ലേയുള്ളൂ. ഒന്ന് കിഷോറിന് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയില്ല. എന്റെ രക്ത ഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്,’ എന്ന്. പാതി ജീവന്‍ ആണ് എന്റെ മകന് നല്‍കാമെന്ന് പൊന്നമ്മ പറഞ്ഞത്,’ സേതുലക്ഷ്മിയമ്മ ഇന്ത്യൻ എക്സ്പ്രസ് മലയാാളത്തോട് പറഞ്ഞത് ഇതായിരുന്നു.
എന്നാൽ സേതുലക്ഷ്മിയുടെ മകന് വൃക്കദാനം ചെയ്യാൻ പൊന്നമ്മ ബാബുവിന് കഴിയില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വൃക്ക ദാനം ചെയ്യാൻ പറ്റില്ലെന്ന് പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ പറഞ്ഞതായി മനോരമ ന്യൂസ് ഡോട് കോമിനോട് പൊന്നമ്മ ബാബു പറഞ്ഞു. വൃക്ക ദാനം ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ അതിന് തയ്യാറായി ഒരു ചെറുപ്പക്കാരൻ എത്തിയിട്ടുണ്ടെന്നും പൊന്നമ്മ ബാബു അഭിമുഖത്തിൽ വ്യക്തമാക്കി.
Read: മകന്റെ ജീവന്‍ നിങ്ങളുടെ കൈകളിലാണ്; അപേക്ഷയുമായി സേതുലക്ഷ്മിയമ്മ
”ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. തിരുവനന്തപുരത്ത് വച്ചാകും ശസ്ത്രക്രിയ. എല്ലാത്തിനും ഞാൻ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. വൃക്ക ദാനത്തിന് സമ്മതമാണെന്ന് ചേച്ചിയുടെ ചെവിയിൽ പറഞ്ഞതാണ്. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. പ്രശസ്തിക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങളിൽ വിഷമമില്ല. ഞാനെന്റെ മക്കളോടോ ഭര്‍ത്താവിനോടോ ഒന്നും ചോദിക്കാതെയാണ് ചേച്ചിയെ വിളിച്ചു സഹായിക്കാമെന്നു പറയുന്നത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാൻ മുന്നോട്ടുവന്നില്ല. ഞാനെന്താണു പറഞ്ഞത്, എന്താണു ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാം,” മനോരമ ന്യൂസ് ഡോട് കോമിനോട് പൊന്നമ്മ ബാബു പറഞ്ഞു.
Read: പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; സേതുലക്ഷ്മിയമ്മയ്ക്കും മകനും സഹായഹസ്തങ്ങൾ
മിമിക്രി കലാകാരനായ സേതുലക്ഷ്മിയുടെ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ ‘സൂര്യോദയ’ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് ‘രസതന്ത്രം’, ‘വിനോദ യാത്ര’, ‘ഭാഗ്യദേവത’ എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത സേതുലക്ഷ്മിയമ്മ നാടക വേദികളില്‍ നിന്നുമാണ് ചലച്ചിത്ര ലോകത്തേക്കെത്തിയത്.