മലയാള സംഗീത ലോകം കണ്ട എണ്ണമറ്റ ഗായകരിൽ ഏറ്റവും മികച്ച ഒരു പാട്ടുകാരി തന്നെയാണ് മഞ്ജരി എന്ന് നിസംശയം പറയാം. സത്യൻ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ സ്ഥാനം നേടിയ പാട്ടുകാരി. പാട്ടിയ പാട്ടുകളിൽ ഒട്ടുമിക്കതും ഹിറ്റ്. മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകർക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാൻ അവസരം ലഭിച്ച പാട്ടുകാരി. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസൽ ഗായിക.

സംഗീത നിശകളിലെയും സൂര്യ ഫെസ്റ്റിലേയുമൊക്കെ നിറ സാന്നിദ്ധ്യം കൂടിയാണ് മഞ്ജരി. കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിൽ എത്തിയ മഞ്ജരിയോട് ഒരാൾ ചോദിച്ച ചോദ്യം “സ്റ്റേജിൽ പാടുമ്പോൾ മറക്കാനാകാത്ത എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ,” എന്നായിരുന്നു. അതിന് മഞ്ജരി പറഞ്ഞ ഉത്തരം രസകരമായിരുന്നു.

Read More: മക്കൾക്കൊപ്പം നദിയ മൊയ്തു; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ

“ചെറുപ്പത്തിൽ ദാസ് അങ്കിളിന്റെ കൂടെ ഒരു സ്റ്റേജ് പരിപാടിയിൽ പാടാൻ പോയി. ‘എന്റെ എല്ലാമെല്ലാമല്ലേ,’ എന്ന പാട്ടായിരുന്നു പാടുന്നത്. ഈ പാട്ടിന്റെ മുന്നിൽ ഒരുപാട് ഡയലോഗുണ്ട്. അതെല്ലാം വേണം പഠിച്ചിട്ടുണ്ടല്ലോ അല്ലേ എന്ന് ദാസ് അങ്കിൾ ചോദിച്ചു. എല്ലാം പഠിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. പാട്ടു തുടങ്ങി, ഞാൻ ഇടയ്ക്കുള്ള ഡയലോഗുകളും പറഞ്ഞു. പക്ഷെ അവസാനം പോടാ എന്നു പറയണം. അവിടെ ഞാൻ സ്റ്റക്കായി. ദാസ് അങ്കിളെന്നെ നോക്കി, എന്താ ബാക്കി പാടാത്തത് എന്ന് ചോദിച്ചു. ദാസ് അങ്കിളിനെ പോലൊരു വ്യക്തിയുടെ അടുത്ത് ഇതെങ്ങനെ പാടും എന്നോർത്ത് വിഷമിച്ച് നിൽക്കുകയായിരുന്നു ഞാൻ. എനിക്കെന്ത് ചെയ്യണം എന്നറിയില്ല. മ്യൂസിക് ഒക്കെ നിർത്തി രണ്ടാമത് തുടങ്ങാൻ ദാസ് അങ്കിൾ പറഞ്ഞു. രണ്ടാമതും പാടിത്തുടങ്ങി, അവിടെ എത്തിയപ്പോൾ ഞാൻ പിന്നെയും നിർത്തി. കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും നോക്കുന്നു. ദാസ് അങ്കിളിന്റെ അടുത്ത് പോടാ എന്ന് പറയുമ്പോൾ അത് ബഹുമാനക്കുറവാകും എന്നതാണ് എന്റെ മനസിൽ. ഗുരുതുല്യനായി ആദരിക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് ഞാൻ എങ്ങനെ ഇതു പറയും. കുറച്ചു കഴിഞ്ഞപ്പോൾ അങ്കിൾ പറഞ്ഞു ‘നമ്മൾ പാട്ടു പാടാനായി സ്റ്റേജിൽ കയറുമ്പോൾ അങ്കിൾ, ആന്റി, അച്ഛൻ, അമ്മ തുടങ്ങിയ ബന്ധങ്ങൾ ഒന്നും ഇല്ല. പാട്ടിൽ മാത്രമായിരിക്കണം ശ്രദ്ധ.’ അവസാനം ഞാൻ സ്റ്റേജിൽ നിന്ന് പോടാ എന്ന് പറഞ്ഞുകൊണ്ട് എന്റെ കർത്തവ്യം നിർവഹിച്ചു. അതിന് ശേഷം ഞാൻ ഒരുപാട് തവണം ദാസ് അങ്കിളിനോട് സോറി പറഞ്ഞു. അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത് അതിന്റെ ആവശ്യം ഇല്ല, അങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്നായിരുന്നു,” ചിരിച്ചുകൊണ്ട് മഞ്ജരി പറഞ്ഞു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഗായകൻ കൂടിയാണ് യേശുദാസ് എന്നും മഞ്ജരി പറഞ്ഞു.

രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്. 2004ൽ​ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന ചിത്രത്തിലെ ‘മുകിലിൻ മകളേ’ എന്ന ഗാനത്തിനും, 2008ൽ പുറത്തിറങ്ങിയ ‘വിലാപങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലെ ‘മുള്ളുള്ള മുരിക്കിൻ മേൽ’ എന്ന ഗാനത്തിനുമായിരുന്നു പുരസ്കാരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook