പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം. നരേന്ദ്ര മോദി’യെന്ന ചിത്രത്തിൽ മുതിർന്ന നടി സറീന വഹാബ് മോദിയുടെ അമ്മയായി അഭിനയിക്കുന്നു. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് റിലീസ് ആയിരിക്കുകയാണ്. വിവേക്​ ഒബ്റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. ടെലിവിഷൻ താരം ബർഖ ബിഷ്ടാണ് ചിത്രത്തിൽ നരേന്ദ്രമോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിലെത്തുന്നത്.

“ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ വേഷം ചെയ്യാൻ സാധിക്കുന്നത് ഒരു ആദരവായി കാണുന്നു. ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറെ സ്പെഷൽ ആയൊരു കഥാപാത്രമാണിത്. പ്രേക്ഷകർക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” സറീന വഹാബ് പറയുന്നു. 62 കാരിയായ സറീന വഹാബിനെ നമ്മളൊടുവിൽ കണ്ടത് ജൂഹി ചൗളയും ഷബാന ആസ്മിയും ഒന്നിച്ചെത്തിയ ‘ചോക്ക് ആന്‍ഡ് ഡസ്റ്റര്‍’ എന്ന ചിത്രത്തിലാണ്.

പ്രശസ്ത ടെലിവിഷൻ താരമായ ബർഖ ബിഷ്ടിനും ഇത് സ്വപ്നസമാനമായ ഒരു അവസരമാണ്. “ഇതുപോലെ മനോഹരമായൊരു ചിത്രത്തിൽ എനിക്കൊരു അവസരം തന്നതിന് സന്ദീപ് സിംഗിന് നന്ദി. മുൻപ് അദ്ദേഹത്തിനൊപ്പം ‘രാം ലീല’യിലാണ് വർക്ക് ചെയ്തത്. മഹത്തായൊരു അനുഭവമായിരുന്നു അത്. ഇപ്പോൾ യെശോദാബെന്നും രസകരമായൊരു കഥാപാത്രം തന്നെ,” ബർഖ പറയുന്നു. സഞ്ജയ് ലീല ബെൻസാലിയുടെ ‘രാം ലീല’യിൽ ദീപിക പദുകോണിന്റെ സഹോദിയുടെ വേഷമായിരുന്നു ബർഖയ്ക്ക്.

“ചിത്രത്തിൽ ഏറെ നിർണായകമായ കഥാപാത്രങ്ങളെയാണ് സറീനാ വഹാബും ബർഖയും അവതരിപ്പിക്കുന്നത്. സറീനജി ചിത്രത്തിനോട് സഹകരിക്കാമെന്നു പറഞ്ഞത് തന്നെ ഏറെ സന്തോഷകരമാണ്, അവരോളം നന്നായി മറ്റാർക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആവില്ല. ഈ ചിത്രത്തിന് വളരെ കഴിവുള്ളവരും കരുത്തരുമായ അഭിനേതാക്കളെ തന്നെ കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവായ സന്ദിപ് സിംഗ് പറയുന്നു.

ബൊമാൻ ഇറാനി, സുരേഷ് ഒബ്റോയ്, ദർശൻ കുമാർ എന്നു തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ജനുവരി മാസത്തിൽ 23 ഭാഷകളിലായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെ്തിരുന്നു. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം.

ഓമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഴിഞ്ഞ 2 വര്‍ഷക്കാലമായി അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook