PM Narendra Modi trailer: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ബയോപിക് ചിത്രം ‘പിഎം നരേന്ദ്രമോദി’യുടെ ട്രെയിലർ റിലീസ് ചെയ്തു. രാജ്യസ്നേഹിയായ, ത്രിവർണപതാക കയ്യിലേന്തി രാജ്യത്തിനു വേണ്ടി പോരാടാൻ അണികളോട് ആഹ്വാനം ചെയ്യുന്ന മോദിയെയാണ് ട്രെയിലറിൽ കാണാൻ കഴിയുക. മോദിയോട് സാദൃശ്യമുള്ള വിവേക് ഒബ്റോയിയുടെ വേഷപ്പകർച്ചയാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്. മോദിയുടെ കുട്ടിക്കാലവും യൗവ്വനവും പ്രധാനമന്ത്രിയായതിനു ശേഷമുള്ള സംഭവങ്ങളുമെല്ലാം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്.

‘മേരികോം’, ‘സരബ്ജിത്ത്’ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ‘പി എം നരേന്ദ്ര മോദി’ നേരത്തേ പ്രഖ്യാപിച്ചതിനും ഒരാഴ്ച മുമ്പ് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഏപ്രില്‍ അഞ്ചിന് തന്നെ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

വിവേക് ഒബ്റോയിയ്ക്ക് പുറമെ ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, അക്ഷത് ആര്‍ സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Read more: PM Modi biopic: സറീന വഹാബ് മോദിയുടെ അമ്മയാവുന്നു

ഓമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഴിഞ്ഞ 2 വര്‍ഷക്കാലമായി അണിയറയില്‍ ശ്രമം നടക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്‌റോയിക്ക് ആയിരുന്നു.

“ഞാന്‍ ഭാഗ്യവാനാണ്. ഇന്നെനിക്ക് 16 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്റെ ‘കമ്പനി’ ഡെയ്‌സ് ഓര്‍മ്മ വരുന്നു. അന്നത്തെ അതേ ആവേശവും ഉന്മേഷത്തിലുമാണ് ഞാന്‍. ഏതു നടന്റെ ജീവിതത്തിലേയും ഏറ്റവും സുപ്രധാനമായൊരു റോളാണിത്. ഈ യാത്രയ്ക്ക് അവസാനം ഞാന്‍ കൂടുതല്‍ മികച്ച നടനും കൂടുതല്‍ നല്ല മനുഷ്യനുമായി തീരണമേയെന്നാണ് എന്നാണ് പ്രാര്‍ത്ഥന. വ്യക്തി പ്രഭാവം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഈ അവിശ്വസനീയമായ യാത്ര പൂര്‍ത്തിയാക്കാന്‍ എനിക്ക് താങ്കളുടെ അനുഗ്രഹം വേണം,” തന്റെ കഥാപാത്രത്തെ കുറിച്ച് വിവേക് ഒബ്റോയ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook