95ാം ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ദി എലിഫന്റ് വിസ്പറേഴ്സും ആർ ആര്‍ ആറിലെ ‘നാട്ടു നാട്ടു…’ ഗാനവും പുരസ്‌കാര നേട്ടത്തിലെത്തിയത് ഇന്ത്യക്ക് അഭിമാന നിമിഷമായി. ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലായിരുന്നു പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.
നാട്ടു നാട്ടു ന്റെ സംഗീത സംവിധായകനായ കീരവാണിയെയും ദി എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനെയും അഭിനന്ദിച്ച് അനവധി താരങ്ങൾ പോസ്റ്റ് പങ്കുവച്ചു. സോഷ്യൽ മീഡിയ താരവും നടിയുമായ പേളി മാണി പങ്കുവച്ച പോസ്റ്റിനു താഴെ വന്ന കമന്റുകളും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രാജമൗലിയ്ക്കും അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പേളി പങ്കുവച്ചത്. “ഇതു വളരെ വലിയ അംഗീകാരമാണ്, ആശംസകൾ ടീം ആർആർആർ” എന്നാണ് പേളി ചിത്രത്തിനു താഴെ കുറിച്ചത്. താരം പോസ്റ്റ് പങ്കുവച്ചതിനു ശേഷം ചിത്രത്തിനു താഴെ ഒരു കമന്റ് യുദ്ധം ആരംഭിച്ചു.

എഡിറ്റിങ്ങ് എന്തായാലും കൊള്ളാം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു മറുപടിയായി പേളി അവർക്കൊപ്പം ഒരു അഭിമുഖം ചെയ്തിട്ടുണ്ട്, അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം എന്നായി ആരാധികയുടെ കമന്റ്. പിന്നീട് ഇരുവരും തമ്മിൽ ഇതിനെ പറ്റിയുള്ള വാക്കു തർക്കമായി. ഒടുവിൽ പേളി തന്നെ ഇതിനു മറുപടിയുമായെത്തി. നിങ്ങൾ തമ്മിലുള്ള യുദ്ധം ഞാൻ കണ്ടു എന്തായാലും അതു വളരെ നല്ല രീതിയിൽ അവസാനിച്ചതിൽ സന്തോഷം എന്നായിരുന്നു താരത്തിന്റെ കമന്റ്.
പേളിയുടെ യൂട്യൂബ് ചാനലിലെ പേളി മാണി ഷോ എന്ന പരിപാടിയിലാണ് ആർആർആർ ടീമെത്തിയത്. ചിത്രത്തിന്റെ റിലീസ് സമയത്തായിരുന്നു ഇവർക്കൊപ്പമുള്ള പേളിയുടെ അഭിമുഖം. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, നിവിൻ പോളി, കീർത്തി സുരേഷ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളും പേളി മാണി ഷോയിലെത്തിയിട്ടുണ്ട്.