‘ഹരെദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരയ്ക്കെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്​കാസ്റ്റിങ് കൗൺസിലിനോട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 10 വയസ്സുകാരനായ ബാലൻ 18 വയസ്സുകാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായി പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

പെറ്റീഷൻ ഓൺ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്​കാസ്റ്റിങ് കോർപ്പറേഷന്റെ വെബ്സൈറ്റിലാണ് സീരിയലിനെതിരെ പരാതികൾ ഉയര്‍ന്നത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയിൽ ഒപ്പിട്ടത്.

18 വയസ്സായ പെൺകുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മിൽ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലിൽ കാണിച്ചത്. എന്നാൽ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് പറയുന്നത്. തങ്ങൾ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് ‘പുരോഗമന’ ആശയമാണെന്നും നടി വാദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook