മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോൾ തന്റെ സഹോദരി റേച്ചലിനൊപ്പമുള്ള മകളുടെ ചിത്രമാണ് പേളി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളത്.
ചിത്രത്തിനൊപ്പം റേച്ചലിനെയും മകൾ നിലായെയും കുറിച്ചുള്ള ഒരു കുറിപ്പും പേളി പങ്കുവയ്ക്കുന്നു.
“നിലായ്ക്ക് രണ്ട് അമ്മകളുണ്ട് … റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു … അവൾ എന്റെ മുഖത്ത് നിന്ന് വായിക്കുന്ന കാര്യങ്ങൾ … ഞാൻ അസ്വസ്ഥയാകുമ്പോൾ അവൾക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം … നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് … അവൾ ശാന്തതയോടും സന്തോഷത്തോടും കൂടെ നോക്കുന്നു … റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല, പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു … നിലാ ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് … എനിക്ക് ഉറപ്പുണ്ട് മേമയുടെ കൊച്ചു പെൺകുട്ടിയായി നിലാവളരുമെന്ന് ….” പേളി കുറിച്ചു.
കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. മകൾക്ക് 28 ദിവസം പൂർത്തിയായതിന്റെ ചടങ്ങിൽനിന്നുളള ചിത്രം പങ്കു വച്ചു കൊണ്ട്, തന്റെ പൊന്നോമനയുടെ പേര് ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു പേളി മാണി.
ശ്രീനിഷിനും മകൾക്കുമൊപ്പമുളള ചിത്രമാണ് പേളി ഷെയർ ചെയ്തത്. ”അവൾ വന്നിട്ട് 28 ദിവസമായി. അവൾ ഞങ്ങളുടെ ജീവിതം സന്തോഷവും നിറഞ്ഞതും സുന്ദരവുമാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു,” ചിത്രത്തിനൊപ്പം പേളി കുറിച്ചു. നില ശ്രീനിഷ് എന്നാണ് കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. എന്തുകൊണ്ടാണ് മകൾക്ക് നില എന്ന പേര് നൽകാനുളള കാരണവും പേളി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.
”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.”
മകൾക്ക് പത്ത് ദിവസം തികഞ്ഞ ദിവസം മനോഹരമായൊരു ചിത്രം പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നു. “ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്, അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു. ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു തോന്നൽ നിലനിൽക്കുന്നു, “ദൈവത്തിന് നന്ദി, ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി,” എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കുവച്ചത്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.