/indian-express-malayalam/media/media_files/uploads/2023/07/people-who-call-pranav-simple-does-not-know-about-the-simpler-life-mohanlal-lives-869820.jpeg)
Mohanlal, Pranav Mohanlal
താര പുത്രനാണ്, താരമാണ്, സമ്പന്നതയുടെ നടുവിൽ വളർന്നതാണ് - എന്നിട്ടും പ്രണവ് മോഹൻലാൽ ജീവിക്കുന്നത് ഏറ്റവും സിമ്പിൾ ആയിട്ടാണ്. അദ്ദേഹത്തിന്റെ യാത്രകളിലും മറ്റും വഴിയിൽ പായ വിരിച്ച് കിടക്കുന്നതും ബസിൽ സഞ്ചരിക്കുന്നതുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. താരജാഡകളിലാതെ, തന്റെ വഴി, താൻ തന്നെ തേടുന്ന രീതിയാണ് അപ്പു എന്ന് വിളിക്കുന്ന പ്രണവിന്റേത്.
എന്നാൽ അപ്പുവിനേക്കാൾ സിമ്പിൾ ആണ് അപ്പുവിന്റെ അച്ഛൻ എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ സുരേഷ് കൃഷ്ണൻ. സിനിമാ സീറ്റിലും മറ്റും മറ്റെല്ലാവരെയും പോലെ തന്നെ ഉള്ള സൗകര്യങ്ങളിൽ കഴിയുന്ന മോഹൻലാലിനെക്കുറിച്ച് സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
"എല്ലാരും പറയാറുണ്ട്, അവനു ശാന്ത സ്വാഭാവമാണ്, ഒരു പാ വിരിച്ചു കൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ലാലേട്ടനെ അറിയാത്തതു കൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്. ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്. ഞാൻ പറഞ്ഞു തരാം, ഒരു വൃത്തികെട്ട ആഹാരം നമ്മൾ ഒരിടത്ത് ചെന്നിരുന്നു കഴിക്കുകയാണ്. ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ ഞാൻ പറയും, ഇത് കൊള്ളൂല്ല എന്ന്. പക്ഷേ ലാലേട്ടന്റെ അടുത്ത് ഈ ആഹാരം കൊടുത്താൽ പുള്ളി ചോദിക്കുന്നത്, കുറച്ചു കൂടെ തരുവോ, കുറച്ചൂടെ ഇടൂ എന്നൊക്കെയാണ്. അപ്പൊ നമുക്ക് തന്നെ ദേഷ്യം വരും."
"അതേപോലെ, ലൊക്കേഷനിൽ എവിടെയെങ്കിലും കിടന്നുറങ്ങണം എന്നുണ്ടെങ്കിൽ, ഇപ്പോഴല്ലേ കാരവൻ ഒക്കെ വന്നത്. ഇനി കാരവാൻ ഇല്ലെങ്കിൽ തന്നെ, ആ 'പുലിമുരുകന്റെ' ഒക്കെ ഷൂട്ടിംഗ് നടക്കുന്ന ഇടത്തൊക്കെ തന്നെ, ലാലേട്ടൻ ഒരു പാ വിരിച്ചിട്ടാണ് അവിടെയൊക്കെ കിടക്കുന്നത്. അത് പോലെ, 'അറബിയും ഒട്ടകവും' ഷൂട്ടിംഗ് നടന്നപ്പോൾ ചൂടത്ത്, മരുഭൂമിയിൽ, ചെറിയ ഒരു പാ വിരിച്ച് കെട്ടിയിട്ടുണ്ട്, അതിന്റെ അടിയിൽ പോയി ഇരിക്കും."
"ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്. ലാലേട്ടൻ അതിനേക്കാളും സിമ്പിളാ. അപ്പൊ ആ അച്ഛന് ഉണ്ടായ മകൻ വേറെ എങ്ങനെയിരിക്കും?" സുരേഷ് കൃഷ്ണൻ ചോദിക്കുന്നു.
മോഹൻലാലിന്റെ ബട്ടര്‍ഫ്ലൈസ് എന്ന സിനിമയിലൂടെയായിരുന്നു സുരേഷ്‍ കൃഷ്‍ണന്റെ തുടക്കം. രാജീവ് അഞ്ചലിന്റെയും പ്രിയദർശന്റെയുമൊക്കെ നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. 1997ല്‍ ഭാരതീയം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി. അച്ഛനെയാണ് എനിക്ക് ഇഷ്‍ടം, പതിനൊന്നില്‍ വ്യാഴം എന്നിവയാണ് സുരേഷ് കൃഷ്ണയുടെ മറ്റുചിത്രങ്ങൾ. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും സുരേഷ് കൃഷ്ണൻ എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.