ട്വി​റ്റ​റി​ൽ തമാശ വിഡി​യോ ഷെ​യ​ർ ചെ​യ്ത മുതിർന്ന ബോളിവുഡ് ന​ട​ൻ റി​ഷി ക​പൂ​ർ പുലിവാല് പിടിച്ചു. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് താരത്തിനെതിരെ പൊലീസിൽ പരാതി. ‘ജ​യ് ഹോ’ ​എ​ന്ന എ​ൻ​ജി​ഒ ഫൗ​ണ്ടേ​ഷനാണ് റി​ഷി ക​പൂ​റി​നെ​തി​രെ പ​രാ​തി​ നൽകിയിരിക്കുന്നതെന്ന് ഐഎഎൻഎസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

റി​ഷി ക​പൂ​റി​നെ​തി​രെ എ​ഫ്ഐ​ആ​ർ റജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും ഫൗ​ണ്ടേ​ഷ​ൻ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അശ്ലീലകരമായ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ഐടി ആക്ട് പ്രകാരവും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ബാന്ദ്രഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് റിഷി കപൂര്‍ പരാതിക്കാധാരമായ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ നില്‍ക്കുന്ന യുവതിക്ക് പുറകില്‍ വന്ന് നില്‍ക്കുന്ന ആണ്‍കുട്ടി അവരുടെ പിറക് ഭാഗത്ത് സ്പര്‍ശിക്കുകയും ഇതറിയാതെ അവിടെ വന്നുപെട്ട യുവാവിനെ തെറ്റിദ്ധാരണ മൂലം യുവതി അടിക്കുന്നതുമായിരുന്നു വിഡിയോ.

ട്വിറ്ററില്‍ 2.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള റിഷി കപൂര്‍ ഇത്തരത്തിലൊരു വിഡിയോ ഷെയര്‍ ചെയ്യുമ്പോള്‍ അത് അത്രയധികം പേരില്‍ എത്തുമെന്നും ഇത് തെറ്റായ സന്ദേശമാണ് ആളുകളില്‍ എത്തിക്കുകയെന്നുമാണ് പരാതിയില്‍ പറയുന്നത്. 550ഓളം പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും 3500ഓളം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ