സമൂഹം പലപ്പോഴും കണ്ടിട്ടും കണ്ടില്ലെന്നു വെയ്ക്കുന്ന ഒരു കൂട്ടം കുട്ടികളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു റാമിന്റെ ‘പേരൻപ്’ എന്ന ചിത്രം. മമ്മൂട്ടിയും സാധനയും അഭിനയമുഹൂർത്തങ്ങളാൽ അവിസ്മരണീയമാക്കിയ ‘പേരൻപ്’, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതകാഴ്ചകൾ അതിന്റെ തീക്ഷ്ണതയോടെ കാണിച്ചു തന്ന് ഓരോ പ്രേക്ഷകന്റെയും ഉള്ളുപൊള്ളിക്കുന്ന അനുഭവമാകുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്നലെ എറണാകുളം കവിതാ തിയേറ്ററിൽ മമ്മൂട്ടിയെത്തിയപ്പോൾ അവിടെ മമ്മൂക്കയെ കാത്ത് ഓട്ടിസം ബാധിച്ച നിരവധി കുട്ടികൾ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ കഥ പറഞ്ഞ മമ്മൂട്ടിയെ സ്നേഹത്തോടെ സ്വീകരിച്ചും ബൊക്കെ നൽകിയുമൊക്കെയാണ് കുട്ടികൾ എതിരേറ്റത്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സെന്റര്‍ ഫോര്‍ എമ്പവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റ് നടത്തിയതാണ് സ്ക്രീനിംഗ്. എണ്‍പതോളം ഭിന്നശേഷിക്കരായ കുട്ടികളും അവരുടെ മാതാപിതാക്കളും ഈ സ്പെഷ്യല്‍ എജുക്കേഷന്‍ അധ്യാപകരും പങ്കെടുത്തു. സംവിധായകൻ റാമും സാധനയും മമ്മൂട്ടിക്കൊപ്പം തിയേറ്ററിലെത്തിയിരുന്നു. ‘പേരന്‍പി’ന്റെ പ്രത്യേക സ്ക്രീനിംഗും കവിതാ തിയേറ്ററില്‍ നടന്നു. കുട്ടികളോടൊപ്പം സെല്‍ഫി എടുത്തും വിശേഷങ്ങള്‍ പങ്കു വച്ചും താരം കുറച്ചു നേരം അവിടെ ചെലവഴിച്ചു.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പയും ടാക്സി ഡ്രൈവറായ അമുദന് എന്ന അവളുടെ അപ്പയും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.
അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്.