തോക്കിൻകുഴലിലെ സ്ത്രീ ശബ്ദം, ചമ്പൽ റാണി എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് അർഹയായ വ്യക്തിത്വമാണ് ഫൂലൻ ദേവിയുടേത്. കൊള്ളക്കാരിയായി ഇന്ത്യയൊട്ടാകെ കുപ്രസിദ്ധയായ ഫൂലൻ ദേവി ഒടുവിൽ ഇന്ത്യൻ പാർലമെന്റ് അംഗം വരെ ആയി തീർന്നു. സംഭവബഹുലമായ ഫൂലൻ ദേവിയുടെ കഥയ്ക്ക് വീണ്ടും ദൃശ്യാവിഷ്കാരം ഒരുങ്ങുന്നു എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും വരുന്നത്.

‘ഫൂലൻ ദേവി’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ദിമാൻഷു ദുലിയയാണ്. തനിഷ്ത ചാറ്റർജിയാണ് ഫൂലൻ ദേവിയെ അവതരിപ്പിക്കുന്നത്. ഫൂലന്‍റെ ജീവിതകഥയെ ആസ്പദമാക്കി 25 വർഷങ്ങൾക്കു മുൻപ് ശേഖര്‍ കപൂര്‍ ‘ബാന്‍ഡിറ്റ് ക്വീന്‍’ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ആയി പ്രവർത്തിച്ച വ്യക്തിയാണ് ദിമാൻഷു ദുലിയ.

ഫൂലൻ ദേവിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന ചിത്രം 20 എപ്പിസോഡുകളായാണ് അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. 1981 ല്‍ ഉന്നത വര്‍ഗക്കാരായ ഇരുപതുപേരെ കൂട്ടക്കൊല ചെയ്തതോടെയാണ് ഫൂലന്‍റെ സംഘം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ചമ്പല്‍ കാടുകളിലെ കൊള്ളക്കാരിയായി വിഹരിച്ച ഫൂലന്‍ 1983ലാണ് കീഴടങ്ങിയത്. പതിനൊന്ന് വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ഫൂലൻ സമാജ് വാദി പാർട്ടിയിൽ ചേരുകയും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗമാവുകയുമായിരുന്നു.

2001 ജൂലൈ 25 ന് ഡല്‍ഹിയില്‍ സ്വവസതിയ്ക്ക് മുന്നില്‍ അക്രമികളുടെ വെടിയേറ്റാണ് ഫൂലൻ ദേവി മരണപ്പെടുന്നത്. അശോകാറോഡിലുള്ള എം.പിമാരുടെ ക്വാര്‍ട്ടേഴ്സില്‍ വച്ചായിരുന്നു ഫൂലന് വെടിയേറ്റത്. ഫൂലന്‍റെ സ്വത്ത് കൈക്കലാക്കാനായി കൂടെ നിന്നവർ തന്നെയായിരുന്നു ആ കൊലപാതകം നടത്തിയത്.

Read more: ഇത് എന്‍റെ ‘മിനി’ പതിപ്പ്: തന്‍റെ ജീവിതം പറയുന്ന വെബ്‌ സീരീസില്‍ തന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്തി സണ്ണി ലിയോണ്‍

‘ബാൻഡിറ്റ് ക്വീൻ’ (1994) എന്ന ചിത്രം ശേഖർ കപൂറിന് അന്താരാഷ്ടപ്രശസ്തി നേടി കൊടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു. പിന്നോക്ക സമുദായമായ മല്ല സമുദായത്തില്‍ ജനിച്ച ഫൂലന്‍ദേവി പീഡനങ്ങള്‍ സഹിച്ച് വളര്‍ന്ന് ചമ്പല്‍ കാടുകളെ വിറപ്പിച്ച കൊള്ളക്കാരിയാകുന്നതും പിന്നീട് കീഴടങ്ങുന്നതും വരെയുള്ള സംഭവവികാസങ്ങള്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തലമായത്. ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി മാലാ സെന്‍ രചിച്ച ‘ഇന്ത്യാസ് ബാന്‍ഡിറ്റ് ക്വീന്‍: ദി ട്രൂ സ്റോറി ഓഫ് ഫൂലന്‍ ദേവി’ എന്ന പുസ്തകത്തെ അവലംബിച്ചാണ് ചിത്രമിറങ്ങിയത്. സീമാ ബിശ്വാസാണ് ചിത്രത്തിൽ ഫൂലന്‍ ദേവിയുടെ ഭാഗം അഭിനയിച്ചത്. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും സീമ ബിശ്വാസ് നേടിയിരുന്നു.

സീമ ബിശ്വാസിനെ പോലെ തന്നെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നുമാണ് തനിഷ്തയുടെയും വരവ്. ആദ്യത്തെ സീസണിൽ ഫൂലൻ ദേവിയുടെ ജയിൽ ജീവിതം വരെയാണ് പറയുന്നത്. തുടർന്ന് ലോക്‌സഭ വരെയുള്ള യാത്ര രണ്ടാമത്തെ സീസണിലും ചിത്രീകരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook