മനോഹരമായ ഗാനങ്ങളിലൂടെ മലയാളി മനസ്സിലിടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം വീഡിയോകൾക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്.
ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. വിധുവിന്റെ പാട്ടിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ദീപ്തിയെ ആണ് വീഡിയോയിൽ കാണാനാവുക. ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ സംഗീതത്തിൽ കെ ജെ യേശുദാസും സുജാത മോഹനും ചേർന്നു പാടിയ ‘ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു’ എന്ന ഗാനത്തെ പുനരാവിഷ്കരിക്കുകയാണ് ഇരുവരും വീഡിയോയിൽ.
അടുത്തിടെ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് കല്യാണ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഇരുവരുടെയും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. കല്യാണത്തിന്റെ തലേ ദിവസത്തെ പരിപാടി മുതൽ വിവാഹ റിസപ്ഷൻ വരെയുള്ള സംഭവങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ചെയ്തിരിക്കുന്നത്.
2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്. സോഷ്യൽ മീഡിയ ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലത്ത് നടന്ന കല്യാണത്തിന്റെ വീഡിയോ രസകരമായാണ് ഇരുവരും അവതരിപ്പിക്കുന്നത്. വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം വീഡിയോയിൽ കാണാം. മലയാള സംഗീത ലോകത്തെ പ്രമുഖരും മലയാള സിനിമാ മേഖലയിൽ നിന്നുള്ളവരും വീഡിയോയിലുണ്ട്.
വിവാഹവാർഷിക ദിനത്തിൽ ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “ഞങ്ങൾ ടീനേജിലേക്ക് കടന്നു” എന്ന് കുറിച്ച് കൊണ്ടാണ് ഇരുവരും 13-ാമത് വിവാഹവാർഷികത്തിന് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also read: വല്ലവന്റെയും പറമ്പിലെ പുല്ലു കണ്ടു പശുവിനെ വളർത്തരുത്; ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിധുവും ദീപ്തിയും
പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചതെങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ ‘പൊൻ വസന്തം’ എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ശുക്രിയ’ എന്ന ഗാനമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയമാക്കിയത്. മഴവിൽ മനോരമയിലെ ‘സൂപ്പർ ഫോർ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവ് കൂടിയാണ് വിധു ഇപ്പോൾ.