ബോളിവുഡ് താരവും യൂണിസെഫ് ഗുഡ്‌വിൽ അമ്പാസിഡറുമായ പ്രിയങ്ക ചോപ്രയെ തത്‌സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ആവാസ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഒരു കൂട്ടം ആളുകൾ. 3519 ഓളം പേരാണ് ഈ ഓൺലൈൻ പെറ്റീഷനിൽ ഒപ്പുവച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അനുമോദിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വാക്കുകളാണ് ഹർജിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകരവാദി ക്യാമ്പിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസന്നഹമായൊരു പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ യൂണിസെഫ് ഗുഡ്‌വിൽ അമ്പാസിഡറായ പ്രിയങ്കയുടെ പ്രതികരണം പക്ഷപാതപരമായി പോയെന്നും നിഷ്‌പക്ഷമായ സമീപനമല്ല പ്രിയങ്ക സ്വീകരിച്ചതെന്നുമാണ് ഹർജിക്കാർ ചൂണ്ടികാണിക്കുന്നത്. ആവാസ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ആണ് ഗുഡ്‌വിൽ അമ്പാസിഡർ സ്ഥാനത്തു നിന്നും പ്രിയങ്കയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

“ആണവശേഷിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നാശത്തിലേക്കും മരണത്തിലേക്കും മാത്രമേ നയിക്കൂ. യൂണിസെഫിന്റെ ഗുഡ്‌വിൽ അമ്പാസിഡർ എന്ന രീതിയിൽ നിഷ്‌പക്ഷമായ സമീപനമായിരുന്നു പ്രിയങ്ക സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ അവരുടെ ട്വീറ്റ് ഇന്ത്യൻ എയർഫോഴ്സിനോട് താൽപ്പര്യം കാണിക്കുന്ന രീതിയിലുള്ളതായിരുന്നു. ഗുഡ്‌വിൽ അമ്പാസിഡർ സ്ഥാനത്തിന് പ്രിയങ്ക അർഹയല്ല,” എന്നാണ് ഹർജിക്കാരുടെ വാദം. 2016 ലാണ് ഗ്ലോബ്ബൽ യൂണിസെഫ് ഗുഡ്‌വിൽ അമ്പാസിഡറായി പ്രിയങ്ക നിയമിതയായത്. യു എന്നിനേയും യൂണിസെഫിനെയും ടാഗ് ചെയ്തു കൊണ്ടുള്ള പെറ്റീഷൻ ഇതുവരെ 3519 ഓളം ഒപ്പുകൾ ശേഖരിച്ചുകഴിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ