ചെന്നൈ: നടി രമ്യ കൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും മദ്യകുപ്പികൾ പിടികൂടി. സംഭവത്തിൽ പൊലീസ് രമ്യ കൃഷ്ണന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയിൽ ഇസിആർ റോഡിലെ മുട്ടുകാട് വച്ചാണ് പൊലീസ് താരത്തിന്റെ കാർ പരിശോധിച്ചതും മദ്യകുപ്പികൾ കണ്ടെടുക്കുന്നതും. 8 മദ്യ കുപ്പികളും 2 ക്രെയ്റ്റ് ബീർ ബോട്ടിലുമാണു പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. രമ്യയ്ക്കും ഡ്രൈവർക്കുമൊപ്പം രമ്യയുടെ സഹോദരിയും കാറിലുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കോവിഡ് ലോക്ഡൗൺ നിലവിലുള്ളതിനാൽ ചെന്നൈയിൽ മദ്യ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. മറ്റു ജില്ലകളിൽ മദ്യക്കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു.

“രാത്രി പതിവു വാഹനപരിശോധനയ്ക്കിടെ ഇസി ആർ റോഡിൽ വെച്ച് മഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കുമ്പോഴാണ് മദ്യകുപ്പികൾ കണ്ടെടുത്തത്. താരം സഞ്ചരിച്ച ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ നിന്നും രണ്ട് ക്രേറ്റ് ബിയറും എട്ട് കുപ്പി മദ്യവും പോലീസ് കണ്ടെത്തുകയായിരുന്നു,” പൊലീസ് ഓഫീസർ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിൽ മദ്യ വിൽപ്പന ആരംഭിച്ചെങ്കിലും ചെന്നൈ റെഡ് സോൺ ആയതിനാൽ ഇവിടെ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (TASMAC) നഗരത്തിൽ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചെന്നൈയിൽ നിന്നും ആളുകൾ പുതുച്ചേരിയിലെത്തി മദ്യം വാങ്ങുകയാണ് ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook