/indian-express-malayalam/media/media_files/uploads/2018/12/Perunthanchan-Ajayan-Santosh-Sivan-Tribute.jpg)
Perumthanchan Ajayan Santosh Sivan Tribute
ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എം ടി യുടെ കഥക്ക് അജയന്‍റെ ചലച്ചിത്ര ഭാഷ്യത്തില്‍ 'പെരുന്തച്ചന്‍' അനശ്വരമാകുന്നത്. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍ അതിന്‍റെ പുതിയ ഭാവുകത്വത്തിലൂടെ വിപണികളെയും കയ്യടക്കാന്‍ തുടങ്ങുന്ന കാലം, കലയും കച്ചവടവും രണ്ട കണ്ണുകൾ പോലെ കാഴ്ചയുടെ ഭാഗമാകുന്ന സിനിമാ രസതന്ത്രതത്തിലൂടെ മലയാളത്തിലെ സിനിമാലോകം കടന്നു പോയ ഒരു കാലം. കലാ മൂല്യമുളള കച്ചവട സിനിമകളെന്നോ കലാ മൂല്യമുളള ഹിറ്റ് സിനിമകളെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന സിനിമകളിറങ്ങിയ കാലം. ഇതിന്റെ മുന്നണിയിൽ ഭരതൻ, പദ്മരാജൻ തുടങ്ങിയ പ്രതിഭകളുടെ ഒരു നീണ്ട നിരയിലേക്കാണ് മദിരാശിയില്‍ അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ പഠനം പൂര്‍ത്തിയാക്കിയ യുവാവായ അജയന്‍ കടന്നു വരുന്നത്.
തൊണ്ണൂറുകളുടെ സിനിമാ ലോകത്ത് ഒരൊറ്റ ചിത്രം കൊണ്ട് അദ്ദേഹം തന്‍റെ പേര് കുറിച്ചു വച്ചു. ആദ്യത്തെ ചിത്രത്തില്‍ തന്നെ അദ്ദേഹത്തിന് ലഭിച്ച സഹ പ്രവര്‍ത്തകര്‍ പ്രതിഭകളുടെ മറുപേരുകളായിരന്നു. അവരുടെ മേഖലകളിൽ എം ടിയും സന്തോഷ് ശിവനുമായിരുന്നു. ഒരാള്‍ സാഹിത്യത്തിലെ കുലപതിയും മറ്റെയാള്‍ ക്യാമറയിലൂടെ വിസ്മയം തീര്‍ക്കുന്നയാളും... അവര്‍ മൂന്നു പേരുടെയും രസതന്ത്രം തന്നെയാകണം 'പെരുന്തച്ചനെ' അനശ്വരമാക്കിയതില്‍ ഒരു പ്രധാനപ്പെട്ട ഘടകം. പിന്നെ വെളളിത്തിരയിലേക്ക് വന്നവരിൽ തിലകനെയും നെടുമുടിയെയും പോലെ അഭിനയത്തിന്റെ കൊടുമുടികൾ കീഴടക്കിയവർ. ഇവർക്കൊപ്പം തേച്ച് മിനുക്കി ചിന്തേരിട്ട് അജയന്റെ പ്രതിഭയും സ്വപ്നവും. എല്ലാം ചേർന്നപ്പോൾ 'പെരുന്തച്ചൻ' മലയാളത്തിലെ എണ്ണപ്പെട്ട ചിത്രങ്ങളിലൊന്നായി ചരിത്രത്തത്തിലിടം പിടിച്ചു.
അഭിനയ മികവു കൊണ്ട് ദേശീയ തലത്തില്‍പ്പോലും ചിത്രത്തില്‍ അഭിനയിച്ച തിലകന്‍ ശ്രദ്ധിക്കപ്പെട്ടു. തിലകനെ സംബന്ധിച്ച് മുഖ്യ കഥാപാത്ര പ്രാധാന്യമുള്ള ചിത്രങ്ങള്‍ പിന്നീടൊരിക്കലും തേടി വന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ അഭിനയ വ്യാപ്തി എത്രയുണ്ടായിരുന്നുവെന്നു ഈയൊരു ചിത്രം രേഖപ്പെടുത്തും. അജയനാകട്ടെ, മികച്ച നവാഗത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു.
പില്‍ക്കാലത്ത് അജയന്‍ ചിത്രങ്ങള്‍ ഒന്നും തന്നെ ചെയ്തില്ല. ആളും ആരവവും ഒഴിഞ്ഞ് അയാള്‍ എല്ലാ ബഹളങ്ങളില്‍ നിന്നും അകലം പാലിച്ചു നിന്നു. അച്ഛന്റെ (തോപ്പില്‍ ഭാസി) പ്രതിഭയുടെ നിഴലില്‍ അദ്ദേഹം ഒരിക്കലും ഒതുങ്ങിപ്പോയില്ല. ജീവിത കാലത്ത് ആകെ ചെയ്ത ഒരു ചിത്രം കൊണ്ടു തന്നെ സിനിമാ ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
ഒരുപക്ഷേ പുതിയ തലമുറ അജയന്‍ എന്ന സംവിധായകനെപ്പറ്റി അധികം കേട്ടിട്ടുണ്ടാകില്ല. പക്ഷെ 'പെരുന്തച്ചന്‍' സാധാരണ സമൂഹത്തിന് പരിചിതമായ ഒരു ചലച്ചിത്രമായി മാറിയിരുന്നു.
/indian-express-malayalam/media/media_files/uploads/2018/12/Perunthanchan-Ajayan-Santosh-Sivan-Monisha-Unni.jpg)
സൃഷ്ടി ചിലപ്പോഴൊക്കെ സ്രഷ്ടാവിനെ മറികടക്കുന്നു. 'പെരുന്തച്ചനും' അതു പോലെ തന്നെയാണ് കേരള സമൂഹത്തിന്‍റെ ഭാഗമായിട്ടുണ്ടാകുക. അജയന്‍ എന്തു കൊണ്ട് പിന്നീട് ചിത്രങ്ങള്‍ ഒന്നും ചെയ്തില്ല എന്നത് അത്ഭുതകരമായ ഒരു കാര്യമായി അവശേഷിക്കുന്നു. മലയാളം അദ്ദേഹത്തെ പൂര്‍ണമായും വിസ്മരിച്ചു. കാലം പഴയതിനെ പൂര്‍ണമായും തുടച്ചു നീക്കുമല്ലോ.
ചിത്രത്തില്‍ അഭിനയിച്ച തിലകനും പില്‍ക്കാലത്ത് മുഖ്യധാരാ സിനിമയില്‍ നിന്നും പുറത്തു പോകേണ്ടി വന്നു. അദ്ദേഹം സ്വയം പോരാടുകയും ചെയ്തു. അജയന്‍ ഒരിക്കലും പോരാടാന്‍ ഇറങ്ങിയില്ല. ദീര്‍ഘമായ ഇരുപത്തി എട്ടു വര്‍ഷത്തെ മൗനം മരണം വരെ തുടരുകയായിരുന്നോ? മരണം കൊണ്ടു മാത്രം അയാള്‍ അടച്ചിട്ട വാതിലുകള്‍ തുറന്നിടുന്നു.
മലയാള സിനിമാ ചരിത്രത്തില്‍ 'പെരുന്തച്ച'നെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നു ചോദിച്ചാല്‍ അഭിനയവും സാങ്കേതികത്തികവിനും സംവിധായക മികവിനുമപ്പുറം, പ്രാചീന കേരളത്തിലെ ഒരു കഥാപാത്രത്തെ അയാളുടെ ചരിത്രത്തെയും കടന്ന് മനുഷ്യ മനസ്സുമായും സാമൂഹിക ജീവിതവുമായും കൂട്ടിച്ചേര്‍ത്തു എന്നു പറയേണ്ടി വരും. 'പെരുന്തച്ചൻ' പുറത്തിറങ്ങിയ വർഷം തന്നെയാണ് ലോഹിതദാസ് ഭരതൻ മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'അമരം' പുറത്തു വരുന്നതും. അതേ വർഷം തന്നെയാണ് ഫാന്റസിയുടെ പുതിയൊരു ലോകം തുറന്നിട്ട പദ്മരാജൻ ചിത്രമായ 'ഞാൻ ഗന്ധർവ്വൻ' പുറത്തു വന്നതും. ഒരുപക്ഷേ രണ്ട് പ്രതിഭകളുടെ ചിത്രങ്ങൾക്കൊപ്പം പുറത്തു വന്ന നവാഗത സംവിധായകന്റെ ചിത്രം ഇവരുടെയെല്ലാം മുന്നേ പറന്നു. 'പെരുന്തച്ചൻ' മലയാള സിനിമയുടെ വാസ്തുശിൽപ്പം തന്നെ മാറ്റി നിർമ്മിച്ച ചിത്രമായി മാറി.
/indian-express-malayalam/media/media_files/uploads/2018/12/ajayan-director.jpg)
ജാതിയും, പ്രണയവും, രതിയും, ഈഗോയും അങ്ങനെ മനുഷ്യ മനസ്സിലെ എല്ലാ വികാരങ്ങളും ഇതിഹാസമായ 'പെരുന്തച്ചനി'ലും ബന്ധിക്കപ്പെടുന്നു. പെരുന്തച്ചനും മകനും തമ്മിലുള്ള മനസ്സിന്‍റെ ആന്തരിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം...
മലയാള സിനിമാ ചരിത്രത്തില്‍ ദൃശ്യപരമായി കാലത്തെ അടയാളപ്പെടുത്തുന്നതില്‍ 'പെരുന്തച്ചന്' സാധിച്ചു. അതിന്‍റെ മികവ് സന്തോഷ് ശിവന്‍റെ ക്യാമറക്കും സംവിധായകനും അവകാശപ്പെടാവുന്നതാണ്.
കഥാതന്തുവായ ഒരു പ്രാദേശിക മിത്തിനെ, അതിന്‍റെ പുറം തോടിനുള്ളില്‍ അനേകം സാമൂഹിക അവസ്ഥകളെ ഉള്‍ക്കൊള്ളിച്ചു എന്നതാണ് ചലച്ചിത്രത്തിന്റെ ആഴം സൂചിപ്പിക്കുന്നത്. ബിംബങ്ങള്‍ വെളിച്ചവും നിഴലുമായും, അഗ്നിയുടെ രൂപങ്ങളും ശിലകളും, ശിലയുടെ മേല്‍ പതിക്കുന്ന ഉളിയുടെ ശബ്ദമായും പ്രയോഗിക്കപ്പെട്ടിരിക്കുന്നു.
പെരുന്തച്ചന്‍ രാമന്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ദേവതയെ സൃഷ്ടിക്കുന്ന മനുഷ്യന് താന്‍ പ്രകാശ സ്വരൂപമാണെന്ന സൂചന നല്‍കുന്നുണ്ട്. സൂര്യപ്രകാശം സസ്യങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് അന്നമായി പരിവര്‍ത്തനം ചെയ്യുന്നുവെന്ന ഉപനിഷത്ത് തത്വ ചിന്ത ശില്പിക്കും ബാധകമാകണം. ചിത്രം സംഭാഷണത്തെ ദീര്‍ഘമായ ഒരഭ്യാസമായി എടുത്തില്ല, ദൃശ്യങ്ങള്‍ക്കും ചലനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയതുകൊണ്ട് അതു പൂര്‍ണ രൂപത്തില്‍ സംവേദനം ചെയ്യുന്നു.
സൂപ്പര്‍ താരങ്ങളും ആധുനിക ജീവിതവും സിനിമയെ കീഴടക്കുന്ന ഒരു കാലത്ത് പഴയൊരു കഥാതന്തു വികസിപ്പിക്കുക ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ആ വെല്ലുവിളിയെ വിജയിപ്പിക്കാന്‍ അജയനു കഴിഞ്ഞു. തിലകന്‍റെ അഭിനയ ശേഷിയെ അതിന്‍റെ പരമകോടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം അദ്ദേഹം നേടി. പിന്നെയൊരിക്കലും അത്രത്തോളം അഭിനയ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട വേഷം ചെയ്യാന്‍ തിലകനു കഴിഞ്ഞില്ല.
പറയി പെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനില്‍, മകന്‍ തന്‍റെ ഘാതകന്‍ ആകുമെന്ന പേടി ആദ്യം മുതല്‍ക്കുണ്ട്. മകന്‍ തന്‍റെ കഴിവിനും അപ്പുറം വളരുന്നതും അയാളില്‍ ആന്തരിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്, അയാളുടെ വിറയ്ക്കുന്ന കൈകളില്‍ നിന്നും കൈവിട്ട ആയുധം മകനെ ഇല്ലാതാക്കുമ്പോള്‍, പെരുന്തച്ചന്‍ വിറക്കുന്നുണ്ട്. അയാള്‍ അഗ്നിയില്‍ സകല ശാസ്ത്രങ്ങളേയും തന്നെതന്നേയും ആഹൂതി ചെയ്യുന്നു.
കല്ലില്‍ അയാള്‍ താളമിട്ട് സ്വരങ്ങള്‍ കേള്‍പ്പിക്കുന്നു, ഓല കെട്ടി മറച്ച മുറിയില്‍ ഒരു ദേവത ജനിക്കുന്നു. കാമവും അഭിനിവേശവും നിശബ്ദ പ്രണയവും സംഭവിക്കുന്നു. കേരളം 'പെരുന്തച്ചനെ' ചരിത്രത്തില്‍ ഐതിഹ്യ മാലക്കും അപ്പുറം ചലച്ചിത്രമായി തന്നെ ചരിത്രത്തിന്‍റെ ഭാഗമായി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. അജയനാകട്ടെ ഒരൊറ്റ ചലച്ചിത്രത്തിലൂടെ സിനിമാ ചരിത്രത്തിന്‍റെ ഭാഗവുമായി മാറി. അജയനെപ്പോലെ ഒരു സംവിധായകന്‍ ആ കാലത്ത് സ്വീകരിച്ച വെല്ലുവിളികളെ സ്മരിക്കേണ്ടതുണ്ട്. ഒരുപക്ഷേ അവര്‍ ആ ശ്രമം നടത്തിയില്ലായിരുന്നുവെങ്കില്‍ 'പെരുന്തച്ചന്‍' പോലൊരു 'ഐക്കോണിക്ക്' ചലച്ചിത്രത്തെ മലയാളിക്ക് ലഭിക്കുമായിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.