ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നൊരു ചൊല്ലുണ്ട്. പക്ഷെ മണിക്ക് ഒന്നിലും പിഴച്ചില്ലെന്നു തന്നെ പറയണം. അഭിനയത്തില്‍ മണി അരങ്ങേറ്റം കുറിച്ചത് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലായിരുന്നു. ആദ്യ വരവില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഉടലാഴത്തിലൂടെ നായകനായി തിരിച്ചെത്തി. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ ഒരുക്കുന്ന അങ്കിള്‍ എന്ന ചിത്രത്തിലും മണി ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മണി സന്തോഷത്തിലാണ്, വളരെ വളരെ സന്തോഷത്തിലാണ്
‘മലയാളത്തിലെ രണ്ടു താരരാജാക്കന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റിയത് ഒരു ഭാഗ്യായി കരുതുന്നു. നല്ല സന്തോഷമുണ്ട്. ഉടലാഴത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഡോക്ടര്‍ രാജേഷ് വഴിയാണ് ജോയ് മാത്യു സാര്‍ എന്നെ വിളിക്കുന്നത്. ഇങ്ങനെ ഒരു കഥാപാത്രമുണ്ടെന്നു പറഞ്ഞു. സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണത്.’ വെറും വാക്കുകളല്ല, മണിയുടെ കണ്ണിലുണ്ട് ആ സന്തോഷം.

മണി (ചിത്രം: ജിബിന പടിക്കൽ)

വയനാട് ചിത്രത്തിന്റെ ലൊക്കേഷനായി തിരഞ്ഞെടുത്തതും മണിയെ ഇതിലെ പ്രധാന കഥാപാത്രമാക്കിയതും തന്റെ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന് ജോയ് മാത്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോടു പറഞ്ഞു.

‘മണി നായകനായ ഉടലാഴത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മണിയുടെ നമ്പര്‍ വാങ്ങി വച്ചിരുന്നെങ്കിലും പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. അങ്ങനെയാണ് രാജേഷിനോട് സംസാരിക്കുന്നത്. രാജേഷിലൂടെയാണ് ഞാന്‍ വീണ്ടും മണിയിലേക്കെത്തുന്നത്. ഇതെന്റെ രാഷ്ട്രീയമാണ്. മാറ്റിനിര്‍ത്തപ്പെടുന്ന ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ പ്രതിനിധിയാണ് മണി അവതരിപ്പിക്കുന്ന ഈ കഥാപാത്രം. പേരില്ലാത്തൊരു കഥാപാത്രമാണ്. പക്ഷെ സിനിമ കാണുമ്പോള്‍ മനസ്സിലാകും എത്ര പ്രധാനപ്പെട്ട വേഷമാണ് മണി കൈകാര്യം ചെയ്തിരിക്കുന്നതെന്ന്. മമ്മൂക്ക വളരെ ഇംപ്രസ്സ്ഡ് ആണ് മണിയുടെ അഭിനയത്തില്‍. എന്നോടു ചോദിച്ചു മണിയെ നായകനാക്കി ഒരു സിനിമ ചെയ്തൂടെ എന്ന്.’

അങ്കിളിന്റെ ചിത്രീകരണത്തിനിടെ ജോയ് മാത്യുവും മണിയും

മലയാള സിനിമയുടെ ‘അണ്‍ലക്കി ലൊക്കേഷന്‍’ എന്നു വിളിക്കപ്പെടുന്നതുകൊണ്ടു തന്നെയാണ് തന്റെ സിനിമ വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയതെന്ന് ജോയ് മാത്യു. ‘മലയാളത്തില്‍ നെല്ല്, ആരണക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് പശ്ചാത്തമൊരുക്കിയ ഇടമാണ് വയനാട്. എങ്കിലും ഭാഗ്യമില്ലാത്തൊരു ലൊക്കേഷനായാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നൊക്കെയാണ് പറയുന്നത്. മണിയും വയനാടും അടയാളപ്പെടുത്തുന്നത് എന്റെ രാഷ്ട്രീയമാണ്.’

Read More: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്നു ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണി

മണിയുടെ ആദ്യ ചിത്രം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ ആയിരുന്നു. ചിത്രത്തിൽ താമി എന്ന കഥാപാത്രത്തെയായിരുന്നു മണി അവതരിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ഈ കഥാപാത്രം മണിക്ക് നേടിക്കൊടുത്തു. പിന്നീട് 11 വർഷത്തിനു ശേഷം മണി തിരിച്ചെത്തുന്നത് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന ചിത്രത്തിലൂടെയാണ്. നായക കഥാപാത്രത്തെയാണ് ഈ സിനിമയിൽ മണി അവതരിപ്പിക്കുന്നത്. അനുമോളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മിഥുന്‍ ജയരാജ്, സിതാര എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലിമ (ഡോക്ടർ സജീഷ് എം, ഡോക്ടർ മനോജ് കെ.ടി, ഡോക്ടർ രാജേഷ് കുമാർ എം.പി) നിര്‍മ്മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയാണ് മണി നായകനാകുന്ന “ഉടലാഴം”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ