തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ അജയൻ അന്തരിച്ചു. ഹൃദയ സ്തംഭനം മൂലം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നാടകപ്രവർത്തകനും സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പിൽഭാസിയുടെയും അമ്മിണി അമ്മയുടെയും മകനാണ്.

ഡോക്യുമെന്ററിയിലൂടെയാണ് അജയൻ സിനിമാ രംഗത്തേക്ക് വരുന്നത്. പെരുന്തച്ചൻ സിനിമയാണ് അജയൻ എന്ന സംവിധായകനെ പ്രശസ്തനാക്കിയത്. 1990 ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ സിനിമ അവതരണ മികവുകൊണ്ട് ആഗോളതലത്തിൽ തന്നെ നിരൂപക പ്രശംസ നേടിയ ഒന്നാണ്. തിലകൻ ആയിരുന്നു ചിത്രത്തിൽ പെരുന്തച്ചന്റെ വേഷത്തിലെത്തിയത്.

മികച്ച നവാഗത സംവിധായകനുളള ഇന്ദിര ഗാന്ധി അവാർഡ്, മികച്ച നവാഗത സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നിരവധി പുരസ്കാരം നേടിയ ചിത്രമാണ് പെരുന്തച്ചൻ. ലൊക്കാർനോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ലിയോപാഡ് അവാർഡിന് പെരുന്തച്ചൻ സിനിമ നോമിനേറ്റ് ചെയ്തിരുന്നു.

പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സർവ്വകലാശാല എന്നീ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. രതിനിർവേദം, കൂടെവിടെ, കരിയിലക്കാറ്റുപോലെ എന്നീ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ