കൽപറ്റ: ‘ഫൊട്ടോഗ്രാഫർ’ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ മണിക്ക് സ്വന്തം വീടായി. പൂവഞ്ചി കോളനിയില്‍ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് വീട് നിര്‍മിച്ചു നല്‍കിയത്.

mani, photographer

മണി ‘ഫോട്ടോഗ്രാഫർ’ ചിത്രത്തിൽ

2006- ൽ പുറത്തിറങ്ങിയ ‘ഫൊട്ടോഗ്രാഫർ’ ചിത്രത്തിലൂടെയാണ് മണി അഭിനയരംഗത്തേക്കെത്തിയത്. തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാർഡ് മണിക്ക് ലഭിച്ചു. സ്വന്തമായി വീടില്ലാത്ത മണിക്ക് വീട് നിർമിച്ചു നൽകുമെന്നു പലരും പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. മണിക്ക് വീടും സ്ഥലവും നൽകുമെന്ന സർക്കാർ പ്രഖ്യാപനവും ഫലവത്തായില്ല.

പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മി ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’ പദ്ധതിയില്‍ സ്ഥലവും വീടും ലഭ്യമാക്കുമെന്ന് മണിയെ അറിയിച്ചിരുന്നു. പക്ഷേ ഇതും നടന്നില്ല. 2016 മേയ് 19-ന് ‘സിനിമാതാരം മണിക്കും മക്കള്‍ക്കും കിടന്നുറങ്ങാന്‍ ഒരു വീടുവേണം’ എന്ന പേരില്‍ മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എച്ച്ആര്‍ഡിഎസ് ഭാരവാഹികള്‍ വാര്‍ത്ത കാണുകയും മണിക്ക് വീട് നിർമിച്ചു നൽകാൻ മുന്നോട്ട് വരികയുമായിരുന്നു.

മേയിൽതന്നെ വീടിന്റെ കൈമാറ്റം നടത്താനാണ് സൊസൈറ്റിയുടെ ശ്രമം. കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലവും ഉള്‍പ്പെടുന്നതാണ് വീട്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്നതാണ് മണിയുടെ കുടുംബം. ഇതുവരെ ബന്ധുവീട്ടിലാണ് മണിയും കുടുംബവും താമസിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ