പൊങ്കല്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി തമിഴ് സിനിമയും. പുതു വര്‍ഷത്തെ ആദ്യ ഉത്സവവും നീണ്ട അവധിയും പൊങ്കല്‍ റിലീസ് ചിത്രങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. തമിഴ് നാട്ടിൽ 900 സ്‌ക്രീനുകളിലായി മൂന്ന് സിനിമകളാണ് ജനുവരി പന്ത്രണ്ടിന് റിലീസിന് ഒരുങ്ങുന്നത്. സൂര്യയുടെ ‘താനാ സേര്‍ന്ത കൂട്ടം’, വിക്രമിന്‍റെ ‘സ്കെച്ച് ‘, പ്രഭുദേവ നായകനാകുന്ന ‘ഗുൽബഖവാലി’.

താനാ സേർന്താ കൂട്ടം

സിങ്കം 3 ന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം. ‘നാനും റൌഡി താന്‍’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താനാ സേർന്താ കൂട്ടം’. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണൻ, കാർത്തിക് എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താര നിര തന്നെയുണ്ട്‌. അനിരുദ്ധ് ഈണം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആണ്. 2 മണിക്കൂർ 18 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം.

അക്ഷയ് കുമാര്‍ നായകനായ ‘സ്പെഷ്യല്‍ 26’ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം എന്ന് കരുതപ്പെടുന്നു. മുംബൈയിലെ ഓപെറ ഹൌസിലുള്ള ത്രിഭുവന്‍ദാസ് ഭീംജി സാവേരി എന്ന സ്വര്‍ണ്ണാഭരണക്കടയില്‍ സി ബി ഐ ഓഫീസര്‍മാര്‍ എന്ന വ്യാജേന എത്തി റൈഡ് നടത്തി കൊള്ളയടിക്കുന്നതാണ് ‘സ്പെഷ്യല്‍ 26’ എന്ന ചിത്രത്തിന്‍റെ പ്രമേയം. തമിഴ് ആസ്വാദകരുടെ ഭാവുകത്വത്തിനനുസൃതമായി കഥയ്ക്ക്‌ മാറ്റം വരുത്തിയതായി സംവിധായകന്‍ വിഘ്നേഷ് ശിവൻ പറഞ്ഞിരുന്നു.

സ്കെച്ച്

ചിയാൻ വിക്രം ഹീറോയായി എത്തുന്ന ആക്ഷൻ ചിത്രമാണ് ‘സ്കെച്ച്’. വിജയ് ചന്ദർ ആണ് സംവിധായകന്‍. കഴിഞ്ഞ വർഷം വിക്രത്തിന് റിലീസ് ഇല്ലായിരുന്നതിനാലും ആരാധകർ അദ്ദേഹത്തിന്റെ ആക്ഷൻ പരിവേഷം ഇഷ്ടപെടുന്നതിനാലും ഈ സിനിമ വൻ പ്രതീക്ഷകൾ ഉണർത്തുന്നു. തമന്നയാണ് നായിക. രാധ രവി, രവി കിഷൻ, സൂരി എന്നിവരും ഇതിൽ അണിനിരക്കുന്നു. പൂർണമായും നോർത്ത് ചെന്നൈയില്‍ ചിത്രീകരിച്ച ഈ സിനിമയിൽ നടൻ ശ്രീമാനും ഒരു പ്രധാന റോളില്‍ എത്തുന്നു.

താമൻ ഈണം പകർന് അഞ്ച് ഗാനങ്ങളിൽ ഒന്ന് വിക്രം തന്നെ ആലപിച്ചിരിക്കുന്നു. ഗ്യാങ്സ്റ്റർ കഥ പറയുന്ന ഈ സിനിമ കേരളത്തിൽ മാത്രം 200 സ്‌ക്രീനുകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ വർഷം തന്നെ സാമി 2 , ധ്രുവ നക്ഷത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളും ചിയാൻ വിക്രം ആരാധകർക്കായി തയാറാകുന്നു. ഇത് കൂടാതെ ആര്‍ എസ് വിമല്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കര്‍ണ്ണ’നിലും വിക്രം അഭിനയിക്കും എന്ന് അടുത്ത ദിവസം പ്രഖ്യാപിച്ചിരുന്നു.

ഗുൽബഖവാലി

കെ ജെ ആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കല്യാൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രഭു ദേവയും ഹൻസികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ ആക്ഷനും കോമഡിക്കും ഡാൻസിനും ഒരുപോലെ പ്രാധാന്യം ഉള്ള ചിത്രമായിരിക്കും ഇത്. രേവതിയും ഇതിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വിവേക് മെർവിൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഇവ കൂടാതെ രണ്ടു ചിത്രങ്ങള്‍ കൂടി പൊങ്കല്‍ ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മധുരൈ വീരൻ, ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. ഇവയുടെ റിലീസ് പൊങ്കല്‍ സമയത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

മധുരൈ വീരൻ

മധുരൈറിലെ ജല്ലിക്കട്ടിനെ ചുറ്റിപ്പറ്റിയുള്ള ആക്ഷന്‍ ചിത്രമാണു മധുരൈ വീരൻ. പ്രമുഖ നടൻ വിജയകാന്തിന്റെ മകൻ ഷണ്മുഖ പാണ്ഡ്യൻ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് ക്യാമറാമാനും കൂടിയായ പി ജി മുത്തയ്യയാണ്. മീനാക്ഷിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍

മലയാളത്തിലെ ‘ഭാസ്ക്കര്‍ ദി റാസ്കൽ’ എന്ന സിനിമയുടെ റീമക്ക് ആണ് ഈ ചിത്രം. സിദ്ദിഖ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായി അരവിന്ദ് സാമി എത്തുമ്പോള്‍ അമല പോള്‍, ബേബി നൈനിക എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

‘താനാ സേർന്ത കൂട്ടം’, ‘സ്കെച്ച് ‘ എന്നിവയാണ് കേരളത്തിൽ ജനുവരി 12 നു റിലീസ് ചെയ്യുന്നത്. മറ്റു ചിത്രങ്ങളുടെ കേരള റിലീസ് പ്രഖാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ