അന്തരിച്ച നടി ശ്രീദേവിയുടെ മരണകാരണങ്ങള്‍ ചര്‍ച്ച ചെയ്തും പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടുപിടിക്കുന്നത് അവസാനിപ്പിക്കണമെന്ന് നടി ഖുശ്ബു. അവരുടെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണമെന്നും ഖുശ്ബു തന്റെ ട്വിറ്ററില്‍ കുറിച്ചു.

‘മരിച്ചു പോയ അവരുടെ ആത്മാവിനെ കീറിപ്പറിക്കുന്നത് നമുക്ക് നിര്‍ത്തിക്കൂടെ? തങ്ങളുടെ അമ്മയെ നഷ്ടപ്പെട്ട രണ്ടു ചെറിയ പെണ്‍കുട്ടികളുണ്ട്. പ്രിയപ്പെട്ട ഭാര്യയെ നഷ്ടപ്പെട്ട ഒരു മനുഷ്യനുണ്ട്. തങ്ങളുടെ എല്ലാമെല്ലാമായ മകളെ നഷ്ടപ്പെട്ട ഒരു കുടുംബമുണ്ട്. ജനലക്ഷങ്ങള്‍ക്ക് ശ്രീദേവി എന്തായിരുന്നു എന്നതിന് അപ്പുറം, ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്.’

ശ്രീദേവിയുടെ മരണകാരണങ്ങളുടെ ആഴങ്ങള്‍ പരിശോധിക്കുന്ന മാധ്യമങ്ങളേയും ഖുശ്ബു വിമര്‍ശിച്ചു. ഇത്തരം മാധ്യമപ്രവര്‍ത്തനം കാരണമാണ് ആളുകള്‍ള്‍ക്ക് മാധ്യമങ്ങളോട് ബഹുമാനം നഷ്ടപ്പെട്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന കാര്യം മറക്കരുതെന്നും ഖുശ്ബു പറഞ്ഞു.

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

മരണകാരണം സംബന്ധിച്ച ആശയകുഴപ്പത്തെ തുടര്‍ന്ന് മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്ന് പറഞ്ഞ സംഭവത്തില്‍ പിന്നീട് ബാത്ത്‌റൂമില്‍ വീണാണ് മരണമെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇന്നലെ ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നതോടെയാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്. ബാത്ത്‌റൂമിലെ ബാത്ത്ടബില്‍ മുങ്ങിമരിച്ചുവെന്നാണ് പരിശോധനാഫലം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook