നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. അച്ഛനുമമ്മയും മാത്രമല്ല, മകൾ നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പേളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ, നിലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പേളി. മൊട്ടയടിച്ച നിലയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ആദ്യകാഴ്ചയിൽ ഒരു കുട്ടി ലാമയെ ഓർമ്മിപ്പിക്കുന്നുണ്ട് നിലയുടെ ലുക്ക്.
‘റെമ്പോച്ച തിരികെയെത്തി’ എന്നാണ് നടിയും അവതാരകയുമായ ശിൽപ്പ ബാല ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്. ‘യോദ്ധ’യിലെ കുട്ടിത്താരത്തെ ഓർമ്മിപ്പിക്കുന്നുണ്ട് നിലയെന്നും കമന്റുകളുണ്ട്.
കഴിഞ്ഞ മാർച്ചിലായിരുന്നു നിലയുടെ ഒന്നാം ജന്മദിനം, വെല്ലിംഗ്ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.