ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന ചിത്രത്തിൽ നിയമലംഘനമില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. ചിത്രം നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് അനുയോജ്യമായ ഭാഷയും സംഭാഷണവുമാണ് ചിത്രത്തിൽ ഉള്ളതെന്നും എഡിജിപി ബി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്പെടുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചിട്ടില്ലാത്തതിനാൽ ചുരുളി എന്ന സിനിമയ്ക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികള്‍ ഒന്നും എടുക്കേണ്ടതില്ലെന്നും കമ്മിറ്റി നിർദേശിച്ചു.
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സ്വകാര്യവ്യക്തി ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ചിത്രം കണ്ടതിനു ശേഷമാണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.