ഏറെ നാളായി തമിഴകവും മലയാളി പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘പേരൻപ്’, ബിലഹരി- കുഞ്ചാക്കോ ബോബൻ ചിത്രം ‘അള്ള് രാമേന്ദ്രൻ’, ‘നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്’, സർവം താള മയം’, ജയറാം നായകനാവുന്ന ‘ലോനപ്പന്റെ മാമോദീസ’ തുടങ്ങി അഞ്ചു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന പേരൻപ് ഒരുക്കിയിരിക്കുന്നത് സംവിധായകൻ റാം ആണ്. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ മുതൽതന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീർ, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

അള്ള് രാമേന്ദ്രൻ

ബിലഹരിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രമാണ് ‘അള്ള് രാമേന്ദ്രൻ’. ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ മാസ് റോളിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു. അപർണ ബാലമുരളിയാണ്​ നായിക. ജിംഷി ഖാലിദ് ഛായാഗ്രഹണവും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കുന്നു. സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ വിതരണം.

നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്

ഭഗത് മാനുവല്‍, ജയകുമാര്‍, ശെെത്യാ സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സി.എസ്. വിനയന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’. റിജോയസ് ഫിലിം കമ്പനിയുടെ ബാനറില്‍ ജലേഷ്യസ്.ജി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഗോപാല്‍, അഭിലാഷ് കെ.ബി എന്നിവര്‍ ചേര്‍ന്നാണ്. ജി വിനുനാഥിന്റേതാണ് സംഭാഷണം.

രഞ്ജി പണിക്കർ, എം ആർ ഗോപകുമാർ, ശിവജി ഗുരുവായൂർ, കലിംഗ ശശി, ബാലാജി ശർമ്മ,സുനിച്ചൻ ചങ്ങനാശ്ശേരി, സജിലാൽ നായർ,അനീഷ് ജയറാം,ഫെെസൽ,രാജ് കുമാർ, സ്റ്റെല്ല, ആതിര, അംബികാ മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. പ്രവീൺ ചക്രവർത്തി ഛായാഗ്രഹണവും സംഗീതം അരുൺരാജും നിർവ്വഹിച്ചു.

സർവം താള മയം

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ 18 വർഷങ്ങൾക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവം താള മയം’. സംഗീതത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജി.വി. പ്രകാശ് നായകനാകുന്നു. അപർണ ബാലമുരളിയാണ് നായിക. നെടുമുടി വേണു, വിനീത്, ദിവ്യദർശിനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. രവി യാദവ് ഛായാഗ്രഹണവും എ.ആർ. റഹ്മാൻ സംഗീതവും ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. 2000ൽ റിലീസ് ചെയ്ത ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേ’നാണ് രാജീവ് മേനോൻ അവസാനം സംവിധാനം ചെയ്ത ചിത്രം. ‘ബോബൈ’, ‘ഗുരു’, ‘കടൽ’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകന്നും രാജീവ് മേനോൻ ആയിരുന്നു.

ലോനപ്പന്റെ മാമോദീസ

പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മ്മിച്ച് ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമോദീസ’. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ജയറാമാണ് നായകൻ. അന്നാ രേഷ്മ രാജന്‍ ആണ് നായിക. ശാന്തികൃഷ്ണ, കനിഹ, ജോജു, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ്, നിഷാ സാരംഗ്, ഇവാ പവിത്രന്‍, നിയാസ് ബെക്കര്‍, കലാഭവന്‍ ജോഷി, വിശാഖ് എന്നിവരും ചിത്രത്തിലുണ്ട്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും അൽഫോൺസ് ജോസഫ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. ഹരിനാരായണന്‍ ,ജോഫി തരകന്‍ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ