scorecardresearch
Latest News

പാ രഞ്ജിത്: സിനിമയും രാഷ്ട്രീയവും

പാ രഞ്ജിത്തിന്റെ സിനിമകളെക്കുറിച്ച്, അവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച്, മുഖ്യധാരയില്‍ അത് അങ്ങനെത്തന്നെ പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്

പാ രഞ്ജിത്: സിനിമയും രാഷ്ട്രീയവും

‘കാല’ റിലീസ് ചെയ്യുന്നതിന് മുൻപ് നടന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ രജനികാന്ത് ഒരു പ്രഖ്യാപനം നടത്തിയിരുന്നു.

“സിനിമയിൽ രാഷ്ട്രീയമുണ്ട്, എന്നാൽ ‘കാല’ ഒരു രാഷ്ട്രീയ ചിത്രമല്ല.”

പക്ഷെ, ‘കാല’ എന്ന പാ രഞ്ജിത്ത് ചിത്രത്തിൽ നിന്നും രാഷ്ട്രീയം എടുത്ത് മാറ്റിയാൽ അതിൽ വേറെയൊന്നും ശേഷിക്കില്ല എന്നതാണ് സത്യം. ‘കാല’ പൊളിറ്റിക്കലാണ്, അതും ഇന്ത്യൻ വാണിജ്യ സിനിമ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം പൊളിറ്റിക്കൽ.

പ്രധാന കഥാപാത്രങ്ങളൊക്കെയും വ്യക്തമായും സവർണ്ണരോ അല്ലെങ്കിൽ ജാതി രേഖപ്പെടുത്താത്ത രീതിയിൽ സവർണ്ണരോ ആകുന്ന ഒരിടമാണ് ഇന്ത്യൻ സിനിമ. സിനിമയുടെ കഥയും ജീവിതവുമെല്ലാം സവർണ്ണരുടേത് മാത്രമാവുക, അവരുടെ കുടുംബ വഴക്കുകളും പ്രണയവും ഭാഷയുമെല്ലാം പൊതു സമൂഹത്തിന്റെതും കൂടിയാണ് എന്ന വ്യാജബോധം നിർമ്മിക്കുക എന്നതൊക്കെയാണ് കാലാകാലമായി ഇന്ത്യൻ സിനിമ ചെയ്തു വരുന്നത്. മറിച്ചുള്ള ചില ശ്രമങ്ങൾ തീർച്ചയായും സംഭവിക്കുന്നുണ്ട്. ഹിന്ദിയിലെ ‘മസാൻ’, മറാത്തിയിൽ ‘ഫണ്ട്രി’, ‘സായ്രത്ത്’, മലയാളത്തിൽ ‘കമ്മട്ടിപ്പാടം’ പോലെയുള്ളത് ഏറ്റവും അടുത്ത കാലത്തിറങ്ങിയ അത്തരം ചിത്രങ്ങളാണ്. ജാതിയെ നേരിട്ടോ അല്ലാതെയോ പ്രശ്നവൽക്കരിക്കുന്ന ഇത്തരം ചിത്രങ്ങൾ പതുക്കെയെങ്കിലും വ്യവസ്ഥാപിത സിനിമ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നുണ്ട്. ഇതിൽ ‘സായ്രത്ത്’, മറാത്തി സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി 100 കോടി ക്ലബിൽ കയറിയ ചിത്രമാണ്. ജാതിയെ മറയില്ലാതെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങൾക്ക് സാമ്പത്തിക നേട്ടവും കൈവരിക്കാൻ സാധിക്കുമെന്ന് തെളിയിച്ച ഈ മാതൃക വാണിജ്യ സിനിമ മേഖലയിൽ പുതിയൊരു തുറവിക്ക് കാരണമാകാനും മതി. കാത്തിരുന്ന് കാണേണ്ട കാര്യമാണത്.

ഇന്ത്യയിലെ ജാതിയുടെ സ്വഭാവം ശ്രേണീകൃതമായ അസമത്വമാണ് എന്ന് പറഞ്ഞത് അംബേദ്ക്കറാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും എന്ന ബൈനറികളിലല്ല ഇന്ത്യൻ ജാതിവ്യവസ്ഥ നിലനിൽക്കുന്നത്. ഒരു വലിയ ഏണി സങ്കൽപ്പിച്ച് നോക്കുക. അതിലെ ഓരോ പടിയിലും ഓരോ ജാതികൾ നിൽക്കുന്നതായി കരുതുക. ആ ഏണിപ്പടികളിലെ ഓരോ ജാതികള്‍ക്കും മുകളിലും താഴെയുമായി മറ്റേതെങ്കിലും ജാതികള്‍ ഉണ്ടായിരിക്കും. താഴെയുള്ളവരെ ചവിട്ടുകയും മേലെയുള്ളവനെ താങ്ങി നിർത്തുകയും ചെയ്യണം എന്നതാണ് വ്യവസ്ഥ. അത്തരത്തില് സവിശേഷമായൊരു അസമത്വമാണ് ഇന്ത്യയിലേത്. ബ്രാഹ്മണർ ഏറ്റവും മുകളിലും ദലിതർ ഏറ്റവും താഴെയും കണക്കാക്കപ്പെടുന്ന, തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു വ്യവസ്ഥിതിയാണ് ജാതി.

ഇന്നത്തെ നിലയിൽ പറഞ്ഞാൽ ഓ.ബി.സി വിഭാഗങ്ങൾക്ക് മേൽക്കൈ ഉള്ള ദ്രാവിഡ കക്ഷികൾ ബ്രാഹ്മണ വിരുദ്ധ സമരങ്ങൾ നയിച്ച് രാഷ്ട്രീയധികാരത്തിൽ എത്തിയ സംസ്ഥാനമാണ് തമിഴ്നാട്. കറുപ്പിനെ അടയാളമാക്കിയ ദ്രാവിഡ പ്രസ്ഥാനം, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ചിന്തകൾ മുന്നോട്ട് വച്ചിരുന്നത്. ദൈവസങ്കൽപ്പത്തെ അപ്പാടെ തള്ളിപ്പറഞ്ഞിരുന്നു അവര്‍. എന്നാൽ അവര്‍ക്ക് രാഷ്ട്രീയാധികാരം കിട്ടിയ ശേഷം തമിഴ്നാട്ടിൽ ജാതി ഉന്മൂലനം സംഭവിച്ചില്ല. അധികാരശ്രേണിയിൽ ഏറ്റവും മുകളിലിരുന്ന ബ്രാഹ്മണരെ മാറ്റി അവിടെ ഓ.ബി.സി.കൾ വന്നു എന്നത് മാത്രമാണ് സംഭവിച്ചത്. ജാതി എന്ന വ്യവസ്ഥിതി അതേ പടി നിലനിന്നു. അതുകൊണ്ടു തന്നെ ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഇന്നും മുൻപന്തിയിൽ തന്നെ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.

 

വസന്തത്തിന്റെ വരവറിയിച്ച ‘അട്ടകത്തി’

“സെൻസസ് കണക്കുകൾ പ്രകാരം ചത്ത പശുവിന്റെ മാംസം, അസ്പർശ്യരായി കണക്കാക്കപ്പെടുന്ന സമുദായങ്ങളുടെ പ്രധാന ഭക്ഷണമാണ്. എത്ര തന്നെ താഴ്ന്ന സമുദായമായിരുന്നാലും, ഒരു ഹിന്ദു സമുദായാംഗവും പശുവിന്റെ മാംസത്തിൽ തൊടില്ല. ചത്ത പശുവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാത്ത ഒരു അസ്പർശ്യ സമുദായവുമില്ല. ചിലർ പശുവിന്റെ മാംസം ഭക്ഷിക്കും, ചിലർ തോലുരിയും, ചിലർ തോലുകൊണ്ടും എല്ലു കൊണ്ടുമെല്ലാം പല വസ്തുക്കളുമുണ്ടാക്കും.”, ഡോ: ബി. ആർ. അംബേദ്ക്കർ.

തമിഴ് സിനിമ മധുരയ്ക്കും കോയിമ്പത്തൂരിനുമൊക്കെ ചുറ്റും ഭ്രമണം ചെയ്ത് നടക്കുന്നതിനിടയിലാണ് പാ രഞ്ജിത് എന്ന സംവിധായകൻ ‘അട്ടകത്തി’ എന്ന തന്റെ ആദ്യ സംരംഭവുമായി വരുന്നത്. ‘അട്ടകത്തി’യിലെ നായകനും അവന്റെ കുടുംബവും അവന് ചുറ്റുമുള്ളവരുമെല്ലാം ചെന്നൈ തമിഴ് ശൈലിയിൽ സംസാരിച്ചു. തമിഴ് സിനിമയിൽ സാധാരണ ഗുണ്ടകളോ ഹാസ്യതാരങ്ങളോ മാത്രം സംസാരിച്ചിരുന്ന ആ ശൈലി നായകനും ചുറ്റുമുള്ളവർക്കുമെല്ലാം കൊടുത്ത് രഞ്ജിത്ത് ആദ്യ ചിത്രത്തിലേ തന്റെ നയം വ്യക്തമാക്കി. 2012ലാണ് ‘അട്ടകത്തി’ റിലീസാകുന്നത്. അതിനും ആറ് വർഷം മുൻപാണ് ചെന്നൈ ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും സിനിമയിലേക്കെത്തിയ രഞ്ജിത്ത് അസിസ്റ്റന്റ് ഡയറക്റ്ററാകുന്നത്. 2007ൽ ‘ചെന്നൈ 600028’ എന്ന വെങ്കട് പ്രഭു ചിത്രത്തിൽ രഞ്ജിത്ത് സംവിധാന സഹായിയായി പ്രവർത്തിച്ചു. ആ സിനിമയിലെ നായകർ എല്ലാം തന്നെ പുതുമുഖങ്ങളായിരുന്നു. എന്നിട്ടും സിനിമ വൻ വിജയമായി. യുവാക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന, ‘ചെന്നൈ 600028’ പോലൊരു സിനിമ തനിക്കും ചെയ്യണം എന്ന ആലോചനയിൽ നിന്നാണ് പാ രഞ്ജിത്ത് ‘അട്ടകത്തി’ ഒരുക്കുന്നത്.

സിനിമ കഴിയുമ്പോൾ പ്രേക്ഷകന് ഒരു സന്ദേശമോ ഗുണപാഠമോ ഒക്കെ ലഭിക്കുന്ന തരത്തിലുള്ള പരമ്പരാകത ഘടനയായിരുന്നില്ല ‘അട്ടകത്തി’യുടേത്. ചെന്നൈക്ക് അടുത്തുള്ള ഗ്രാമങ്ങളിലെ യുവാക്കൾക്കിടയിൽ പൊതുവിൽ കണ്ടു വരുന്ന പ്രണയ രീതികളെപ്പറ്റിയാണ് സിനിമ സംസാരിച്ചത്. തീരെ സങ്കീർണ്ണതകൾ ഇല്ലാത്ത ഒരു കഥ, കഥ ആവശ്യപ്പെടുന്ന ലാളിത്യത്തോടെ രഞ്ജിത്ത് പറഞ്ഞു വെച്ചു.

പാ രഞ്ജിത്ത് എന്ന സംവിധായകന്റെ വരവറിയിച്ച ചിത്രം തന്നെയായിരുന്നു ‘അട്ടകത്തി’. മുൻപ് സൂചിപ്പിച്ചതു പോലെ ചെന്നൈ ശൈലിയിൽ സംസാരിക്കുന്നവരുടെ കഥ എന്നതിന് പുറമേ, മറ്റു പല അടയാളപ്പെടുത്തലുകളും രഞ്ജിത്ത് തന്റെ ആദ്യ ചിത്രം വഴി നടത്തിയിരുന്നു. പൊതുവിൽ ബീഫ് തിന്നുന്ന ഒരു ജനതയാണ് തമിഴ്നാട്ടിലേത്. സിനിമയിലായാലും സാഹിത്യത്തിലായാലും ബീഫിനെപ്പറ്റി വരുന്ന റഫറൻസുകൾ പൊതുവിൽ ഒഴിവാക്കപ്പെടുന്ന പ്രവണത ഇപ്പോള്‍ നിലവിലുണ്ട്. ‘അട്ടകത്തി’യിലെ നായകനും നായികയുമെല്ലാം ബീഫ് തിന്നുന്നവരാണ്. അത് സംശയത്തിനിടയില്ലാതെ പ്രഖ്യാപിക്കുന്നുണ്ട് സിനിമയിൽ. വലിയ കോലാഹലമുണ്ടാക്കിയല്ല അത് പറയുന്നത്. തെരുവുകളിലൂടെ നായകനെ പിന്തുടർന്നു പോകുന്ന ക്യാമറയിൽ അംബേദ്ക്കർ ചിത്രങ്ങളും പ്രതിമകളുമൊക്കെ വന്നു പോകുന്ന അതേ സ്വാഭാവികതയിൽ നായകൻ ബീഫ് തിന്നുന്ന കാര്യവും പറഞ്ഞു വയ്ക്കുകയായിരുന്നു സംവിധായകന് ചെയ്തത്.

എടുത്ത് പറയേണ്ട മറ്റൊന്ന് ‘അട്ടകത്തി’യിലെ പാട്ടുകളുടെ രാഷ്ട്രീയമാണ്. തമിഴ്നാട്ടിലെ ചേരികളിലൂടെയും അടിസ്ഥാന വിഭാഗങ്ങൾ താമസിക്കുന്ന കോളനി പോലെയുള്ള ഇടങ്ങളിലൂടെയും വളർന്നു വന്ന ഒരു സംഗീത വിഭാഗമാണ് ‘ഗാനാ പാട്ടുകൾ’. എല്ലാവർക്കും മനസ്സിലാകുന്ന, അതതു കാലത്തെ ഭാഷാവഴക്കങ്ങളെയെല്ലാം ഉൾച്ചേർന്ന വരികളോടു കൂടിയ പാട്ടുകളാണ് ഗാനാ. ‘അട്ടകത്തി’യിലെ നായകൻ ഒരു ഗാനാ പാട്ടുകാരൻ കൂടിയാണ്. ബസിൽ വച്ച് പെൺകുട്ടികളെ ആകർഷിക്കാനും വീട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴുമെല്ലാം അയാൾ പാടുന്നത് ഗാനാ പാട്ടുകളാണ്. പിൽക്കാലത്ത് രഞ്ജിത്തിന്റേതടക്കമുള്ള സിനിമകളിൽ ഒരുപാട് ഗാനങ്ങൾ ആലപിച്ച ഗാന ബാലയുടെ ആദ്യത്തെ സിനിമയായിരുന്നു ‘അട്ടകത്തി’. സിനിമയിൽ നായകൻ പാടുമ്പോൾ അയാൾക്ക് ഗാനാ ബാലയുടെ ശബ്ദമാണ്. ആ ശബ്ദത്തിന് പുറകിൽ പോലും വ്യക്തമായ രാഷ്ട്രീയമുണ്ട്. അവർണ്ണന്റെ കലകൾക്കും അശുദ്ധി കൽപ്പിക്കുന്ന വ്യവസ്ഥാപിതമായ സങ്കൽപ്പങ്ങളോടുള്ള കലഹമാണ് നായകന് കൊടുത്തിരിക്കുന്ന ആ ശബ്ദം.

ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം നായകന്റെ അമ്മയുടേതാണ്. ആ കുടുംബത്തിലെ തന്നെ ഏറ്റവും ആജ്ഞാശക്തിയുള്ള വ്യക്തിയാണവര്‍. പ്രണയനഷ്ടങ്ങൾ ഒരുപാട് പറയുന്ന കഥയായിരുന്നിട്ടും ആ നഷ്ടങ്ങളുടെ പ്രതിസ്ഥാനത്ത് സ്ത്രീകളെ ഒരിക്കലും അവരോധിക്കാന്‍ സിനിമ ശ്രമിക്കുന്നില്ല. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. ആദ്യ സിനിമ മുതൽ ഇപ്പോൾ ‘കാല’ വരെ എത്തി നിൽക്കുന്ന കരിയറിൽ പാ രഞ്ജിത്ത് കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതും. എടുത്ത ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് പോലും ഒരു സ്ത്രീപക്ഷ സിനിമയായിരുന്നില്ലെങ്കിലും, എല്ലാ സിനിമകളിലെയും സ്ത്രീകഥാപാത്രങ്ങൾക്ക് കൃത്യമായ വ്യക്തിത്വമുണ്ടായിരുന്നു. പലപ്പോഴും നായകനോടൊപ്പമോ അതിന് മേലെയോ ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പാ രഞ്ജിത്ത് സിനിമയിലെ സ്ത്രീകൾ. കരിയറിലെ നാല് ചിത്രങ്ങളിൽ രണ്ടെണ്ണവും ഗാംഗ്സ്റ്റർ പടങ്ങൾ ആയിരുന്നിട്ട് കൂടി ഒറ്റ ഐറ്റം നമ്പറുകൾ പോലുമില്ലാത്ത സിനിമകളാണ് രഞ്ജിത്തിന്റേത്.

“എന്റെ സിനിമകളിൽ ഒരു ട്രാൻസ്ജെന്ററായ വ്യക്തിയേയോ, കഷണ്ടിയായ വ്യക്തിയേയോ കളിയാക്കുന്ന ഹാസ്യ രംഗങ്ങൾ ഞാൻ വയ്ക്കില്ല. എനിക്കതിൽ തീരെ തമാശ തോന്നാറില്ല എന്നതുകൊണ്ടാണത്.”, പാ രഞ്ജിത്തിന്റെ തന്നെ വാക്കുകളാണിത്. ചിന്തകളിലെ ഈ വ്യക്തത രഞ്ജിത്ത് സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്.

 

ദലിത് യുവതയുടെ വർത്തമാനത്തെ കുറിച്ചിടുന്ന ‘മദ്രാസ്’

“ജാതി വ്യവസ്ഥയുടെ ഉപോത്പന്നമാണ് ബഹിഷ്കൃതർ. ജാതികൾ നിലനിൽക്കുന്ന അത്രയും കാലം ബഹിഷ്കൃതരും നിലനിൽക്കും. ജാതി വ്യവസ്ഥയുടെ തകർച്ചയെന്നതല്ലാതെ മറ്റൊന്നിനും ബഹിഷ്കൃതരെ വിമോചിപ്പിക്കാൻ കഴിയില്ല.“, ഡോ. ബി. ആർ. അംബേദ്ക്കർ

കഥ നടക്കുന്ന ഇടങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുന്നതാണ് രഞ്ജിത്തിന്റെ സിനിമകൾ. ‘അട്ടകത്തി’, ചെന്നൈക്ക് അടുത്തുള്ള ഗ്രാമങ്ങളെ അടയാളപ്പെടുത്തിയപ്പോൾ പാ രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം ‘മദ്രാസ്’ പേര് പോലെ തന്നെ ചെന്നൈയിലെ, പ്രത്യേകിച്ച് നോർത്ത് ചെന്നൈയിലെ, കോളനി ജീവിതങ്ങളെ ശക്തവും വ്യക്തവുമായി അടയാളപ്പെടുത്തി. ‘അട്ടകത്തി’യിൽ നിന്നും മദ്രാസിലേക്ക് എത്തുമ്പോൾ രഞ്ജിത്തിന്റെ പൊളിറ്റിക്കൽ റഫറൻസുകൾ കുറച്ചുകൂടി വ്യക്തമായി തന്നെ പ്രേക്ഷകന് കാണുവാൻ സാധിക്കും. ദൃശ്യങ്ങളിൽ പലതരം ബിംബങ്ങൾ കൊണ്ടുവന്ന് കഥാപത്രങ്ങളുടെ സാമൂഹ്യ ചുറ്റുപാടിനേയും അവരുടെ രാഷ്ട്രീയത്തെയും അടയാളപ്പെടുത്താൻ ശ്രദ്ധിക്കുന്ന രഞ്ജിത്തിനെ ‘മദ്രാസി’ലും കാണാം.

2014ലാണ് ‘മദ്രാസ്’ റിലീസാകുന്നത്. 2013ൽ തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നുണ്ട്. ഇളവരസൻ എന്ന ദലിത് യുവാവിന്റെ മരണം. ദിവ്യ എന്ന വണ്ണിയാർ വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു ഇളവരസൻ. പിന്നോക്ക ജാതിയായ വണ്ണിയാർ വിഭാഗം ദലിത് വിഭാഗങ്ങളോടുള്ള വിവേചനങ്ങൾ ഇന്നും തുടരുന്ന ഒരു വിഭാഗമായാണ് പൊതുവിൽ അറിയപ്പെടുന്നത്. ഭൂവുടമസ്ഥാവകാശത്തിലും അധികാരത്തിലുമൊക്കെ വണ്ണിയാർ വിഭാഗത്തിന് തമിഴ്നാട്ടിൽ വ്യക്തമായ മേൽക്കൈയുണ്ട്. ഇളവരസനെ വിവാഹം കഴിച്ച ദിവ്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോൾ ദിവ്യയുടെ അച്ഛൻ ആത്മഹത്യ ചെയ്തു. അതിന് പിറകേ ഇളവരസന്റെ ഗ്രാമമായ ധർമ്മപുരിയിൽ ദലിത് വീടുകൾക്ക് നേരെ തീവയ്പ്പുണ്ടായി. ജാതീയത കൊളുത്തിവിട്ട ആ തീയിൽ, നിന്ന് കത്തിയത് ഏതാണ്ട് 250ഓളം വീടുകളാണ്. അതിന് കുറച്ച് നാളുകൾക്ക് ശേഷം ദിവ്യയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ദിവ്യയുടെ അമ്മ കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചു. കോടതിയിലെത്തിയ ദിവ്യ അച്ഛന്റെ മരണത്തിന്റെ കുറ്റബോധവും മറ്റ് സാമൂഹിക പ്രശ്നങ്ങളും കാരണം അമ്മയോടൊപ്പം പോകാൻ തീരുമാനിച്ചതായി കോടതിയെ അറിയിച്ചു. ഇതിന് തൊട്ടു പുറകേ ഇളവരസന്റെ മൃതശരീരം റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും കണ്ടു കിട്ടി. അത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും വാദങ്ങളുയർന്നു. തമിഴ്നാട്ടിൽ അത് വലിയ കോലാഹലങ്ങളുണ്ടാക്കുകയും ചെയ്തു.

‘മദ്രാസ്’ സിനിമയിൽ ഓരോ സീനിലും പശ്ചാത്തലമായി വരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ പോലും എന്ത് ചെയ്യണം എന്ന് വ്യക്തമായ നിർദ്ദേശങ്ങൾ താൻ നൽകിയിരുന്നു എന്ന് പാ രഞ്ജിത്ത് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിൽ “ആഗായം തീ പിടിത്താൽ നിലാ കായുമാ” എന്ന പാട്ടിൽ കാർത്തിയുടെ കഥാപാത്രമായ കാളി തന്റെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്തിറങ്ങി റോഡിലൂടെ നടക്കുന്ന ഷോട്ടിന്റെ പുറകിലായി കമിതാക്കളെന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവും യുവതിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ആ യുവതിയുടെ ചുരിദാറിൽ ‘പാട്ടാളി മക്കൾ കക്ഷി’യുടെ കൊടിയുടെ നിറങ്ങൾ ആലേഖനം ചെയ്തതായി കാണാം. പാട്ടാളി മക്കൾ കക്ഷി തമിഴ്നാട്ടിലെ വണ്ണിയർ വിഭാഗത്തിന്റെ രാഷ്ട്രീയ പാർട്ടിയാണ്. ആ സീനില് പ്രത്യക്ഷപെടുന്ന യുവാവിന്റെ വേഷത്തിനും ഇളവരസന്റെ ചിത്രങ്ങളിലേതുമായി സാമ്യമുണ്ട്. ഇതൊരു അതിവായനയായി തോന്നാമെങ്കിലും പാ രഞ്ജിത്ത് തന്റെ സിനിമകളിൽ ഉപയോഗിക്കുന്ന ബിംബങ്ങളെ ശ്രദ്ധിക്കുന്നവർക്ക് ഇതിനെ വെറുതെ തള്ളിക്കളയാനാകില്ല.

‘മദ്രാസി’ലെ മറ്റ് ബിംബങ്ങൾ പക്ഷെ കുറച്ചുകൂടി നേരിട്ട് തന്നെ ദലിത് രാഷ്ട്രീയം പറയുന്നവയാണ്. സിനിമയിലുടനീളം ദലിത് രാഷ്ട്രീയത്തെ കുറിക്കുന്ന നീല നിറം കാണാം. നോർത്ത് ചെന്നൈയിലെ ഹൗസിംഗ് കോളനികളാണ് കഥയുടെ പശ്ചാത്തലം. കൃത്യമായും ഒരു ദലിത് അടയാളപ്പെടുത്തൽ ആ ഇടത്തിനുണ്ട്. ചേരികളും മറ്റും ഒഴിപ്പിച്ച ശേഷം സർക്കാർ പുനരധിവസിപ്പിച്ച ആളുകൾ താമസിക്കുന്ന ചെറിയ അപ്പാർട്ട്മെന്റുകളിലൂടെയാണ് കഥ വികസിക്കുന്നത്. കാർത്തിയുടെ കഥാപാത്രം ഇടക്ക് ‘തീണ്ടാത വസന്തം’ എന്നൊരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ദൃശ്യം കാണിക്കുന്നുണ്ട്. ജി കല്യാണ റാവു എഴുതിയ ആ പുസ്തകം ഇന്ത്യയിലെ ദലിത് ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒന്നാണ്. സിനിമയിൽ പല വീടുകളിലേയും ഷെൽഫുകളിൽ അംബേദ്ക്കറിന്റെ പുസ്തകങ്ങൾ കാണാം. നായികയുടെ അച്ഛൻ അംബേദ്ക്കർ ആരംഭിച്ച റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ്. ചിത്രത്തിന്റെ ക്ലൈമാക്സിനോടടുത്ത് ഒരു രംഗത്തിൽ അൻപ് എന്ന കഥാപാത്രത്തിന്റെ മരണത്തിൽ അവർ അത്ര നാൾ വിശ്വസിച്ച അവിടുത്തെ രാഷ്ട്രീയ നേതാവിനും പങ്കുണ്ടെന്ന് തെളിയുമ്പോൾ നായികയുടെ അച്ഛൻ പറയുന്നുണ്ട്, “എത്രയും നാളും നിങ്ങളോട് ഞാൻ ഇതു തന്നെയല്ലേ പറഞ്ഞു കൊണ്ടിരുന്നത്. നീയൊക്കെ കേട്ടോ? ബലിയാടുകളായി നിങ്ങൾ മരിച്ചുകൊണ്ടേയിരുന്നല്ലോ!”. കേരളത്തിൽ അടക്കം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിക്കുന്നവരുടെ ജാതി അന്വേഷിച്ചാൽ മനസ്സിലാകുന്ന ഒരു രാഷ്ട്രീയമുണ്ട് ആ വാചകങ്ങളിൽ.

ഇങ്ങനെ പല ദൃശ്യപരമായ ബിംബങ്ങളും വഴി രഞ്ജിത്ത് വർത്തമാനകാല ദലിത് യുവതയുടെ ജീവിതങ്ങളെയാണ് ‘മദ്രാസ്’ വഴി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നായകനായ കാളി, സുഹൃത്തായ അൻപ് അവരുടെ എതിർ ചേരിയിൽ നിൽക്കുന്ന വിജി എന്നിങ്ങനെ പലരിലൂടെയും ജീവിതത്തെ പല രീതിയിൽ നോക്കിക്കാണുന്ന ഇന്നത്തെ ദലിത് യുവതയെ രഞ്ജിത്വരച്ചിടുന്നു. ‘രാഷ്ട്രീയാധികാരം വഴി വിമോചനം’ എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന അൻപ്, ദലിത് പുതു തലമുറയിലെ വിദ്യാസമ്പന്നരായ, എന്നാൽ വളരെ ഉപരിപ്ലവമായി മാത്രം രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുന്ന കാളി, ജാത്യധികാരഘടനകൾ നിലനിർത്തിപ്പോരുന്ന രാഷ്ട്രീയത്താൽ ഉപയോഗിക്കപ്പെടുന്ന വിജി… എല്ലാത്തിലുമുപരി അടിച്ചമർത്തലിന്റെ മതിലായി, ഒരു പക്ഷെ ഒരു ജാതിമതിലായിത്തന്നെ വായിച്ചെടുക്കാവുന്ന, ഒരു ചുവരുണ്ട് മദ്രാസിൽ. കഥയുടെ കേന്ദ്രം തന്നെ ആ ചുവരാണ്. അധികാരത്തിന്റെ അടയാളമായി നിൽകുന്ന ആ ചുവര് എങ്ങനെ അതിന് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നു എന്നാണ് സിനിമ കാണിച്ച് തരുന്നത്. സിനിമ പുരോഗമിക്കുമ്പോൾ സ്വന്തമായി അസ്തിത്വമുള്ള ഒരു കഥാപാത്രമായി തന്നെ ആ ചുവര് മാറുന്നുണ്ട്. ആ ചുവരിനെ അപ്രസക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് സിനിമ സംസാരിക്കുന്ന രാഷ്ട്രീയം.

 

കാൽമേലെ കാൽ പോട്ട് ‘കബാലി’

“കാരണം നമ്മുടേത് സമ്പത്തിനോ അധികാരത്തിനോ വേണ്ടിയുള്ള യുദ്ധമല്ല. ഇത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധമാണ്. ഇത് മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വത്തെ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള യുദ്ധമാണ്.”, ഡോ. ബി. ആർ. അംബേദ്ക്കർ.

വളരെ അപ്രതീക്ഷിതമായി രഞ്ജിത്തിനെ തേടി വന്നതാണ് രജനികാന്തിന്റെ വിളി. ‘മദ്രാസ്’ കണ്ട് ഇഷ്ടപ്പെട്ട രജനി തന്റെ അടുത്ത ചിത്രം പാ രഞ്ജിത്തിനൊപ്പം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ‘കബാലി’ സംഭവിക്കുന്നത്.

‘കബാലി’ എന്ന പേരിൽ തന്നെ തുടങ്ങുന്നു ആ സിനിമയുടെ രാഷ്ട്രീയം. പൊതുവിൽ തമിഴ് സിനിമയിലെ വില്ലന്മാർക്കോ അവരുടെ കൂട്ടാളികൾക്കോ അല്ലെങ്കിൽ ഹാസ്യതാരങ്ങൾക്കോ കൊടുക്കപ്പെട്ടിരുന്ന പേരായിരുന്നു ‘കബാലി’ എന്നത്. എന്നാൽ താൻ ജീവിതത്തിൽ കണ്ട കബാലിമാർ അങ്ങനെയൊന്നുമായിരുന്നില്ല എന്ന് പറഞ്ഞാണ് രജനികാന്ത് എന്ന മാസ് ഹീറോയ്ക്ക് പാ രഞ്ജിത്ത് കബാലി എന്ന പേര് നൽകുന്നത്. സിനിമയുടെ ആദ്യ ടീസറിലെ സംഭാഷണ ശകലത്തിൽ “തമിഴ് പടങ്ങളിൽ മറുകും മീശയുമൊക്കെ വച്ച്, എം എൻ നമ്പ്യാർ ‘കബാലി’ എന്ന് വിളിക്കുമ്പോൾകുനിഞ്ഞ് നിന്ന് ‘പറ ഏമ്മാനേ’ എന്നൊക്കെ തിരിച്ച് പറയുന്ന, പഴയ കബാലിയല്ല ഇത്” എന്നതാണ് രജനിയുടെ മാസ് ഡയലോഗ്. ഒരു രീതിയിൽ അതൊരു നയം വ്യക്തമാക്കലായിരുന്നു. രജനികാന്തിനെപ്പോലെ വലിയൊരു സൂപ്പർ സ്റ്റാർ തന്റെ സിനിമയിൽ വന്നാലും, തനിക്ക് പറയാനുള്ള രാഷ്ട്രീയം താൻ പറയുമെന്ന് സിനിമയ്ക്ക് മുൻപേ പാ രഞ്ജിത്ത് ലോകത്തോട് പറയുകയായിരുന്നു.

‘കബാലി’യിൽ രജനികാന്തിനെ പ്രേക്ഷകർക്ക് മുന്നിലവതരിപ്പിക്കുന്ന ആദ്യ ഷോട്ട് മുതൽ തന്നെ രഞ്ജിത്തിന്റെ മുൻ സിനിമകളിലേതു പോലെയുള്ള ബിംബങ്ങളെ കാണുവാൻ സാധിക്കും. രജനിയുടെ ഇൻട്രോ ഷോട്ടിൽ ദലിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയ വൈ.ബി. സത്യനാരായണയുടെ ‘മൈ ഫാദർ ബാലയ്യ’ എന്ന നോവൽ ഒരു മലേഷ്യൻ ജയിലിലിരുന്ന് വായിക്കുന്ന കബാലിയെയാണ് കാണിക്കുന്നത്. ഇന്ത്യൻ ദലിത് സാഹിത്യത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു കൃതിയായാണ് ഈ നോവൽ വിലയിരുത്തപ്പെടുന്നത്.

‘അട്ടകത്തി’, ‘മദ്രാസ്’ എന്നീ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ‘കബാലി’ കുറച്ചു കൂടി ഉദ്ബോധന സ്വഭാവമുള്ള സിനിമയാണ്. സിനിമയുടെ കഥയോടൊപ്പം പ്രധാന കഥാപാത്രവും ദാർശനികമായ പല വാചകങ്ങളും പറഞ്ഞു പോകുന്നു. ഒരു മലേഷ്യൻ ഗാംഗ്സ്റ്റർ ഡ്രാമ ചിത്രം എന്ന നിലയിൽ സിനിമ പുരോഗമിക്കുമ്പോൾത്തന്നെ സാമൂഹ്യ വിമർശനങ്ങളുടെ ഒരു പാളി കൂടി രഞ്ജിത്ത് ‘കബാലി’യിൽ വിളക്കി ചേർത്തിട്ടുണ്ട്. ഉദാഹരണത്തിന് കൂട്ടിലയ്ടക്കപ്പെട്ട കിളികളെപ്പറ്റി കബാലിയോട് തന്റെ സന്തതസഹചാരി ആമീർ പറയുന്നുണ്ട്“കിളികളെ തുറന്നു വിട്ടാൽ അവയെ മറ്റു കിളികൾ വന്ന് കൊത്തും, അതിനാൽകൂട്ടിലിടുന്നത് തന്നെയാണ് നല്ലത്.”, എന്ന്. അതിന് കബാലി പറയുന്ന ഒരു മറുപടിയുണ്ട്. “കിളികളുടെ സ്വാഭാവികമായ ഗുണമാണ് പറക്കുക എന്നത്. അവയെ പറക്കാൻ അനുവദിക്കുക. ജീവിക്കണോ മരിക്കണോ എന്നതൊക്കെ അവർ തന്നെ തീരുമാനിക്കട്ടെ.”. ദലിതരുടെ കർതൃത്വം ഏറ്റെടുക്കുന്ന സവർണ്ണരുടെ രീതിയെ “ഞങ്ങൾക്ക് എന്താണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചോളാം” എന്ന് തിരിച്ച് പറഞ്ഞ് രഞ്ജിത് റദ്ദ് ചെയ്തു കളയുകയാണ്.

അംബേദ്ക്കർ ദർശനങ്ങളൊക്കെയും സമത്വം എന്ന ആശയത്തിൽ അധിഷ്ടിതമാണ്. അതേ ആശയത്തെ പിൻപറ്റുന്ന രഞ്ജിത്ത് തന്റെ എല്ലാ അഭിമുഖ സംഭാഷണങ്ങളിലും ആവർത്തിക്കുന്ന ഒരു വാക്കാണ് ‘ഇക്വാളിറ്റി’ അഥവാ സമത്വം. ‘കബാലി’യിൽ സമരം ചെയ്യുന്ന തൊഴിലാളിമാരെ പ്രതിനിധീകരിച്ച് മുതലാളിമാരോട് സംസാരിക്കുമ്പോൾ നായകന്‍ പറയുന്നതും സമത്വത്തെപ്പറ്റിയാണ്.

“ഞങ്ങൾ അടിമകൾ അല്ല, തൊഴിലാളികളാണ്. നിങ്ങൾ മുതലാളിയും. എല്ലാവരെയും സമമായി കാണുക. അങ്ങനെ കാണേണ്ടത് നിങ്ങളുടെ കടമയാണ്.”

‘കബാലി’യിലെ, ഒരുപക്ഷെ, ഏറ്റവും ചർച്ചയായ സംഭാഷണം “ഗാന്ധി മേൽവസ്ത്രം വേണ്ടെന്ന് വച്ചതിനും അംബേദ്ക്കർ കോട്ടിട്ടതിനും പുറകിൽ രാഷ്ട്രീയമാണ്.” എന്നതായിരിക്കണം. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ഗാന്ധിയെ പരാമർശിക്കുന്ന, പുകഴ്ത്തുന്ന, വ്യവസ്ഥാപിത സിനിമയുടെ പൊതു രീതിയിൽ നിന്നും വ്യത്യസ്ഥമായി അംബേദ്ക്കറിന്റെ നിഴൽ ഉടനീളം ദൃശ്യമായ സിനിമയായിരുന്നു ‘കബാലി’. കുമുദവല്ലിയെന്ന സിനിമയിലെ ശക്തയായ സ്ത്രീ കഥാപാത്രമാണ് കബാലീശ്വരനോട് നിങ്ങളുടെ വേഷവിധാനം മാറ്റണമെന്ന് പറയുന്നത്. കബാലിയുടെ കോട്ടും സ്യൂട്ടും നേരെയാക്കുന്നതിനിടയിൽ കുമുദവല്ലി പറയുന്നത്, “ഇന്നവരൊക്കെ ഇന്നതു പോലെയേ വസ്ത്രം ധരിക്കാവൂ എന്ന് കൽപ്പിച്ചു വച്ചിരിക്കുന്നതാരാണ്?”. ഇന്ത്യയിലെ ജാതി നിയമങ്ങൾ ഓരോ വ്യക്തികളും ജീവിക്കേണ്ട രീതിയെ നിർവ്വചിച്ചു വച്ചിട്ടുണ്ട്. അതിൽ ‘എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് ചിന്തിക്കണം’ എന്ന് വരെ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് വരുന്ന കറുത്ത നിറമുള്ളവർ മുഖ്യധാര സിനിമയിലും കോമഡി ഷോകളിലും ജീവിതത്തിലുമെല്ലാം അവഹേളിക്കപ്പെടേണ്ടവരാണ് എന്ന പൊതുബോധം പോലും ഇന്ത്യൻ ജാതി നിയമങ്ങളുടെ ഒരു വിപുലീകരിക്കപ്പെട്ട പതിപ്പാണ്. ആ ജാതി നിയമത്തെയാണ് കബാലിയുടെ വസ്ത്രവിധാനത്തിലൂടെ രഞ്ജിത്ത് അട്ടിമറിക്കുന്നത്. ഒരു ഭരണഘടന ഉണ്ടാവുന്നതിനും മുൻപ്, ഇന്ത്യ ജാതി നിയമങ്ങളിൽ ജീവിച്ചിരുന്ന കാലത്ത്, ഒരു കീഴാളന്റെ വസ്ത്രമായി സങ്കൽപ്പിക്കാനാകാത്ത കോട്ടും സ്യൂട്ടുമിട്ട് ഇന്ത്യൻ ജാതി വ്യവസ്ഥയെ വെല്ലുവിളിച്ച വ്യക്തിയുടെ പേര് ഡോ. ഭീംറാവ് റാംജി അംബേദ്ക്കർ എന്നായിരുന്നു എന്നതുകൂടി ചേർത്ത് വായിക്കുമ്പോഴേ കബാലിയുടെ വസ്ത്രത്തിന്റെ രാഷ്ട്രീയം പൂർത്തിയാകുന്നുള്ളൂ.

‘കബാലി’യിലെ അംബേദ്ക്കർ പരാമർശം ഒരു ചരിത്ര മുഹൂർത്തമാണ്. രഞ്ജിത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ തനിക്ക് മുൻപേ നടന്ന ഒരുപാട് പേർ മുൻപും അത്തരം സംഭാഷണങ്ങൾ എഴുതിട്ടുണ്ടാകാം. മിക്കവർക്കും അവസാന നിമിഷത്തിൽ അവയെ കൈവിടേണ്ടിയും വന്നിരിക്കാം. അതുകൊണ്ടൊക്കെ തന്നെയായിരിക്കാം രജനികാന്ത് എന്ന, രാജ്യാന്തര സിനിമയിൽ പോലും പേരുള്ള നടൻ അംബേദ്ക്കർ രാഷ്ട്രീയം പറഞ്ഞ ഷോട്ട് എടുത്ത ശേഷം പാ രഞ്ജിത്ത് വാഷ് റൂമിൽ ചെന്നിരുന്ന് കരഞ്ഞത്. അത് ഏതൊക്കെ അർത്ഥത്തിൽ ചരിത്രമാണ് എന്ന വ്യക്തമായ ബോധ്യം അയാൾക്കുണ്ടായിരുന്നിരിക്കണം.

സിനിമയുടെ തുടക്കം മുതൽ പലയിടത്തും കബാലി എന്ന കബലീശ്വരന്റെ ദലിത് സ്വത്വത്തെ രഞ്ജിത്ത് അടയാളപ്പെടുത്തുന്നുണ്ട്. ക്ലൈമാക്സിനോടടുത്ത് വീരസേഖരൻ എന്ന പ്രതിനായക കഥാപാത്രം കബാലിയോട് ദേഷ്യപ്പെടുന്ന വാക്കുകളിലൂടെ അത് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാകുന്നുണ്ട്.

“നീയാണോ ദൈവത്തിന്റെ പരമ്പരയിൽ പെട്ടയാൾ? അധികാരത്തിൽ വരാൻ തുടിക്കുന്നുണ്ടല്ലോ നീ! നാട്ടിൽ ഒരു തുണ്ട് ഭൂമിയുണ്ടായിരുന്നോ നിനക്ക്? ഭക്ഷണത്തിന് പോലും വകയില്ലാതെ വന്നവനാണ് നീ. ഭക്ഷണം കഴിച്ചിട്ട് പോയ്ക്കൂടെ നിനക്ക്? നല്ല വസ്ത്രമിട്ടാൽ മാത്രം മതിയോ? നിന്റെ ജനനത്തിൽ തന്നെയുണ്ട്, നീ ആരാണെന്നും എന്താണെന്നും! ഞാൻ ജീവനോടെ ഉണ്ടായിരിക്കുന്നയത്ര നാൾ നിന്നെയൊന്നും മുന്നിലെത്താൻ സമ്മതിക്കില്ലെടാ!”

ടോണി ലീ എന്ന പ്രധാന പ്രതിനായക കഥാപാത്രം പറയുന്നതും സമാനമായ കാര്യങ്ങളാണ്. , “നിനക്കൊന്നും മനുഷ്യനായി ജനിക്കാനുള്ള യോഗ്യതയില്ല. നിനക്ക് എന്റെ പട്ടിയാകാനുള്ള യോഗ്യതയേ ഉള്ളൂ.”

ഇതിനെല്ലാത്തിനും കൂടി കബാലി പറയുന്ന മറുപടിയാണ് സിനിമയിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഭാഗം. കോടിക്കണക്കിന് ആളുകളിലേക്ക് ഏറ്റവുമെളുപ്പത്തിലെത്താൻ സാധിക്കുന്ന രജനികാന്തിന്റെ ശബ്ദത്തിൽ പാ രഞ്ജിത്ത് ഒരു ജനതയ്ക്ക് വേണ്ടി സംസാരിക്കുകയായിരുന്നു ക്ലൈമാക്സിൽ.

“ഞാൻ മുന്നിലേക്ക് വരുന്നതാണ് നിന്റെ പ്രശ്നമെങ്കിൽ, ഞാൻ മുന്നിലേക്ക് വരിക തന്നെ ചെയ്യും. കോട്ടും സ്യൂട്ടുമിടും. കാലിൽ കാൽ കയറ്റി വച്ച് തന്നെ ഇരിക്കും.. സ്റ്റൈലായി! ഗെത്തായി (അഭിമാനം എന്നൊക്കെ അർഥം കൽപ്പിക്കാവുന്ന വാക്ക്)!”

 

ഹിന്ദുത്വത്തെ പോരിന് വെല്ലുവിളിക്കുന്ന ‘കാല’

“അവസാനമായി, എനിക്ക് നിങ്ങൾക്കായി നൽകാനുള്ള ഉപദേശം ‘പഠിക്കുക പോരാടുക സംഘടിക്കുക’ എന്നതാണ്. നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വസിക്കുക. നീതി നമ്മുടെ പക്ഷത്തായതിനാൽ, നമുക്ക് തോൽവിയുണ്ടാകുമെന്ന് ഞാൻ കരുതുന്നേയില്ല.”, ഡോ. ബി ആർ അംബേദ്ക്കർ

‘കാല’ ഒരു സിനിമ എന്ന നിലയിൽ പലപ്പോഴും നിരാശയാണ് സമ്മാനിക്കുന്നത്. കെട്ടുറപ്പില്ലാത്ത അയഞ്ഞ സ്ക്രിപ്റ്റിംഗാണ് സിനിമയുടേത്. എന്നാൽ ഒരു രാഷ്ട്രീയ നിലപാട് എന്ന നിലയിൽ ‘കാല’ സമാനതകളില്ലാത്ത സിനിമയാണത്. യാതൊരു വിധ മറയുമില്ലാതെയാണ് ‘കാല’ ഹിന്ദുത്വത്തെ പോരിന് വിളിക്കുന്നത്. പോരിൽ തോൽപ്പിക്കുന്നത്.

‘കാല’ എന്നത് കരികാലൻ എന്ന ദ്രാവിഡ ദൈവത്തിന്റെ പേരിൽ നിന്നും രൂപപ്പെട്ട പേരാണ്. ധാരാവിയുടെ കിരീടം വയ്ക്കാത്ത രാജാവാണ് ‘കാല’. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാളുകളാണ് കാലയും കൂട്ടാളികളും. കാലയുടെ കഥാപാത്ര നിർമ്മിതി പലപ്പോഴും അയ്യങ്കാളിയെ ഓർമ്മിപ്പിക്കും. വേണ്ടി വന്നാൽ ബലം പ്രയോഗിച്ചും നീതി നടപ്പാക്കണം എന്ന രീതിയായിരുന്നു അയ്യങ്കാളിയുടേത്. മാത്രമല്ല ദലിതരുടെ ക്ഷേത്ര പ്രവേശനമൊക്കെ കൊട്ടിഘോഷിച്ച് നടത്തപ്പെട്ടിരുന്ന കാലത്ത്, “എന്റെ സമുദായത്തിൽ പത്ത് ബി.എ.ക്കാർ ഉണ്ടാവുന്നതാണ് എനിക്ക് സന്തോഷം” എന്ന് പറഞ്ഞയാളാണ് അയ്യങ്കാളി. സിനിമയിൽ കാലയുടെ കഥാപാത്രം പലയിടത്തും പലരോടും വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കണം എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. 1911ൽ ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന അയങ്കാളി തന്റെ ആദ്യ പ്രസംഗം മുതൽ ആവശ്യപ്പെടുന്നത് തന്റെ സമുദായത്തിലെ ആളുകൾക്ക് ഭൂമി നൽകണം എന്നതായിരുന്നു. ‘കാല’ എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം തന്നെ ‘ഭൂമി ഞങ്ങളുടെ അവകാശം’ എന്നതാണ്.

സിനിമ തുടങ്ങുന്നത് തന്നെ ഭൂമി എങ്ങനെ അധികാരത്തിന്റെ ചിഹ്നവും കേന്ദ്രവുമായി വർത്തിച്ചു എന്നതിന്റെ ചരിത്രം പറഞ്ഞു കൊണ്ടാണ്. ഭൂമിക്ക് മേലുള്ള അധികാരം മനുഷ്യ ജീവിതങ്ങളെ എങ്ങനെയൊക്കെ മാറ്റുമെന്ന് പറഞ്ഞു വച്ചിട്ടാണ് ‘കാല’ ആരംഭിക്കുന്നത്. വളരെ ചെറിയ വീടുകളിൽ നഗര മാലിന്യങ്ങളുടെയും അഴുക്കു ചാലുകളുടേയും ഓരത്ത് ജീവിക്കുന്നവരായ മനുഷ്യരുടെ പ്രാഥമികമായ പ്രശ്നങ്ങളെ ഒരു വിധത്തില് ഡോക്യുമെന്റ് ചെയ്യുകയാണ് ‘കാല’യിലൂടെ പാ രഞ്ജിത്ത്. ചെറിയ മുറികളിൽ തിങ്ങി ഞെരുങ്ങി ജീവിക്കേണ്ടി വരുന്ന ഒരു ജനതയെയും ആ ജീവിതം അവരുടെ സ്വൈര ജീവിതത്തെ, സന്തോഷങ്ങളെ, ലൈംഗിക ജീവിതത്തെ, വിദ്യാഭ്യാസത്തെ ഒക്കെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും വ്യക്തമായി പ്രേക്ഷകനിലേക്കെത്തിക്കാൻ പാ രഞ്ജിത്തിനാകുന്നുണ്ട്. അങ്ങനെയുള്ള ജീവിതങ്ങൾക്ക് ഒരു മാറ്റമുണ്ടാവണമെങ്കിൽ അവർ ഭൂമിക്കു മേലുള്ള അവകാശം വീണ്ടെടുക്കണം എന്നാണ് സിനിമ ഉദ്ബോധിപ്പിക്കുന്നത്. ഭൂപരിഷ്കരണം നടന്ന കേരളത്തിൽ പോലും ഭൂരഹിതരിൽ 95% ദലിത് ആദിവാസി വിഭാഗങ്ങളാണ്. 75% ദലിത്-ആദിവാസികളും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ചുറ്റുപാടുകളിലാണ് ജീവിക്കുന്നത് എന്നാണ് കണക്ക്. ഭൂപരിഷ്കരണത്തിന്റെ ബാക്കിപത്രങ്ങളായി 30000 കോളനികൾ ഔദ്യോഗികമായി കേരളത്തിലുണ്ട്. 5 സെന്റിലും 3 സെന്റിലും തിങ്ങിജീവിക്കുന്ന ദലിത്-ആദിവാസി ജനതയെ കാണാം അവിടെ. ഇങ്ങനെയുള്ള സ്ഥിതിവിവരക്കണക്കുകൾ മുന്നിൽ വരുമ്പോഴാണ് ‘കാല’ സംസാരിച്ച വിഭവാധികാരത്തിന്റെ രാഷ്ട്രീയത്തിന്റെ പ്രസക്തി മനസ്സിലാവുക.

വാണിജ്യ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ‘ജയ് ഭീം’ മുഴങ്ങിയ സിനിമയാണ് ‘കാല’. തന്റെ മുൻ സിനിമകളിലും ഉപയോഗിച്ച ഹിപ് ഹോപ്പ്, തമിഴ് റാപ്പ്, ഗാനാ ഒക്കെ ‘കാല’യിലുമുണ്ട്. ‘കാല’യിൽ കുറച്ചുകൂടി പ്രാധാന്യം കൊടുത്തിട്ടുണ്ട് റാപ്പിനും ഹിപ് ഹോപ്പിനുമെല്ലാം. പാട്ടുകളുടെ വരികൾ പലതും ഹിന്ദുത്വത്തോട് നേരിട്ട് പോരിന് ആഹ്വാനം ചെയ്യുന്നതാണ്. ദൃശ്യങ്ങളിൽ ഒരുപാടിടങ്ങളിൽ അംബേദ്ക്കറും ബുദ്ധനും ഫൂലെയുമെല്ലാം മിന്നി മറയുന്നുണ്ട്. ഒരു സീനിൽ മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇടപെടാതിരിക്കുന്ന സർക്കാർ ഓഫീസിന് മുന്നിൽ മാലിന്യം കൊണ്ടു വന്നിടുന്ന രംഗമുണ്ട്. ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോലുരിഞ്ഞ ദലിതരെ അടിച്ചതിന് തിരിച്ചടിയായി ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ പശുവിന്റെ മാലിന്യം നിക്ഷേപിക്കുന്ന സമരമുറ പുറത്തെടുത്തിരുന്നു. “പശുവിന്റെ വാൽ നിങ്ങൾ വച്ചോളൂ, ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി തരൂ” എന്നതായിരുന്നു അവർ മുന്നോട്ട് വച്ച മുദ്രാവാക്യം. ഉന സംഭവത്തിന്റെ റഫറൻസായി കാണാം ‘കാല’യിലെ ആ സീൻ.

‘കാല’യുടെ ക്ലൈമാക്സിനോടടുക്കുമ്പോൾ കരികാലൻ എന്ന ‘കാല’, ഭൂമിയുടെ പ്രശ്നം പരിഹരിക്കാനായി മുന്നോട്ട് വയ്ക്കുന്ന ആശയം തങ്ങളുടെ ശരീരങ്ങളെ തന്നെ ആയുധമാക്കി മാറ്റി സമരം ചെയ്യാനാണ്. ഇവിടെയാണ് ‘കാല’ ഒരു രജനികാന്ത് ചിത്രത്തിൽ നിന്നും പാ രഞ്ജിത്ത് സിനിമായാകുന്നത്. പ്രതിനായകരെയെല്ലാം ഒറ്റക്ക് ഇല്ലായ്മ ചെയ്യുന്ന സ്ഥിരം രജനി നായകവാർപ്പുകളെ പൊളിച്ചെഴുതിക്കൊണ്ട്, സംഘടിച്ച് ശക്തി നേടി ശത്രുക്കളെ നേരിടാൻ പറയുകയാണ് ‘കാല’.

മണിരത്നം ‘രാവണൻ’ എന്ന സിനിമയെടുത്തപ്പോൾ രാമനെ തഴുകിക്കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്. ഒടുവിൽ രാവണനെ കൊല്ലുന്ന രാമനിൽ കഥ അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ കീഴാളനായ ഒരുവൻ തപസ്സ് ചെയ്തു എന്ന കുറ്റത്തിന്, ആ ഒരു കുറ്റത്തിന് മാത്രം, ശംഭൂകന്റെ തലയറുത്ത രാമനെ നന്മയുടെ തണലില് നിര്‍ത്തിക്കൊണ്ട് കഥ പറയേണ്ട ബാധ്യത തനിക്കില്ല എന്ന് പാ രഞ്ജിത്ത് വ്യക്തമാക്കുന്നുണ്ട്. രാമന്റെ പ്രതിമയിരിക്കുന്ന മുറിയിൽ വച്ചു തന്നെ നാനാ പടേക്കറിന്റെ ഹരി ദാദയോട് ‘കാല’ പറയുന്നത് “ഞങ്ങൾക്കും ഞങ്ങളുടെ ഭൂമിക്കുമിടയിൽ നിൽക്കുന്നത് നിന്റെ ദൈവമാണെങ്കിൽ ആ ദൈവത്തെയും ഞാൻ വെറുതെ വിടില്ല.” എന്നാണ്. അവസാനത്തെ സംഘട്ടന രംഗത്തിന് പശ്ചാത്തലത്തിൽ രാമ രാവണ യുദ്ധത്തിന്റെ നറേഷൻ വളരെ ഭംഗിയായി രഞ്ജിത്ത് ചേർത്തിട്ടുണ്ട്. രാമനെ പ്രതിനായകനോടൊപ്പവും രാവണനെ നായകനോടൊപ്പവും പ്രതിഷ്ടിക്കുന്ന ആ സീക്വൻസുകൾ പാ രഞ്ജിത്ത് എന്ന ആശയങ്ങൾ തുറന്ന് പറയാൻ ഭയമില്ലാത്ത ഫിലിം മേക്കറെ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവന്ന് നിർത്തുന്നു.

പുതുകാലഘട്ടത്തിന്റെ പുതിയ രാഷ്ട്രീയവർണ്ണങ്ങളിൽ അലിഞ്ഞില്ലാതെയാവാനുള്ളതേയുള്ളൂ ഹിന്ദുത്വം എന്ന വെല്ലുവിളി എന്ന് പറഞ്ഞ് വയ്ക്കുന്ന ദാർശനികമായ ക്ലൈമാക്സാണ് ‘കാല’യുടേത്.

“അവരുടെ ഹിന്ദുത്വമല്ല യഥാർഥ ഹിന്ദുത്വം, ശരിക്കുമുള്ള ഹിന്ദുത്വം വളരെ നല്ലതാണെന്നൊക്കെ” ധ്വനിപ്പിച്ച് ശശി തരൂരിനെ പോലുള്ളവര്‍ “വൈ അയാം എ ഹിന്ദു” എഴുതുന്ന കാലത്ത് ഹിന്ദുത്വം തള്ളിക്കളയേണ്ട പ്രത്യയശാസ്ത്രമാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്ന പാ രഞ്ജിത്തിനെപ്പോലെ നിലപാടുള്ളവർ ചെറുതല്ലാത്ത പ്രതീക്ഷകളാണ്. ഭരണഘടന തിരുത്തുക എന്നതിൽ തത്വാധിഷ്ടിതമായി വിശ്വസിക്കുന്ന ജനാധിപത്യവിരുദ്ധരായ കൂട്ടങ്ങളെ നേരിടേണ്ടതുള്ളപ്പോൾ ഇനിയുമൊരുപാട് പാ രഞ്ജിത്തുമാരെ നമുക്കാവശ്യമായും വരും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Politics and films of pa ranjith kaala kabaali attakathi madras