മോഹൻലാലിനെ നായകനാക്കി രാജ്യാന്തര ഭാഷകളിലുളള ആക്ഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ നായകനായെത്തിയ പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ചെയ്‌തത് പീറ്റർ ഹെയ്നായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദ്യ ആക്ഷൻ കൊറിയോഗ്രാഫറാണ് പീ​റ്റർ ഹെയ്‌ൻ.

ഒരു രാജ്യാന്തര ചിത്രമൊരുക്കാനാണാഗ്രഹിക്കുന്നത്. അതിൽ മോഹൻലാലിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ചിത്രമെന്നതിലുപരി ചൈനീസ്, ഇംഗ്ളീഷ് ഉൾപ്പെടെയുളള ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക്കുകയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിന് ദേശീയ പുരസ്കാരം നേടിയെങ്കിലും ചിത്രത്തിൽ പീറ്റർ ഹെയ്‌ൻ സംതൃപ്തനല്ല. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ”ഞാൻ പുലിമുരുകൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ ആസ്വാദകരെ മാത്രം ലക്ഷ്യമിട്ട് ചിത്രമൊരുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ ഞാൻ പുലിമുരുകൻ മറ്റൊരു രൂപത്തിൽ പുനഃസൃഷ്ടിച്ചക്കും” പീ​റ്റർ ഹെയ്‌ൻ അഭിമുഖത്തിൽ പറഞ്ഞു

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന വില്ലൻ, രണ്ടാമൂഴം എന്നീ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതും പീറ്റർ ഹെയ്‌നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ