പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ‘പിഎം നരേന്ദ്ര മോദി’ ഒരു ഡോക്യുമെന്ററി അല്ലെന്നും, വസ്തുതകള്‍ പറയാനല്ല താന്‍ അതില്‍ അഭിനയിക്കുന്നതെന്നും ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയ് ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് ഇതൊരു വൈകാരിക യാത്രയാണ്. ഒരു പ്രചോദന കഥയാണ്. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും താഴ്ന്ന പശ്ചാത്തലത്തിലുളളരാള്‍ക്ക്, ലോക നേതാക്കളുമായി തന്റെ വിദ്യാഭ്യാസം പൊരുത്തപ്പെടുന്നില്ലെന്ന കാര്യം അധൈര്യപ്പെടുത്തുണ്ടാകും എന്ന്. എന്നാല്‍ ഇവിടെ അദ്ദേഹം തുറന്ന് സംസാരിക്കുന്ന ആളാണ്. അന്താരാഷ്ട്ര നേതാക്കളുമൊന്നിച്ച് അദ്ദേഹം നടക്കുന്നു അവര്‍ക്കൊപ്പം ഇരിക്കുന്നു, സാങ്കേതി വിദഗ്ധനാകുന്നു, മുന്നോട്ട് വരുന്നു.’
‘അജണ്ടകളില്ലാതെ, എതിര്‍പ്പുകളില്ലാതെ, വിമര്‍ശകരും വിമര്‍ശനങ്ങളും ഇല്ലാതെ ഒരു കഥയും പൂര്‍ണമല്ല. ഏതൊരു പ്രചോദനാത്മക കഥയും എങ്ങനെയാണ് നിങ്ങള്‍ വെല്ലുവിളികളെ അതിജീവിച്ചതെന്നാണ് കാണിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയിലും ഉള്ളത്,’ വിവേക് ഒബ്റോയ് പറയുന്നു.
Read More: PM Narendra Modi Film Release: നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ മേയ് 24 ന് റിലീസ്
ഈ ചിത്രത്തെ പിന്തുണയ്ക്കാന്‍ ബോളിവുഡിന് ഭയമാണെന്നും വിവേക് ഒബ്റോയ് പറയുന്നു. ബോളിവുഡ് സിനിമാ ലോകം എപ്പോഴും എളുപ്പമുള്ളതും മൃദുവായതുമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുകയെന്നും രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ഭയമാണെന്നും വിവേക് ഒബ്റോയ് അഭിപ്രായപ്പെട്ടു.
‘പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നത് ഒരു കാര്യം. എന്നാല്‍ രാജ്യമൊട്ടാകെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനം നേരിടുന്ന ഒരു സിനിമയെ പിന്തുണയ്ക്കുക എന്നത് വ്യത്യസ്തമായ കാര്യമാണ്. എന്റെ ചിത്രത്തിന് എതിരായി നില്‍ക്കുന്ന ഒരു മഹാസഖ്യം ഉണ്ട്. ശരത് പവാര്‍ മുതല്‍ സ്റ്റാലിന്‍ വരെയുള്ള എല്ലാവര്‍ക്കും എന്റെ സിനിമ നിരോധിക്കുക എന്നതാണ് ആവശ്യം,’ വിവേക് ഒബ്റോയ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന്റ പെരുമാറ്റച്ചട്ട ലംഘനമാണ് ചിത്രം എന്ന് ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസ് തടഞ്ഞുവെച്ചിരുന്ന ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ എത്തും. ഏപ്രില്‍ അഞ്ചിനായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിനു മുന്‍പ് ചിത്രം റിലീസ് ചെയ്യുന്നതിന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമന്‍ പന്‍വാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമായത്.
ഇപ്പോള്‍, മേയ് 23 ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന്റെ തൊട്ടു പിറ്റേദിവസം തന്നെ ചിത്രം റിലീസിനെത്തിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും മോദി ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചനകള്‍ ശക്തമാകുകയും ചെയ്തതും ചിത്രത്തിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മോദിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഒബ്‌റോയ് ആണ്. ചിത്രത്തിന് അനുഗ്രഹം തേടി മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദി നഗരത്തിലെ സായിബാബ ക്ഷേത്രത്തിലും അടുത്തിടെ വിവേക് സന്ദര്‍ശിച്ചിരുന്നു.
നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയാണ് ചിത്രം പറയുന്നത്. പുതിയ ട്രെയിലറില്‍ മോദിയ്ക്ക് ഒപ്പം സോണിയ ഗാന്ധി, മന്‍മോഹന്‍സിംഗ് എന്നിവരെയും അവതരിപ്പിക്കുന്നുണ്ട്.
‘മേരി കോം’, ‘സരബ്ജിത്ത്’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഒമംഗ് കുമാറിന്റെ ഈ ചിത്രം മലയാളം അടക്കം ഇരുപത്തിമൂന്നു ഭാഷകളില്‍ റീലിസ് ചെയ്യും. ‘രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്‌റോയിക്ക് ആയിരുന്നു.