‘പേരൻപ്’ ഒരു ക്ലാസിക് ചിത്രമെന്ന് അഭിപ്രായപ്പെടുകയാണ് പ്രമുഖ തമിഴ് സംവിധായകനായ പാ രഞ്ജിത്ത്. ‘പേരൻപ്’ ഹൃദയത്തിൽ തൊട്ട അനുഭവം സമ്മാനിച്ചുവെന്നും രഞ്ജിത്ത് പറയുന്നു. പേരൻപിന്റെ സ്പെഷ്യൽ ഷോ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാ രഞ്ജിത്ത്.

“ഇത് രണ്ടാമത്തെ തവണയാണ് ‘പേരൻപ്’ കാണുന്നത്. ആദ്യം റാം സാറിനൊപ്പം കണ്ടു, ഇപ്പോൾ പ്രേക്ഷകർക്കൊപ്പവും. എല്ലാ കാലത്തും തമിഴ് സിനിമയിൽ ഇതുപോലെയുള്ള നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്. ഈ കാലത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘പേരൻപ്’. സാധാരണ രീതിയിൽ സ്പെഷ്യൽ കുട്ടികളുടെ കഥ പറയുമ്പോൾ പുറത്തുനിന്ന് അവരുടെ വേദനകൾ പറഞ്ഞുപോവുകയാണ് ചെയ്യാറുള്ളത്. അവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രാനുഭവം പോലെ, ​എന്നാൽ ‘പേരൻപ്’ ആ കുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്നു.​ അവരുടെ കണ്ണുകളിലൂടെ ഉലകം കാണുന്നതുപോലെയുള്ള അനുഭവം സമ്മാനിക്കുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ലോകവും മനസ്സും മനസ്സിലാക്കാനും അടുത്തറിയാനും ഈ സിനിമ സഹായിക്കും,” പാ രഞ്ജിത്ത് പറയുന്നു.

“റിയലിസ്റ്റിക് ആയി ക്ലാസ്സിക്കൽ തനിമയോടെയാണ് റാം പേരൻപ് ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു പടമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ചിത്രത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. മികച്ചൊരു വിജയം പേരൻപ് അർഹിക്കുന്നുണ്ട്,” റാം കൂട്ടിച്ചേർക്കുന്നു.

തമിഴകവും മലയാളികളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ മുതൽതന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്.

Read more: മലയാളി നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രം: പേരന്‍പ്

അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്.

വളരെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്ഥമായ ഒരു വേഷം, തികച്ചും വൈകാരികമായ ഒരു കഥയുടെ ഹൃദയസ്പര്‍ശിയായ അവതരണം, അച്ഛന്‍ വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ‘പേരന്‍പ്’ ഫെബ്രുവരി ഒന്നിനാണ് റിലീസിനെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ