നിയോഗങ്ങൾ തെളിക്കുന്ന വഴിയെയാണ് മിക്കപ്പോഴും മനുഷ്യരുടെ സഞ്ചാരം. നമ്മളിപ്പോൾ നിൽക്കുന്ന വഴികളുടെ തുടക്കം എവിടെയെന്ന് അന്വേഷിച്ച് പോവുമ്പോൾ അത് വർഷങ്ങൾക്കു മുൻപെ കുറിക്കപ്പെട്ട ഒരു യാത്രയുടെ തുടർച്ചയാണെന്ന തിരിച്ചറിവിലായിരിക്കും എത്തിച്ചേരുക. ആക്സ്മികതകൾ, നിയോഗങ്ങൾ എന്നിവയുമായി അതിശയകരമായ രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ഓരോ ജീവിതയാത്രയും. മമ്മൂട്ടിയുടെ ‘പേരൻപ്’ എന്ന ചിത്രത്തിനും അത്തരമൊരു നിയോഗത്തിന്റെ കഥ പറയാനുണ്ട്.
സിനിമാലോകം കുറച്ചുനാളായി ഏറെ ചർച്ച ചെയ്യുന്നൊരു ചിത്രമാണ് റാമിന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തുന്ന ‘പേരൻപ്’. സിനിമ കണ്ടിറങ്ങുന്നവരുടെയെല്ലാം ഉള്ളുലയ്ക്കുകയാണ് ചിത്രം. ജീവിതമാണോ സിനിമയാണോ എന്നു തിരിച്ചറിയാനാവാത്ത വിധം പ്രേക്ഷകരെ വിസ്മയിപ്പിച്ചും ഹൃദയത്തിൽ നോവു സമ്മാനിച്ചും തിയേറ്റർ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകനെ പിന്തുടരുകയാണ് മമ്മൂട്ടിയുടെ അമുദവൻ എന്ന കഥാപാത്രം.
മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ‘പേരൻപ്’ സംഭവിക്കുകയില്ലായിരുന്നെന്ന് സംവിധായകൻ റാം തന്നെ ആണയിട്ടു പറഞ്ഞതെന്തുകൊണ്ടെന്നതിനുള്ള ഉത്തരവുമായാണ് ഓരോ പ്രേക്ഷകനും തിയേറ്റർ വിട്ടിറങ്ങുന്നത്. ഇത്രയും സങ്കീർണ്ണമായൊരു വിഷയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കാൻ റാമിനോളം മറ്റാർക്ക് സാധിക്കുമെന്ന അതിശയവും പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാവും. അഭിനയം കൊണ്ട് മമ്മൂട്ടിയും സംവിധാനമികവിനാൽ റാമും വിസ്മയിപ്പിക്കുമ്പോൾ, ആ വിസ്മയക്കാഴ്ചയുടെ മറ്റൊരറ്റത്ത് നിയോഗമായി മറ്റൊരാൾ കൂടി നിൽപ്പുണ്ട്. അത്, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും പ്രതിഭാധനനായ സംവിധായകരിൽ ഒരാളായ ബാലു മഹേന്ദ്രയാണ്. ആ നിയോഗത്തിന്റെ കഥയറിയുമ്പോൾ, ഒരു പക്ഷേ ബാലു മഹേന്ദ്രയില്ലായിരുന്നെങ്കിൽ ‘പേരൻപ്’ സംഭവിക്കുകയില്ലായിരുന്നു എന്ന് ആകസ്മികതകളുടെ ആ യാത്രയെ നമ്മൾ തിരുത്തി വായിക്കേണ്ടി വരും.
മമ്മൂട്ടിയെ വച്ച് ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ഗുരു ബാലു മഹേന്ദ്രയുടെ വാക്കുകളാണ് സംവിധായകനായ റാമിന്റെ മനസ്സിൽ മമ്മൂട്ടിയ്ക്കൊപ്പമൊരു സിനിമയെന്ന ആഗ്രഹമായി വളർന്നത്. 1985ൽ മമ്മൂട്ടിയെ നായകനാക്കി ‘യാത്ര’ എന്ന ചിത്രം സംവിധാനം ചെയ്ത അനുഭവത്തിന്റെ പുറത്തായിരുന്നു ബാലു മഹേന്ദ്രയുടെ ഈ വാക്കുകൾ. തന്നെ അതിശയപ്പെടുത്തിയ ആ അഭിനയപ്രതിഭയെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ ശിഷ്യനും പകർന്നേകുകയായിരുന്നു ബാലു മഹേന്ദ്രയെന്ന ഗുരു.
“എന്റെ ഗുരു ബാലു മഹേന്ദ്ര എപ്പോഴും എന്നോട് പറയുമായിരുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമയെങ്കിലും ഞാൻ ചെയ്യണമെന്ന്. മമ്മൂട്ടി മികച്ചൊരു നടനാണെന്നാണ് അദ്ദേഹം പറയാറുളളത്. മമ്മൂട്ടിയുടെ കൈയ്യിൽ ഒരു കഥാപാത്രം കിട്ടിയാൽ അദ്ദേഹം അത് ചെയ്തു കഴിയുമ്പോൾ നമ്മളെ ശരിക്കും അതിശയപ്പെടുത്തുമെന്നും പറയുമായിരുന്നു. ‘പേരന്‍പി’ലൂടെ ഞാനും അത് മനസ്സിലാക്കി. അഭിനയം എന്താണെന്ന് മമ്മൂട്ടി വഴി ഈ സിനിമയിലൂടെ ഞാൻ പഠിച്ചു. സംവിധാന രംഗത്ത് ബാലു മഹേന്ദ്രയാണ് എന്റെ മാസ്റ്റർ. ആക്ടിങ്ങിൽ ഈ സിനിമയോടെ മമ്മൂട്ടി എന്റെ മാസ്റ്ററായി,” എന്നാണ് റാം ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്.
ആ വാക്കുകൾ ആകട്ടെ, കോയമ്പത്തൂരിൽ വച്ച് 16-ാം വയസ്സിൽ താൻ കണ്ട ‘സുകൃതം’ എന്ന ചിത്രത്തിലെ നായകനെ കൂടുതൽ ഇഷ്ടപ്പെടാൻ റാമിന് പ്രചോദനമാകുകയും ചെയ്തു. അതുകൊണ്ടു തന്നെ, വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെന്ന പ്രതിഭയെ അടയാളപ്പെടുത്തുന്ന മികച്ചൊരു കഥാപാത്രത്തെ സമ്മാനിച്ച് ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രശംസയും സ്നേഹവും ഏറ്റുവാങ്ങുമ്പോൾ ആ നിയോഗത്തിന്റെ അങ്ങേ തലയ്ക്കൽ എവിടെയോ ബാലു മഹേന്ദ്ര എന്ന ഗുരുവിന്റെ അദൃശ്യസാന്നിധ്യവും അനുഗ്രഹവുമുണ്ട് റാമിനൊപ്പം.
Read more: Peranbu Movie Review: സ്നേഹമാണഖിലസാരമൂഴിയില്‍: ‘പേരന്‍പ്’ റിവ്യൂ
മറ്റൊരു ആക്സ്മികത, വളരെ പ്രതീക്ഷകളുമായി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി നായകനാവുന്ന തെലുങ്കു ചിത്രത്തിന്റെ പേരും ‘യാത്ര’ ആണെന്നതാണ്. വൈഎസ്ആറിന്റെ ബയോപിക് ചിത്രമായ ‘യാത്ര’ കൂടി റിലീസ് ആവുമ്പോൾ, ‘യാത്ര’യെന്ന പേരിൽ രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഫിലിമോഗ്രാഫിയിലേക്ക് എഴുതിചേർക്കപ്പെടുന്നത്. രണ്ടു വ്യത്യസ്ത പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന, രണ്ടു ഭാഷകളിലുള്ള എന്നാൽ ഒരേ പേരിലുള്ള രണ്ടു ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായെത്തുന്ന നടൻ എന്ന പ്രത്യേകത കൂടി മമ്മൂട്ടിയ്ക്ക് സ്വന്തമാവുകയാണ്.