പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം.മോദി’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തിരഞ്ഞെടുപ്പ് കഴിയും വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തിരിച്ചടിയായി. നാളെയായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

പി.എം.മോദിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. സിനിമയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാം എന്നായിരുന്നു ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ സിനിമയില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ ജീവിത കഥയുമായി ബന്ധപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടെന്നും കമ്മീഷന്‍ പറയുന്നു. പി.എം.മോദിയെ കൂടാതെ ‘എന്‍ടിആര്‍ ലക്ഷ്മി’, ‘ഉടയമ സിംഹം’ തുടങ്ങിയ സിനിമകള്‍ക്കുമെതിരെ പരാതി ഉണ്ടായിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Read More: ദേശസ്നേഹിയായ മോദി; ‘പി എം നരേന്ദ്രമോദി’യുടെ ട്രെയിലറെത്തി

ചിത്രത്തിന്റെ റിലീസിനെതിരെ കോൺഗ്രസ് പ്രവർത്തകൻ അമൻ പൻവാർ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്നും ചിത്രം തിരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിക്കുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു അമൻ പൻവാർ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി തലവനായ ബെഞ്ചാണ് റിലീസ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയത്. അതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സിനിമയുടെ റിലീസ് തടഞ്ഞിരിക്കുന്നത്.

Read More: ഇവരാണ് ‘പി എം നരേന്ദ്ര മോദി’യിലെ താരങ്ങൾ

വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. “വളരെ പ്രത്യേകതകൾ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാൻ കഴിയുന്നതിൽ സന്തോഷവും ആവേശവുമുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook