നടി കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. മുംബൈ താജ് ഹോട്ടലിൽ വെച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ദങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നു കാജല്‍ അഗര്‍വാള്‍ പറഞ്ഞു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും കാജൽ വ്യക്തമാക്കി. സമാന്ത അക്കിനേനി, രാകുൽ പ്രീത് സിംഗ്, മഞ്ചു ലക്ഷ്മി, കീർത്തി സുരേഷ്, തമന്ന ഭാട്ടിയ തുടങ്ങിയവർ കാജൽ അഗർവാളിന് ആശംസ അറിയിച്ചു.
“2020 ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.”
Read More: മിസ്സില്‍ നിന്നും മിസിസ്സിലേക്ക് ഒരു നാള്‍ ദൂരം; മെഹന്ദി ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍
മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെർസൽ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.