റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിന്റെ ഭാഗമായി വ്യത്യസ്ഥ രീതിയിലുളള പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. കായംകുളം കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്ന വിളംഭരത്തോടെ റെയില്‍വെ സ്റ്റേഷനുകളിലാണ് ചിത്രം പതിച്ചിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് റെയില്‍വെ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാനായി പൊലീസ് അറിയിപ്പ് എന്ന പോലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ചിത്രം: വിക്ടര്‍ ജോര്‍ജ്

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മറ്റും കായംകുളം കൊച്ചുണ്ണിയായുളള നിവിന്റെ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ഇതാദ്യമായാണ് നിവിന്‍ ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തിലാണ് ലാലേട്ടന് എത്തുന്നത്. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

ഇത്തിക്കരപ്പക്കിയായുളള ലാലേട്ടന്റെ പോസ്റ്റററുകള്‍ക്കെല്ലാം നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ വ്യത്യസ്ഥമാര്‍ന്നൊരു ലുക്കിലെത്തിയതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്. നിവിനൊപ്പം ലാലേട്ടന്റെ സാന്നിദ്ധ്യവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറും.

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്. നോട്ട്ബുക്ക്, മുംബൈ പോലീസ്,ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. റോഷനും ബോബി- സഞ്ജയ് ടീമും വീണ്ടുമൊന്നിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇവരുടെ തിരക്കഥ തന്നെയായിരിക്കും ചിത്രത്തില്‍ മികച്ചുനില്‍ക്കുക. ഹേയ് ജൂഡിനു ശേഷം നിവിന്റെ മറ്റൊരു ശ്രദ്ധേയ പ്രകടനമായിരിക്കും ചിത്രത്തിലേതെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്കു പുറമെ മൂത്തോന്‍ എന്നൊരു ചിത്രവും നിവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ടൊരു ചിത്രമാണ്.

കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചു പിടിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. സിനിമയുടെ ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓവര്‍സീസ്, തിയറ്റര്‍ തുടങ്ങിയവയുടെ അവകാശങ്ങളുടെ വില്‍പനയിലൂടെയാണ് കൊച്ചുണ്ണി കോടികള്‍ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇറോസ് ഇന്റര്‍നാഷണലാണ് സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക് എന്നിവയുടെ റൈറ്റ്‌സ് ഏകദേശം 25 കോടി രൂപയ്ക്കാണ് ഇവര്‍ നേടിയത്. മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന് തന്നെയാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികളാണ്.ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook