ദൈന്യതയെന്ന വാക്കിന്റെ പര്യായം പോലെയുള്ള ഒരു നോട്ടവുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അമുദന്‍. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക വൈകാരികാവസ്ഥയിലുള്ള ഒരു പെൺകുട്ടിയുടെ അച്ഛനാണ് അയാൾ. കാഴ്ചക്കാരിൽ വൈകാരികമായി ഭാരമേൽപ്പിക്കുന്ന ‘പേരൻപ്’ എന്ന തമിഴ് ചിത്രവുമായി സംവിധായകൻ റാം എത്തുമ്പോൾ മലയാളികളുടെ ഹൃദയത്തിൽ കൊളുത്തിവലിക്കുന്നൊരു നോട്ടം ആവുകയാണ് അമുദന്റേത്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയെന്ന നടനിലെ മികവാർന്ന പ്രകടനം പുറത്തെടുക്കുകയും വെല്ലുവിളി ഉയർത്തുകയുമൊക്കെ ചെയ്യുന്നൊരു കഥാപാത്രമാണ് ‘പേരൻപി’ലെ അമുദൻ.

കടലാഴമുള്ള വൈകാരികതയിലേക്ക് മമ്മൂട്ടി എന്ന നടൻ അനായേസേന നടന്നു കയറിയ എത്രയോ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ് മലയാളികൾ. മതിലുകൾ, വടക്കൻ വീരഗാഥ, വിധേയൻ, പൊന്തൻമാട, അംബേദ്കർ, യാത്ര, കാഴ്ച, പാലേരിമാണിക്യം, അമരം, ഭൂതക്കണ്ണാടി എന്നു തുടങ്ങി ഒരേ കടൽ വരെ നീളുന്ന എത്രയേറെ ഹൃദയസ്പർശിയായ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. മറ്റാർക്കും പകരക്കാരനാവാത്ത വിധം മമ്മൂട്ടി അനശ്വരമാക്കിയ വേഷങ്ങൾ. പരകായപ്രവേശം നടത്തി മമ്മൂട്ടിയെന്ന നടൻ കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ ആ കഥാപാത്രങ്ങളുടെ വേദനകളും കരച്ചിലും നിസ്സഹായതയും പ്രേക്ഷകരെ കൂടി പൊള്ളിപ്പിക്കുന്ന ഒരനുഭവമാകുന്ന ആസ്വാദനതലങ്ങൾ എത്ര കണ്ടിരിക്കുന്നു നമ്മൾ. അതു കൊണ്ടൊക്കെയാവാം മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവപൂർണിമ എന്ന് മമ്മൂട്ടി വിശേഷിപ്പിക്കപ്പെടുന്നത്.

അമരത്തിലും തനിയാവർത്തനത്തിലും ഒരേ കടലിലുമൊക്കെ നമ്മൾ കണ്ട മമ്മൂട്ടിയെന്ന നടനവിസ്മയത്തെ വീണ്ടും കാണാൻ കഴിയുന്നൊരു സിനിമയാണ് ‘പേരൻപ്’. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ വൈകിട്ട് റിലീസ് ചെയ്തപ്പോൾ മുതൽ ചിത്രമുണ്ടാക്കുന്ന പ്രതീക്ഷയെറെയാണ്. തമിഴകത്തിനൊപ്പം തന്നെ മലയാളികളും ഈ മമ്മൂട്ടി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഒരു ശരാശരി മലയാള പ്രേക്ഷകൻ മമ്മൂട്ടിയിൽ നിന്നും ആഗ്രഹിക്കുന്നത് ഇതുപോലെയുള്ള കഥാപാത്രങ്ങളാണെന്നതിനു കൂടിയുള്ള തെളിവായി മാറുകയാണ് ‘പേരൻപ്’ എന്ന ചിത്രത്തിനുള്ള കാത്തിരിപ്പ്.

Read more: IFFI 2018: മലയാളി നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രം: പേരന്‍പ്

പേരൻപിനൊപ്പം തന്നെ തെലുങ്കിൽ നിന്നും ശ്രദ്ധേയമായൊരു മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ‘യാത്ര’യുടെ ട്രെയിലറും അണിയറയിൽ നാളെ റിലീസിന് ഒരുങ്ങുകയാണ്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ച് സംസാരിക്കുന്ന സിനിമയിലെ കഥാപാത്രവും മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ ഏറെ പ്രധാനപ്പെട്ടൊരു വേഷമാണ്. ‘യാത്ര’യും മമ്മൂട്ടിയുടെ കരിയറിൽ ഏറെ പ്രാധാന്യമുള്ളൊരു ചിത്രമാണ്.

തമിഴിലും തെലുങ്കിൽ നിന്നുമൊക്കെ മികച്ച കഥാപാത്രങ്ങൾ മമ്മൂട്ടിയെ തേടിയെത്തുമ്പോഴും ഏറെനാളായി മമ്മൂട്ടിയെന്ന നടനെ വെല്ലുവിളിക്കുന്ന സിനിമകൾ കുറവാണ് മലയാള സിനിമയിൽ എന്നു തന്നെ പറയേണ്ടി വരും. കഴിഞ്ഞ വർഷം അഞ്ചു മമ്മൂട്ടി സിനിമകള്‍ ഉണ്ടായിട്ടും ഓര്‍ത്ത് വയ്ക്കാന്‍ അധികമൊന്നുമില്ലാതെയാണ് 2018 കടന്നു പോകുന്നത്. അതുകൊണ്ടു തന്നെയാവാം, മലയാള ഇതരഭാഷകളിൽ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങൾ പിറവിയെടുക്കുമ്പോൾ ഞങ്ങളുടെ ഹൃദയത്തിൽ തൊടുന്ന ആ പഴയ മമ്മൂട്ടിയെ എന്ന് തിരിച്ചുകിട്ടുമെന്ന് മലയാളി പ്രേക്ഷകർ ചോദിക്കുന്നത്.

Read more: #ExpressRewind: അഞ്ചു സിനിമകള്‍, ഒരതിഥി വേഷം: മമ്മൂട്ടിയുടെ 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook