പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഏറെനാളായി സമൂഹമാധ്യമങ്ങളിൽ സജീവമായ വിഷയങ്ങളിലൊന്ന്. മോഹൻലാലിന്റെ ‘ലൂസിഫർ’ അവതാരത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും താരത്തിന്റെ ആരാധകരുമെല്ലാം.  മാർച്ച് 28 ന് വ്യാഴാഴ്ച ചിത്രം വേൾഡ് വൈഡ് റിലീസിനൊരുങ്ങുമ്പോൾ സിനിമയുടെ വിജയത്തിനു വേണ്ടി പ്രാർത്ഥിച്ചും വഴിപാടുകൾ കഴിപ്പിച്ചും ആരാധകരും രംഗത്തുണ്ട്.

‘ലൂസിഫർ’ ഹിറ്റ് ആവാൻ ആറ്റുകാൽ ക്ഷേത്രത്തിൽ 101 കലം പൊങ്കാല നേർന്നിരിക്കുകയാണ് മോഹൻലാലിന്റെ ഏതാനും ആരാധികമാർ.  യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് വുമൺസ് വിംഗിലെ ആരാധികമാരാണ് പൊങ്കാല വഴിപ്പാടിന് പിറകിൽ. റിലീസിന്റെ തലേദിവസമായ മാർച്ച് 27 നാണ് വഴിപാട് രസീത് ആക്കിയിരിക്കുന്നത്.

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫൻ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.

Read more: പൃഥ്വി ഒപ്പിട്ട തൊപ്പിയണിഞ്ഞ് സുപ്രിയയും അല്ലിയും; ‘ലൂസിഫര്‍’ തൊപ്പികള്‍ എവിടെ കിട്ടുമെന്ന് ആരാധകര്‍

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ