ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പി.എം.മോദി’ ഏപ്രില്‍ അഞ്ചിന് തിയറ്ററുകളിലെത്തില്ല. സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിംഗാണ് റിലീസ് മാറ്റിവച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഏപ്രില്‍ അഞ്ചിന് സിനിമ തിയറ്ററുകളിലെത്തില്ലെന്നും മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് സിംഗ് ട്വിറ്ററില്‍ കുറിച്ചത്.

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് വൈകാന്‍ കാരണം. തിരഞ്ഞെടുപ്പ് ആരംഭിക്കും മുന്‍പ് സിനിമ തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് വേണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. “വളരെ പ്രത്യേകതകൾ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാൻ കഴിയുന്നതിൽ സന്തോഷവും ആവേശവുമുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook