അട്ടപാടിയിൽ നിന്ന് മലയാള സിനിമാ പിന്നണി ഗാന ലോകത്തെത്തിയ താരമാണ് നഞ്ചിയമ്മ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ദേശീയ പുരസ്കാരം നേടി നഞ്ചിയമ്മ വലിയ നേട്ടമാണ് കൈവരിച്ചത്. ഒരു നല്ല വീട് സ്വന്തമായി ഇല്ലായിരുന്ന നഞ്ചിയമ്മയുടെ ജീവിതത്തിലേയ്ക്ക് സന്തോഷം വന്നു ചേർന്നിരിക്കുകയാണ്. ‘ഫിലോകാലിയ ഫൗണ്ടേഷൻ’ എന്ന സംഘടന നഞ്ചിയമ്മയ്ക്ക് ഒരു പുത്തൻ വീട് നിർമ്മിച്ച് നൽകിയിരിക്കുന്നു. “അവാർഡ് ലഭിച്ചെന്നറിഞ്ഞ് നഞ്ചിയമ്മയെ കാണാൻ എത്തിയപ്പോഴാണ് പുരസ്കാരങ്ങൾ വയ്ക്കാൻ പോലും ഇടമില്ലാത്ത വീടാണ് അവർക്കുളളതെന്ന് മനസ്സിലായത്. അങ്ങനെയാണ് ഒരു പുതിയ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്” ഫൗണ്ടേഷൻ അധികൃതർ പറയുന്നു. നഞ്ചിയമ്മ വീട്ടിൽ പ്രവേശിക്കുന്നതിന്റെയും പാല്കാച്ചുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
നക്കുപതി ഊരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. ഈ വീടിനോടു ചേർന്ന് തന്നെയാണ് പുതിയ ഭവനം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയോടെ വീട്ടിൽ താമസം ആരംഭിച്ചിരിക്കുകയാണ് നഞ്ചിയമ്മ. പുതിയ വീടിന്റെ നിർമ്മാണ് മൂന്നു മാസം മുൻപാണ് ആരംഭിച്ചത്.
ആലാപനത്തിന് പുറമെ അഭിനയത്തിലും സാന്നിധ്യം തെളിയിക്കാൻ ഒരുങ്ങുകയാണ് നഞ്ചിയമ്മ. ശരത് ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ത്രിമൂർത്തി’ എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ അരങ്ങേറ്റം കുറിക്കുന്നത്.
ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലണ്ടനിലെ ആസ്വാദകര്‍ക്കായി സംഗീത വിരുന്നൊരുക്കാന്‍ നഞ്ചിയമ്മ പോയിരുന്നു.ലിവര്‍പൂള്‍, ലണ്ടന്‍, ബ്രിസ്റ്റോള്‍ എന്നിവടങ്ങളിലാണ് ഷോ നടന്നത്. പ്രശസ്ത സംഗീത സംഘം ബീറ്റില്‍സിന്റെ പ്രതിമയ്ക്കൊപ്പമുളള നഞ്ചിയമ്മയുടെ ചിത്രം ശ്രദ്ധ നേടിയിരുന്നു.