scorecardresearch

Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ

Pennu Case Movie Review & Rating: വലിയ യുക്തികൾ തിരയുന്നതിന് പകരം സിനിമയിലെ തമാശകളെയും കഥാപാത്രങ്ങളെയും അതേപടി ആസ്വദിച്ചാൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല

Pennu Case Movie Review & Rating: വലിയ യുക്തികൾ തിരയുന്നതിന് പകരം സിനിമയിലെ തമാശകളെയും കഥാപാത്രങ്ങളെയും അതേപടി ആസ്വദിച്ചാൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pennu Case Review 1

Pennu Case Movie Review & Rating: പെണ്ണ് കേസ് റിവ്യൂ

Nikhila Vimal's Pennu Case Film Review & Rating: സൈക്കോ ത്രില്ലറുകളുടെയും ചോര ചിന്തുന്ന വയലൻസ് ചിത്രങ്ങളുടെയും അതിപ്രസരത്തിനിടയിൽ പ്രേക്ഷകർക്ക് ആശ്വാസം സമ്മാനിക്കുന്ന ചിത്രങ്ങളാണ് അടുത്തിടെ തിയേറ്ററുകളിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഒരു തണുത്ത കാറ്റുപോലെ എത്തിയ ചിത്രമായിരുന്നു 'സർവ്വം മായ'. ഇപ്പോഴിതാ, ഏറെക്കുറെ അതേ എനർജിയിൽ, പ്രേക്ഷകരെ രസിപ്പിക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെ എത്തിയ ഒരു ക്ലീൻ കോമഡി എന്റർടെയ്‌നറാണ് 'പെണ്ണ് കേസ്'. 

Advertisment

കേവലം ഭാവനയിൽ വിരിഞ്ഞ ഒരു കെട്ടുകഥയല്ല 'പെണ്ണ് കേസ്'. നമ്മൾ വാർത്തകളിൽ കണ്ടുമറന്ന ചില വിവാഹ തട്ടിപ്പുകളെ ആസ്പദമാക്കിയാണ് ഫെബിൻ സിദ്ധാർത്ഥ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കല്യാണത്തട്ടിപ്പ് നടത്തുന്ന ഒരു പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥയെങ്കിലും, അതിനെ അവതരിപ്പിച്ചിരിക്കുന്നത് അങ്ങേയറ്റം രസകരമായ രീതിയിലാണ്.

 Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

ഒരു കല്യാണം മുടക്കാൻ ഇറങ്ങിത്തിരിച്ച ഒരു സംഘം ആളുകളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വണ്ടി പിടിച്ചെത്തിയ 'കല്യാണം മുടക്കി'കളുടെ ലഹളയിൽ ആ കല്യാണവീട് നിമിഷനേരം കൊണ്ട് കലാപവീടായി മാറുന്നു. സംഭവം പൊലീസ് കേസാവുന്നു. എന്നാൽ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരുന്നത്; അവിടെ തല്ലുണ്ടാക്കാൻ വന്നവർ ആരുടെയെങ്കിലും ക്വട്ടേഷൻ ഏറ്റെടുത്ത് എത്തിയവരല്ല, മറിച്ച് പല കാലങ്ങളിലായി ഒരേ വധുവിനാൽ വഞ്ചിതരായ 'മുൻ ഭർത്താക്കന്മാരാണ്'!

അധികം കേട്ടുകേൾവിയില്ലാത്ത, വിചിത്രമായ ആ കേസ് പൊലീസുകാരെ ഒരേസമയം അമ്പരപ്പിക്കുകയും വലയ്ക്കുകയും ചെയ്യുന്നു. ഒരു പെൺകുട്ടിയ്ക്ക് തനിയെ എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുക?  സി ഐ  മനോജും സംഘവും ഈ വിചിത്രമായ കേസിലെ നൂലാമാലകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നതും, നായികയുടെ യഥാർത്ഥ ലക്ഷ്യം തേടിയുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. 
 
നിറയെ ദുരൂഹതകളുള്ള, പെട്ടെന്ന് പിടികിട്ടാത്ത കഥാപാത്രമായി നിഖില വിമൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മലയാളത്തിൽ ഇതുപോലെ ഒരു നായികാ കഥാപാത്രം മുൻപ് ഉണ്ടായിട്ടുണ്ടാവില്ല എന്നതു തന്നെയാണ് ആ കഥാപാത്രത്തെ സവിശേഷമാക്കുന്നത്.  ഹക്കിം ഷാജഹാൻ്റെ ആത്മാർത്ഥത ഏറെയുള്ള  പൊലീസ് വേഷവും പുതുമ സമ്മാനിക്കുന്നതായിരുന്നു.

അജു വർഗ്ഗീസ്, രമേഷ് പിഷാരടി, ഇർഷാദ് അലി, അഖിൽ കവലയൂർ, ഹരി പത്തനാപുരം എന്നിവർ വഞ്ചിതരായ ഭർത്താക്കന്മാരായി എത്തി മികച്ച ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചു. കൂടാതെ ശിവജിത്, പി.പി. കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ,  ശ്രീരേഖ , അനാർക്കലി നാസർ തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.

Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ

നവാഗതനായ ഫെബിൻ സിദ്ധാർത്ഥിന്റെ മേക്കിങ് ശൈലി ലളിതവും എന്നാൽ ഹൃദ്യവുമാണ്. ആദ്യ പകുതിയിൽ കഥയുടെ പശ്ചാത്തലം ഒരുക്കാൻ കുറച്ച് സമയമെടുക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിൽ ചിത്രം ഗിയർ മാറുന്നുണ്ട്. അവിടുന്നങ്ങോട്ട് ചിരിപ്പിച്ചു കൊണ്ടാണ് ചിത്രത്തിന്റെ മുന്നേറ്റം.  രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയിലെ തമാശകൾ സ്വാഭാവികമായി അനുഭവപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ വിജയം. വളരെ രസകരമായൊരു ക്ലൈമാക്സും കൂടി ചേരുമ്പോൾ നിറചിരിയോടെ പ്രേക്ഷകർക്ക് തിയേറ്റർ വിട്ട് ഇറങ്ങാനാവും. 

ചിത്രത്തിന്റെ അന്തരീക്ഷത്തിന് ഇണങ്ങുന്ന വിധത്തിലുള്ളതായിരുന്നു ഷിനോസിന്റെ മനോഹരമായ ദൃശ്യങ്ങൾ. അങ്കിത് മേനോന്റെ പശ്ചാത്തല സംഗീതവും ഷമീർ മുഹമ്മദിന്റെ ചിത്രസംയോജനവും സിനിമയെ കൂടുതൽ മികച്ചതാക്കി.  ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 

Also Read: മമ്മൂട്ടിയുടെ മകളായും അനിയത്തിയായും ഭാര്യയായും അഭിനയിച്ച നടിയാണ്; ഓർമയുണ്ടോ ഈ ആളെ?

കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം തിയേറ്ററിൽ പോയി ചിരിച്ചു കണ്ടിരിക്കാവുന്ന രസകരമായ ചിത്രമാണ് 'പെണ്ണ് കേസ്'. വലിയ യുക്തികൾ തിരയുന്നതിന് പകരം സിനിമയിലെ തമാശകളെയും കഥാപാത്രങ്ങളെയും അതേപടി ആസ്വദിച്ചാൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല. ചിരിയുണർത്തുന്ന ഒട്ടനവധി മുഹൂർത്തങ്ങളുമായി രണ്ടു മണിക്കൂറോളം നീളുന്ന ഒരു 'ഫൺ റൈഡ്' തന്നെയാണ് 'പെണ്ണ് കേസ്'.

Also Read: കാജോളിനോടൊപ്പമുള്ള ചിത്രവുമായി മകൾ; ഇതിപ്പോ സിസ്റ്റേഴ്സിനെ പോലുണ്ടെന്ന് ആരാധകർ

Film Review Nikhila Vimal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: