ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്ന വെബ്സൈറ്റായ തമിഴ് റോക്കേഴ്സിന്റെ അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

വെബ്സൈറ്റിന്റെ തേർഡ് ലെവൽ അഡ്മിനായി പ്രവർത്തിക്കുന്ന ഗൗരി ശങ്കർ എന്നയാളെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തമിഴ്- മലയാളം ചിത്രങ്ങള്‍ വെബ്സൈറ്റ് വഴി പുറത്തുവിട്ടതിനെ തുടര്‍ന്ന് മാസങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

പലപ്പോഴും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ സംവിധായകനും നിര്‍മ്മാതാവിനും മുന്നറിയിപ്പ് നല്‍കിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കാറുളളത്. റിലീസ് ചെയ്യാനിരിക്കുന്ന വിശാല്‍ ചിത്രം തുപ്പരിവാളനേയും ഇത്തരത്തില്‍ റാഞ്ചുമെന്ന് സംഘം ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ ഇയാളുടെ സംഘാംഗങ്ങളെ കണ്ടെത്താന്‍ പൊലീസിനായില്ല. അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ