Mammootty starrer Peranbu leaked online by Tamilrockers: തമിഴ് സിനിമാ വ്യവസായത്തിന് മുകളിൽ കരിനിഴൽ പരത്തി നിയന്ത്രിക്കാനാവാത്ത രീതിയിൽ മുന്നേറുകയാണ് തമിഴ് റോക്കേഴ്സ്. തമിഴിലിറങ്ങുന്ന പ്രധാന ചിത്രങ്ങളുടെയെല്ലാം കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനവുമായി റിലീസിന്റെ അന്നു തന്നെ ചിത്രങ്ങൾ ചോർത്തുന്ന തമിഴ് റോക്കേഴ്സിന്റെ പിടിയിൽ പെട്ടിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘പേരൻപും’. ചിത്രം റിലീസ് ചെയ്ത അന്നു തന്നെ ചിത്രത്തിന്റെ പൈറസി കോപ്പി തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

ചിത്രം ജനുവരി 31 നാണ് തമിഴ് നാട്ടിൽ റിലീസ് ചെയ്ചത്. ഫെബ്രുവരി ഒന്നിന് ചിത്രം കേരളത്തിലും റിലീസിനെത്തി. ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ‘പേരൻപി’ലെ അമുദവൻ എന്ന കഥാപാത്രം എന്നാണ് നിരൂപകർ വിലയിരുത്തുന്നത്. “അമുദവന്‍ എന്ന ‘കണ്‍ഫ്യൂസഡ്‌’ ആയ അച്ഛനായി, ഏറ്റവും സ്വാഭാവികമായിത്തന്നെ അഭിനയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഒരു സൂപ്പര്‍സ്റ്റാര്‍ തന്റെ താരപരിവേഷം അനായാസം അഴിച്ചു വച്ച് വെല്ലുവിളി നിറഞ്ഞ ഒരു തിരക്കഥയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അത്ഭുതത്തോടെയേ കണ്ടിരിക്കാനാവൂ,” എന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിവ്യൂ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറയുന്നത്.

Read more: Peranbu Movie Review: സ്നേഹമാണഖിലസാരമൂഴിയില്‍: ‘പേരന്‍പ്’ റിവ്യൂ

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

Read more: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ

തമിഴ് റോക്കേഴ്സിന്റെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പ്രോക്സി സെർവറുകൾ എളുപ്പത്തിൽ ലഭ്യമാക്കി സൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ (ടിഎഫ്പിസി) ആന്റി പൈറസി സെൽ ഓരോ തവണ സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഡൊമെയ്നുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി തമിഴ് റോക്കേഴ്സ് വെല്ലുവിളി ഉയർത്തുകയാണ്.

“ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചേർന്ന് നടത്തുന്ന ഒന്നല്ല തമിഴ്റോക്കേഴ്സ്. പലയിടങ്ങളിലായി ചിതറികിടക്കുന്ന ഒരു കൂട്ടം ആളുകൾ അതിനു പിന്നിലുണ്ട്. അവർക്ക് പരസ്പരം പരിചയമുണ്ടാവണം എന്നു പോലുമില്ല, വിദേശത്തു ഇരുന്നാണ് കൂടുതൽ സൈറ്റ് ഓപ്പറേഷനുകളും നടക്കുന്നത്. പലപ്പോഴും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ ലീക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കണ്ടെത്തിയ ഒരു കാര്യം ഇവയെല്ലാം ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് റഷ്യ, ഉക്രൈൻ പോലുള്ള രാജ്യങ്ങളിലെ പ്രോക്സി സർവറുകളിൽ നിന്നാണ്,” എന്നാണ് തമിഴ് റോക്കേഴ്സ്, പ്രോക്സി സർവ്വറുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ സീനിയർ സൈബർ ക്രൈം ഓഫീസർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞത്.

Read more: മമ്മൂട്ടിയെ ‘പേരന്‍പി’ലേക്ക് എത്തിച്ച ‘യാത്ര’

“വിജ്ഞാന വ്യവസായത്തിനെതിരായ ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരുകൂട്ടം ഓൺലൈൻ ആക്റ്റിവിസ്റ്റുകളും ഇത്തരം സൈറ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് സൈറ്റുകൾ ഞങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടുമ്പോഴും പുതിയവ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്ന മിക്ക പ്രൊഫഷണലുകളും വിദഗ്ദ്ധരുമെല്ലാം പകർപ്പവകാശമെന്ന ആശയത്തെ എതിർക്കുന്നവരും സൗജന്യ ഓൺലൈൻ വിജ്ഞാനത്തിന് വേണ്ടി പൊരുതുന്നവരുമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook