ചെന്നൈ: എ. ആർ. മുരുഗദോസ് സംവിധാനം ചെയ്തു മഹേഷ് ബാബു അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് പീറ്റർ ഹെയ്നിനെ തേടി പ്രഥമ അവാർഡ് വിവരം എത്തുന്നത്. ദേശീയ തലത്തിൽ തന്നെ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ആക്ഷൻ കോറിയോഗ്രാഫിക്കുള്ള അവാർഡ് തന്നെ തേടിയെത്തിയതറിഞ്ഞ പീറ്റർ ഹെയ്നിന്റെ സന്തോഷം ലൊക്കേഷനിലെ ക്യാമറകള്‍ ഒപ്പിയെടുത്തു. മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തതിനാണ് പീറ്റർ ഹെയ്നിനെ തേടി പ്രഥമ അവാർഡ് എത്തിയത്.
തനിക്ക് അവാർഡ് ലഭിച്ച വിവരം അറിയാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പീറ്റർ ഹെയ്ൻ. അവാർഡ് വിവരം ലൊക്കേഷനിൽ അനൗൺസ് ചെയ്യുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ മുഖത്ത് വിടരുന്ന സന്തോഷഭാവങ്ങൾ ഒട്ടും ചോരാതെ ക്യാമറ പകർത്തിയെടുത്തു. സന്തോഷ് ശിവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
വാര്‍ത്ത കേട്ട് അത്ഭുതപ്പെടുന്ന പീറ്റര്‍ ഹെയ്നിനെ അനുമോദിക്കുന്ന മുരുഗദോസ്, മഹേഷ് ബാബു, സന്തോഷ് ശിവന് എന്നിവരെയും വീഡിയോയില്‍ കാണാം.
[jwplayer WtdyrAKY]
ഇന്ന് ലോകപ്രശസ്തനായ ആക്ഷൻ കോറിയോഗ്രാഫറാണ് പീറ്റർ. ഗജിനി, അന്യൻ,ബാഹുബലി, യന്തിരൻ, ശിവജി, തുടങ്ങി നിരവധി ആക്ഷൻ ചിത്രങ്ങളുടെ കോറിയോഗ്രാഫറാണ്. മണിരത്നത്തിന്റെ രാവണിൽ ആക്ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന്റെ കരസ്പർശമുണ്ടായിട്ടുണ്ട്. ഇത് സംവിധാനം ചെയ്യാനുളള ക്ഷണമുണ്ടായിരുന്നുവെങ്കിലും മറ്റൊരു ചിത്രത്തിന്റെ ഷെഡ്യൂളുമായി ഒത്തുപോകാത്ത സാഹചര്യത്തിലാണ് പൂർണമായും രാവണിന്റെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ സാധിക്കാതെ പോയത്.
ഗജിനിയുടെ ആക്ഷൻ കോറിോഗ്രാഫിക്ക് ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്. പ്രശസ്തമായ ടോറസ് സ്റ്റണ്ട് അവാർഡിന് ഹോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർമാർക്കൊപ്പം പീറ്ററിന് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
കാരക്കലിൽ ജനിച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്ററായി കരിയർ ആരംഭിച്ചു. 2001 ൽ മിന്നലൈ എന്ന തമിഴ് ചിത്രത്തിലൂടെ ആക്ഷൻ കോറിയോഗ്രഫി സംവിധായകനായി മാറിയ പീറ്റർ പിന്നെ മിന്നൽപോലെ ഈ രംഗത്ത് തിളങ്ങി. പിന്നീട് തമിഴിന് പുറമെ, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിലെല്ലാം ആക്ഷൻ രംഗങ്ങളുടെ സംവിധായകനായി. പുലിമുരുകൻ ഉൾപ്പടെ മലയാളം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ അഞ്ച് സിനിമകളിൽ അതിഥി താരവുമായി.