ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ അർദ്ധരാത്രിയിലെ പിറന്നാൾ മേളത്തിന് തടയിട്ട് മുംബൈ പൊലീസ്. മുംബൈ സബർബനിലെ​ ഒരു റസ്റ്ററന്റിലായിരുന്നു ഷാരൂഖിന്റെ ജന്മദിനാഘോഷ പാർട്ടി സംഘടിപ്പിച്ചത്. എന്നാൽ നഗരത്തിൽ അർദ്ധരാത്രി ഒരു മണിയ്ക്ക് ശേഷമുള്ള പാർട്ടികൾ അനുവദനീയമല്ലാത്തതിനാൽ പൊലീസ് ഇടപെട്ട് ആഘോഷപരിപാടികൾ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

തന്റെ 53-ാം പിറന്നാളോട് അനുബന്ധിച്ചായിരുന്നു ഷാരൂഖ് ബാന്ദ്രയിലെ സ്വാൻകി റസ്റ്ററന്റിൽ അടുത്ത സുഹൃത്തുക്കൾക്കു വേണ്ടി പാർട്ടി ഒരുക്കിയത്. പൊലീസ് എത്തുമ്പോൾ പാർട്ടി ഹാളിൽ നിന്നും ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് കേൾക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് വൃത്താന്തങ്ങൾ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Read more: ഷാരൂഖ് ഖാൻ: ചില അപൂർവ്വ ദൃശ്യങ്ങൾ

പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് തന്റെ പുതിയ ചിത്രമായ ‘സീറോ’യുടെ ട്രെയിലറും ആരാധകർക്കായി ഷാരൂഖ് റിലീസ് ചെയ്തിരുന്നു. ട്രെയിലർ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിച്ച ഷാരൂഖ് ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞു.

“ഉടമസ്ഥാവകാശം ഒരാളെ വളരെ ചെറിയ ഒരാളാക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ പിറന്നാളിനു പോലും അവകാശിയല്ലാത്ത ഞാനാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നു ഞാൻ വിശ്വസിക്കുന്നു, എന്നെയും എന്റെ കുടുംബത്തെയും ഒരുപാട് സ്നേഹിക്കുന്ന എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്റെ ജന്മദിനം. ദൈവത്തിന് നന്ദി,” എന്നാണ് ആരാധകരുടെ പിറന്നാൾ ആശംസകൾക്കുള്ള മറുപടിയെന്നോണം ഷാരൂഖ് ട്വിറ്ററിൽ കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook