/indian-express-malayalam/media/media_files/2025/12/19/pharma-web-series-review-nivin-pauly-2025-12-19-00-30-59.jpg)
Pharma Web Series Review
Pharma Web Series Review: മനുഷ്യർ നിരുപാധികം വിശ്വസിക്കുന്നതും അഭയം പ്രാപിക്കുന്നതുമായ ഇടമാണ് ആരോഗ്യരംഗം. എന്നാൽ ആ വിശ്വാസത്തെയും നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്ത് കോടികൾ കൊയ്യുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ അണിയറ രഹസ്യങ്ങളിലേക്കാണ് ജിയോഹോട്ട്സ്റ്റാറിന്റെ 'ഫാർമ' ക്യാമറ തിരിക്കുന്നത്. ലാഭക്കൊതിക്കായി മനുഷ്യജീവൻ പണയപ്പെടുത്തി പന്താടുന്ന മരുന്ന് മാഫിയകളുടെ ക്രൂരവും ഭയപ്പെടുത്തുന്നതുമായ മുഖം ഈ സീരീസ് അനാവരണം ചെയ്യുന്നു. നാം കഴിക്കുന്ന ഓരോ മരുന്നിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കറുത്ത സത്യങ്ങളെയും വിപണന തന്ത്രങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഫാർമ.
ഏതു മനുഷ്യനും സ്വന്തം ജീവിതവുമായി ചേർത്തുപിടിക്കാവുന്ന പ്രമേയമാണ് 'ഫാർമ'യുടേത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ആശുപത്രി സന്ദർശിക്കാത്തവരോ മരുന്ന് കഴിക്കേണ്ടി വരാത്തവരോ ആയി ആരും തന്നെയുണ്ടാകില്ല. മിക്കപ്പോഴും ദൈവത്തിനൊപ്പം ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും പ്രതിഷ്ഠിക്കുന്നവരാണ് നമ്മൾ. എന്നാൽ, പവിത്രമായ ആ വിശ്വാസത്തിന് വിള്ളൽ വീഴ്ത്തിക്കൊണ്ട് ചില ദുഷ്ടശക്തികൾ നമുക്കിടയിൽ പ്രവർത്തിച്ചാലോ? 'ആതുരസേവനം' എന്ന വാക്കിന്റെ മഹത്വം വിസ്മരിക്കപ്പെടുകയും പകരം മനുഷ്യജീവനുകളെ ലാഭക്കണ്ണോടെ മാത്രം കാണുന്ന ഒരു ബിസിനസ്സായി ആരോഗ്യരംഗം മാറുകയും ചെയ്താൽ എന്തുണ്ടാകും? മരുന്ന് മാഫിയകളുടെ ഈ കുടിലതന്ത്രങ്ങളെയും അണിയറക്കഥകളെയും തുറന്നുകാട്ടുന്ന ഫാർമ, അത്യന്തം ഗൗരവകരവും അലോസരപ്പെടുത്തുന്നതുമായ ഒരു യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Also Read: ഇതെനിക്ക് മലയാളത്തിലേക്ക് തിരികെ വരാനുള്ള സമയം: രജിത് കപൂർ
/filters:format(webp)/indian-express-malayalam/media/media_files/2025/12/19/pharma-web-series-review-nivin-pauly-4-2025-12-19-00-38-48.jpg)
കല എന്നത് കേവലം നേരമ്പോക്കിന് മാത്രമുള്ളതല്ല എന്ന സത്യത്തിനു കൂടിയാണ് ഈ സീരീസ് അടിവരയിടുന്നത്. സമൂഹത്തെ ബാധിക്കുന്ന ഗൗരവകരമായൊരു വിഷയത്തെ വിനോദത്തിന്റെ മേമ്പൊടിയോടെ, എന്നാൽ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിക്കാൻ സംവിധായകൻ പി ആർ അരുണിന് കഴിഞ്ഞിട്ടുണ്ട്. വിഷയത്തിന്റെ തീക്ഷ്ണത കൊണ്ട് ഒരു ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതിപ്പോകാൻ സാധ്യതയുണ്ടായിരുന്നിട്ടും, പ്രേക്ഷകരെ വൈകാരികമായി പിടിച്ചിരുത്തുന്ന മേക്കിംഗ് ശൈലിയാണ് ഈ സീരീസിൽ സ്വീകരിച്ചിരിക്കുന്നത്. എട്ട് എപ്പിസോഡുകളാണ് ഈ സീരീസിലുള്ളത്. 2008ൽ ആരംഭിച്ച് 2026ൽ അവസാനിക്കുന്ന രീതിയിലാണ് സീരീസിന്റെ ടൈംലൈൻ മുന്നേറുന്നത്.
വലിയ ആദർശങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത, തികച്ചും സാധാരണക്കാരനായ ഒരു യുവാവാണ് കെ.പി. വിനോദ് (നിവിൻ പോളി). പ്രാരാബ്ധങ്ങൾ നിറഞ്ഞ തന്റെ കുടുംബം പുലർത്താനും അമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുമായി അയാൾ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലിയിൽ പ്രവേശിക്കുന്നു. തന്റെ കരിയറിലെ പുതിയ അധ്യായം തുടങ്ങാനെത്തുന്ന വിനോദിനെ കാത്ത് കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥനായ അലക്സ് (ബിനു പപ്പു) നിൽപ്പുണ്ട്. ജോലിയുടെ സ്വഭാവം, ബന്ധപ്പെടേണ്ട ആളുകൾ, കമ്പനിയുടെ വിപണന തന്ത്രങ്ങൾ തുടങ്ങിയവയെല്ലാം അലക്സ് വിനോദിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. സാധാരണമായ ഒരു കരിയർ തുടക്കം എന്ന് തോന്നിക്കുമെങ്കിലും, വരാനിരിക്കുന്ന വലിയൊരു മാഫിയാ ലോകത്തിന്റെ വാതിലുകളാണ് അലക്സിലൂടെ വിനോദിന് മുന്നിൽ തുറക്കപ്പെടുന്നത്.
Also Read: ഇത് പറയപ്പെടേണ്ട കഥ: ഫാർമയെ കുറിച്ച് നരേൻ
ആ ആശുപത്രി വരാന്തയിലൂടെ വിനോദിനെയും കൂട്ടി അലക്സ് നടക്കുമ്പോൾ, പ്രേക്ഷകരും അവരോടൊപ്പം തിരിച്ചറിവുകളുടെ ഒരു പുതിയ ലോകത്തേക്കാണ് കാലെടുത്തുവയ്ക്കുന്നത്. ഫാർമ ഫീൽഡിലെ ഗൂഢമായ ഉപജാപങ്ങളും, മരുന്നുകൾ പ്രമോട്ട് ചെയ്യുന്നതിനായി ഡോക്ടർമാർക്ക് നൽകുന്ന ആഡംബര പാക്കേജുകളും സമ്മാനങ്ങളുമെല്ലാം വിനോദ് അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.
അവിടെനിന്ന് ഫാർമസ്യൂട്ടിക്കൽ ബിസിനസ്സിന് പിന്നിലെ ഞെട്ടിക്കുന്ന അധാർമ്മികതകളിലേക്കും, ക്രൂരമായ ചൂഷണങ്ങളിലേക്കും, കമ്പനികൾ തമ്മിലുള്ള കിടമത്സരങ്ങളിലേക്കുമാണ് സംവിധായകൻ പ്രേക്ഷകരെ നയിക്കുന്നത്. ഒരു സാധാരണ മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിൽ നിന്ന് തുടങ്ങി, ഒരു വലിയ സിസ്റ്റത്തിന്റെ ചീഞ്ഞളിഞ്ഞ വേരുകളിലേക്കുള്ള യാത്രയായി ഫാർമ മാറുന്നു.
Also Read: സമ്മർ ഇൻ ബത്‌ലഹേമിലെ 'അയ്ന്തു കസിൻസ്' വീണ്ടും ഒത്തുചേർന്നാൽ; വൈറലായി ചിത്രം
നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പക്വതയാർന്ന പ്രകടനങ്ങളിൽ ഒന്നായി 'ഫാർമ'യിലെ കെ.പി. വിനോദ് മാറുന്നത് ആ കഥാപാത്രത്തിന്റെ 'ആർക്ക്' അങ്ങേയറ്റം റിയലിസ്റ്റിക് ആയതുകൊണ്ടാണ്. സീരീസിന്റെ തുടക്കത്തിൽ നമ്മൾ കാണുന്നത് നമുക്കെല്ലാം പരിചിതനായ 'ബോയ് നെക്സ്റ്റ് ഡോർ' ഇമേജുള്ള നിവിൻ പോളിയെ ആണ്. പുതിയ ജോലി കിട്ടിയതിന്റെ ആവേശം, സീനിയർ മെഡിക്കൽ റെപ്പായ അലക്സിനോടുള്ള ബഹുമാനം, ആശുപത്രി വരാന്തകളിലെ ആത്മവിശ്വാസമില്ലാത്ത നിൽപ്പ് എന്നിവയെല്ലാം വളരെ സ്വാഭാവികമായി നിവിൻ അവതരിപ്പിക്കുന്നുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/19/pharma-web-series-review-nivin-pauly-5-2025-12-19-00-39-03.jpg)
എന്നാൽ കഥ പുരോഗമിക്കെ, അയാൾ വലിയ ധർമ്മസങ്കടങ്ങളിൽ അകപ്പെടുന്നു. തന്റെ തൊഴിലിന് പിന്നിലെ ക്രൂരതകൾ തിരിച്ചറിയുമ്പോഴുണ്ടാകുന്ന ആന്തരിക സംഘർഷങ്ങളെ നിവിൻ തന്റെ കണ്ണുകളിലൂടെയും നിശബ്ദതയിലൂടെയും കൃത്യമായി പ്രേക്ഷകരിലേക്ക് സംവേദനം ചെയ്യുന്നുണ്ട്. ഇവിടെ ആയുധമെടുത്ത് പോരാടുന്ന നായകനെയല്ല നാം കാണുന്നത്; മറിച്ച് ബുദ്ധികൊണ്ടും ആർജ്ജവം കൊണ്ടുമാണ് വിനോദ് പോരാടുന്നത്. ആക്രോശങ്ങളോ അമിത നാടകീയതയോ ഇല്ലാതെ, തികച്ചും നിയന്ത്രിതമായ അഭിനയത്തിലൂടെ നിവിൻ പോളി കെ.പി. വിനോദിനെ അവിസ്മരണീയമാക്കി.
കെ പിയുടെ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന ഡോ. ജാനകി, സാത്തിയുടെ സാരഥിയായ ഡോ. രാജീവ് റാവു, ഡോ. വിജയ്, നന്ദ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഫാർമയുടെ ലോകം വികസിക്കുന്നത്. ധാർമ്മികതയുടെ വിളക്കുമാടം എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് രജിത് കപൂർ അവതരിപ്പിക്കുന്ന ഡോ. രാജീവ് റാവു, മെഡിക്കൽ ലോകം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന 'എമ്പതി'യുടെ പ്രതീകം. ലാഭക്കണ്ണുള്ള കോർപ്പറേറ്റുകൾക്കിടയിൽ തളരാതെ നിൽക്കുന്ന 'സാത്തി' എന്ന പ്രസ്ഥാനത്തിന്റെ സാരഥി. രജിത് കപൂറിന്റെ ശാന്തമായ പെരുമാറ്റവും സംഭാഷണ ശൈലിയും ആ കഥാപാത്രത്തിന് ഒരു പ്രത്യേക 'ചാം' നൽകുന്നു. രോഗിയെ ഒരു 'കസ്റ്റമർ' ആയി കാണാതെ, സഹജീവി ആയി കാണുന്ന റാവുവിന്റെ രീതി പ്രേക്ഷകരുടെ ഉള്ളിൽ തട്ടും.
/filters:format(webp)/indian-express-malayalam/media/media_files/2025/12/19/pharma-web-series-review-nivin-pauly-7-2025-12-19-00-41-45.jpg)
ശ്രുതി രാമചന്ദ്രന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഡോ. ജാനകി. ലാഭക്കൊതിയില്ലാതെ, സേവനം ഒരു വ്രതമായി കൊണ്ടുനടക്കുന്ന ഡോക്ടർമാരുടെ പ്രതിനിധിയാണ് ജാനകി. സിസ്റ്റത്തിലെ അഴുക്കുകൾക്കിടയിലും നന്മയുടെ ഒരംശം ബാക്കിയുണ്ടെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നത് ജാനകിയാണ്. നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന ഓരോ ഡോക്ടർക്കുമുള്ള ഒരു 'സ്റ്റാൻഡിംഗ് ഒവേഷൻ' തന്നെയാണ് ജാനകി എന്ന് പറയാം. രോഗികളുമായും അവരുടെ വേദനകളുമായും ജാനകി പുലർത്തുന്ന വൈകാരികമായ ആത്മബന്ധം ശ്രുതി രാമചന്ദ്രൻ തന്റെ സൂക്ഷ്മമായ ചലനങ്ങളിലൂടെയും പക്വതയാർന്ന പ്രകടനത്തിലൂടെയും അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട്. ഒരു ഡോക്ടർക്ക് രോഗിയോട് ഉണ്ടാകേണ്ട കരുണയും കരുതലും ശ്രുതിയുടെ ഓരോ ഭാവത്തിലും നിഴലിക്കുന്നു.
നരേൻ അവതരിപ്പിച്ച കഥാപാത്രം സീരീസിന്റെ ആകെത്തുകയെ സ്വാധീനിക്കുന്ന 'ഇമോഷണൽ ആങ്കർ' (Emotional Anchor) ആയി പ്രവർത്തിക്കുന്നുണ്ട്. വളരെ കുറച്ച് സ്ക്രീൻ ടൈം മാത്രമാണ് നരേനുള്ളുവെങ്കിലും സീരീസിൽ നിർണായകമാണ് ആ കഥാപാത്രം. നരേന്റെ കഥാപാത്രം നൽകുന്ന വൈകാരികമായ അടിത്തറ, കെപിയുടെ തുടർന്നുള്ള പോരാട്ടത്തിന് കൃത്യമായ ഒരു കാരണം നൽകുന്നു. വലിയ ഡയലോഗുകളേക്കാൾ നരേന്റെ നോട്ടത്തിലും ശരീരഭാഷയിലുമുള്ള നിസ്സഹായത പ്രേക്ഷകർക്ക് വേഗത്തിൽ ഫീൽ ചെയ്യും. കുറഞ്ഞ സ്ക്രീൻ ടൈമിൽ ഇത്രയും വലിയൊരു ഇംപാക്ട് ഉണ്ടാക്കാൻ നരേന് സാധിച്ചത് സംവിധായകൻ പി.ആർ. അരുണിന്റെ തിരക്കഥയിലെ കൃത്യത കൊണ്ടുകൂടിയാണ്. അനാവശ്യമായ വികാരാധിക്യമില്ലാതെ, വളരെ പക്വമായ രീതിയിലാണ് ആ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഫാർമ'യുടെ കരുത്ത് അതിന്റെ പ്രധാന താരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. വീണ നന്ദകുമാർ, ബിനു പപ്പു, ശ്രുതി ജയൻ, മുത്തുമണി, ആലേഖ് കപൂർ തുടങ്ങിയവർ ഉൾപ്പെടുന്ന ഒരു വൻ താരനിര തന്നെ ഈ പരമ്പരയുടെ ഓരോ നിമിഷവും ജീവസ്സുറ്റതാക്കുന്നുണ്ട്.
ഫാർമയുടെ ഏറ്റവും വലിയ വിജയം അതിന്റെ തിരക്കഥ തന്നെയാണ്. രണ്ട് വർഷത്തോളം ഫാർമ ഫീൽഡിൽ ജോലി ചെയ്ത അനുഭവപരിചയമുള്ള സംവിധായകൻ പി.ആർ. അരുൺ, ആ മേഖലയിലെ സൂക്ഷ്മമായ കാര്യങ്ങൾ പോലും വളരെ സത്യസന്ധമായി ഇതിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതൊരു ഡോക്യുമെന്ററി പോലെ വിരസമാകാതെ, ഒരു ത്രില്ലർ സ്വഭാവത്തോടെ അവതരിപ്പിക്കുന്നതിലും സംവിധായകൻ വിജയിച്ചിരിക്കുന്നു. മരുന്നുകൾക്കോ ഡോക്ടർമാർക്കോ എതിരല്ല ഈ സീരീസ്. മറിച്ച്, വൈദ്യശാസ്ത്രത്തെ ലാഭം കൊയ്യാനുള്ള ഒരു കച്ചവടം മാത്രമായി കാണുന്ന കോർപ്പറേറ്റ് മാഫിയകൾക്കെതിരെയുള്ള വിരൽചൂണ്ടലാണിത്. മനുഷ്യരുടെ ജീവൻ വച്ച് ചൂതാട്ടം നടത്തുന്ന, ലാഭത്തിനായി മാത്രം പ്രവർത്തിക്കുന്ന കോർപ്പറേറ്റ് കമ്പനികളുടെ വികൃതമുഖമാണ് ഈ സീരീസ് ധൈര്യപൂർവ്വം എക്സ്പോസ് ചെയ്യുന്നത്. അത്തരമൊരു വ്യവസ്ഥിതിക്കെതിരായ ശക്തമായ പ്രതിഷേധ സ്വരമാണ് ഫാർമ.
മരുന്നുകളുടെ പാർശ്വഫലങ്ങൾ, ക്ലിനിക്കൽ ട്രയലുകൾ എന്നിവയെക്കുറിച്ച് കൃത്യമായ പഠനം നടത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓരോ ഗുളികയും നമ്മുടെ ശരീരത്തിൽ എന്ത് മാറ്റമുണ്ടാക്കുന്നു എന്ന് ചിന്തിപ്പിക്കാൻ ഈ സീരീസ് പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/12/19/pharma-web-series-review-nivin-pauly-1-2025-12-19-00-39-53.jpg)
അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം ഫാർമയുടെ ദൃശ്യാനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. ഇതിലെ സിംഗിൾ ടേക്ക് ഷോട്ടുകൾ കഥയുടെ ഒഴുക്കിനെ സ്വാഭാവികമായും എന്നാൽ ഉദ്വേഗജനകമായും നിലനിർത്താൻ സഹായിക്കുന്നു. സീരീസിന്റെ തുടക്കത്തിൽ ആശുപത്രിയുടെ സങ്കീർണ്ണമായ ലോകം വിനോദിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന രംഗം അത്തരത്തിൽ മികച്ചു നിൽക്കുന്ന ഒന്നാണ്. വെറുമൊരു ദൃശ്യാവിഷ്കാരം എന്നതിലുപരി, കഥാപരിസരം സംഘർഷഭരിതമാകുമ്പോൾ ക്യാമറ ഒരുക്കുന്ന ദൃശ്യഭാഷയും ആ മൂഡിനനുസരിച്ച് കൃത്യമായി മാറുന്നുണ്ട്.
'ഫാർമ' കേവലം ഒരു വെബ് സീരീസ് മാത്രമല്ല, മറിച്ച് നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ ഒരു വലിയ മാഫിയക്കെതിരെയുള്ള ശബ്ദമുയർത്തൽ കൂടിയാണ്. കലയെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനുള്ള ഒരു ആയുധമായി എങ്ങനെ മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സീരീസ്. മനുഷ്യത്വവും കച്ചവടവും തമ്മിലുള്ള യുദ്ധമാണ് 'ഫാർമ'. മലയാളത്തിലെ വെബ് സീരീസ് ചരിത്രത്തിൽ പ്രമേയപരമായും അവതരണ ശൈലിയിലും ഇതൊരു പുതിയ വഴിത്തിരിവാണെന്ന് പറയാതെ വയ്യ.
Also Read: ബച്ചൻ അത് ചെയ്യുമെന്ന് രേഖ കരുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! വെളിപ്പെടുത്തലുമായി രേഖയുടെ സുഹൃത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us